

തൃപ്പൂണിത്തുറ: തദ്ദേശ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ മുന്നേറ്റം നടത്തിയ തൃപ്പൂണിത്തറ മുന്‍സിപ്പാലിറ്റിയില്‍ ഒരേ പേരുള്ള ബന്ധുക്കള്‍ ഏറ്റുമുട്ടിയപ്പോള്‍ ജനവിധി എന്‍ഡിഎയ്‌ക്കൊപ്പം. തൃപ്പൂണിത്തുറ മുന്‍സിപ്പാലിറ്റിയിലെ അമ്പലം വാര്‍ഡിലാണ് ബിജെപി സ്ഥാനാര്‍ത്ഥിയായ രാധിക വര്‍മ്മ ടീച്ചര്‍ വിജയിച്ചത്. 551 വോട്ടുകളാണ് ബിജെപി സ്ഥാനാര്‍ത്ഥി നേടിയത്. ടീച്ചറിന്റെ ബന്ധുവായ രാധിക വര്‍മ്മ എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായിരുന്നു. ഇവര്‍ 238 വോട്ടാണ് നേടിയത്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ ദേവിപ്രിയ ഉണ്ണികൃഷ്ണന്‍ നേടിയത് 52 വോട്ടുകളാണ്. രണ്ടുതവണ സിറ്റിങ് കൗണ്‍സിലറായിരുന്നു ബിജെപി സ്ഥാനാര്‍ത്ഥി.
1946 മുതൽ 1948വരെ കൊച്ചി രാജ്യം ഭരിച്ചിരുന്ന ഐക്യ കേരള വർമ്മയുടെ സുരക്ഷാ ഉദ്യോഗസ്ഥനായിരുന്ന ക്യാപ്റ്റൻ കേരള വർമ്മയുടെ മകളാണ് രാധിക വർമ്മ ടീച്ചർ. കമ്മ്യൂണിസ്റ്റ് ബന്ധം ആരോപിച്ച് ബ്രിട്ടീഷ് സൈന്യത്തിൽ നിന്നും പുറത്താക്കിയ ഉദ്യോഗസ്ഥൻ കൂടിയാണ് ക്യാപ്റ്റൻ കേരള വർമ്മ. ബ്രിട്ടീഷ് സൈന്യത്തിൻ്റെ മദ്രാസ് റെജിമെൻ്റിലെ ഉദ്യോഗസ്ഥനായിരുന്നു കേരള വർമ്മ. പിന്നീട് അദ്ദേഹം കൊച്ചി രാജാവിൻ്റെ സുരക്ഷാ ഉദ്യോഗസ്ഥനായി നിയമിതനാവുകയായിരുന്നു. പിന്നീട് അഭിപ്രായ ഭിന്നതയെ തുടർന്ന് കമ്മ്യൂണിസ്റ്റ് പാർട്ടിയുമായുള്ള ബന്ധം ക്യാപ്റ്റൻ കേരള വർമ്മ ഉപേക്ഷിച്ചിരുന്നു. ചിന്മായ വിദ്യാലയത്തിൻ്റെ പ്രധാന അധ്യാപികയായി സേവനം അനുഷ്ഠിച്ചിട്ടുള്ള കെ രാധിക വർമ്മ 2015, 2020 വർഷങ്ങളിൽ അമ്പലം വാർഡിൽ നിന്ന് ബിജെപി സ്ഥാനാർത്ഥിയായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. നിലവിൽ ബിജെപിയുടെ സംസ്ഥാന കൗൺസിൽ അംഗമാണ് കെ രാധിക വർമ്മ.
തൃപ്പൂണിത്തുറ കഥകളി കേന്ദ്രത്തിൻ്റെ വനിതാ വിഭാഗത്തിൻ്റെ പ്രസിഡൻ്റ് രാധിക വർമ്മയെയാണ് സിപിഐഎം രംഗത്തിറക്കിയത്. തൃപ്പൂണിത്തുറയിലെ അറിയപ്പെടുന്ന കമ്മ്യൂണിസ്റ്റ് നേതാവ് കെ റ്റി രാമവർമ്മയുടെ മകളാണ് കഥകളി കലാകാരി കൂടിയായ രാധിക വർമ്മ. സ്വതന്ത്ര സ്ഥാനാർത്ഥിയായാണ് സിപിഐഎം രാധിക വർമ്മയെ ഇവിടെ രംഗത്തിറക്കിയത്. 2017ൽ സ്ത്രീ ശാക്തീകരണത്തിൻ്റെ ഭാഗമായുള്ള നാരീ ശക്തി പുരസ്കാരം അന്നത്തെ രാഷ്ട്രപതി പ്രണബ് കുമാർ മുഖർജിയിൽ നിന്നും രാധിക വർമ്മ ഏറ്റുവാങ്ങിയിരുന്നു.
Content Highlights: Candidates with Same name competed from Ambalam ward of Thrippunithura Municipality, BJP won