തിരികെ വരും, വിജയം നേടും തീർച്ച; കാരണം ജനപക്ഷ രാഷ്ട്രീയം ആത്യന്തികമായി ജയിച്ചേ തീരൂ: എം സ്വരാജ്

തദ്ദേശ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് മികച്ച വിജയം അർഹിച്ചിരുന്നുവെന്നും സ്വരാജ് പറഞ്ഞു

തിരികെ വരും, വിജയം നേടും തീർച്ച; കാരണം ജനപക്ഷ രാഷ്ട്രീയം ആത്യന്തികമായി ജയിച്ചേ തീരൂ: എം സ്വരാജ്
dot image

കൊച്ചി: തദ്ദേശ തെരഞ്ഞെടുപ്പിലെ ജനവിധി മറിച്ചായത് എന്തുകൊണ്ടാണെന്ന് പരിശോധിക്കുമെന്ന് എം സ്വരാജ്. ജനങ്ങളിൽ നിന്നും പഠിക്കുമെന്നും തിരുത്തേണ്ടത് തിരുത്തി ജനങ്ങളെ ബോധ്യപ്പെടുത്തേണ്ടത് ബോധ്യപ്പെടുത്തുമെന്നും എം സ്വരാജ് ഫേസ്ബുക്കിൽ കുറിച്ചു.

തദ്ദേശ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് മികച്ച വിജയം അർഹിച്ചിരുന്നുവെന്നും സ്വരാജ് പറഞ്ഞു. ജനങ്ങളുടെ ക്ഷേമവും നാടിൻ്റെ വികസനവും എല്ലാ തെരഞ്ഞെടുപ്പിലും മുഖ്യപരിഗണനാ വിഷയങ്ങളായിക്കൊള്ളണമെന്നില്ല. ഏതേതു കാര്യങ്ങളെ അടിസ്ഥാനമാക്കിയാണ് വോട്ടു ചെയ്യേണ്ടതെന്ന് ആത്യന്തികമായി തീരുമാനിക്കുന്നത് ജനങ്ങൾ തന്നെയാണ്. എന്നാൽ നാടിൻ്റെ വികസനവും ജനങ്ങളുടെ ക്ഷേമവും ഒരു തെരഞ്ഞെടുപ്പിൽ മുഖ്യപരിഗണനാ വിഷയമായില്ല എന്ന് കരുതി അതൊന്നും ഉപേക്ഷിക്കാനാവില്ലെന്നും സ്വരാജ് പറഞ്ഞു.

സ്വരാജിന്റെ ഫേസ്ബുക്ക് പോസ്റ്റ് പൂർണരൂപം

തദ്ദേശ തെരഞ്ഞെടുപ്പിലെ എൽഡിഎഫിൻ്റെ പരാജയം പ്രതീക്ഷിച്ചതല്ല. മികച്ച വിജയം എൽഡിഎഫ് അർഹിച്ചിരുന്നു. എന്നാൽ ജനവിധി മറിച്ചാണുണ്ടായത്. ജനങ്ങളുടെ ക്ഷേമവും നാടിൻ്റെ വികസനവും എല്ലാ തെരഞ്ഞെടുപ്പിലും മുഖ്യപരിഗണനാ വിഷയങ്ങളായിക്കൊള്ളണമെന്നില്ല. ഏതേതു കാര്യങ്ങളെ അടിസ്ഥാനമാക്കിയാണ് വോട്ടു ചെയ്യേണ്ടതെന്ന് ആത്യന്തികമായി തീരുമാനിക്കുന്നത് ജനങ്ങൾ തന്നെയാണ്.

ജനവിധി അംഗീകരിക്കുന്നു. എന്നാൽ നാടിൻ്റെ വികസനവും ജനങ്ങളുടെ ക്ഷേമവും ഒരു തെരഞ്ഞെടുപ്പിൽ മുഖ്യപരിഗണനാ വിഷയമായില്ല എന്നു കരുതി അതൊന്നും ഉപേക്ഷിക്കാനാവില്ല. പവർകട്ടും ലോഡ് ഷെഡിങ്ങും കേരളത്തെ ഇരുട്ടിലാക്കിയ യുഡിഎഫ് കാലം തിരികെ വരണമെന്നാണ് ഈ ജനവിധിയെന്ന് വാദിക്കുന്നവരുണ്ട്. പരീക്ഷക്കാലത്തും പാഠപുസ്തകമെത്താത്ത യുഡിഎഫ് കാലം തിരിച്ചുവരാനാണ് ജനങ്ങൾ ആഗ്രഹിക്കുന്നതെന്ന് തർക്കിക്കുന്നവരുണ്ട്. ക്ഷേമപെൻഷൻ കിട്ടാത്ത യു ഡി എഫ് കാലത്തിനായാണ് ജനങ്ങൾ ദാഹിക്കുന്നതെന്ന് വ്യാഖ്യാനിക്കുന്നവരുമുണ്ട്.

ഞങ്ങൾ അങ്ങനെ കണക്കാക്കുന്നില്ല. എൽഡിഎഫ് ഭരണത്തിൻ്റെ ഭാഗമായി നാട്ടിലുണ്ടായ നല്ല മാറ്റങ്ങൾ ജനങ്ങൾ സ്വീകരിച്ചതാണ്. അതൊന്നും തിരുത്തേണ്ടതല്ല. എന്നിട്ടും തദ്ദേശവിധി മറിച്ചായത് എന്തുകൊണ്ടാണെന്ന് പരിശോധിക്കും. ജനങ്ങളിൽ നിന്നും പഠിക്കും. തിരുത്തേണ്ടത് തിരുത്തും. ജനങ്ങളെ ബോധ്യപ്പെടുത്തേണ്ടത് ബോധ്യപ്പെടുത്തും.

ഇതിന് മുമ്പ് തദ്ദേശ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് പരാജയപ്പെട്ടത് 2010ലായിരുന്നു. അന്നത്തെ പരാജയം ഇന്നത്തെ തിരിച്ചടിയേക്കാൾ ഏറെ കടുത്തതായിരുന്നു. ആ തെരഞ്ഞെടുപ്പിന്റെ അനുഭവങ്ങളിൽ നിന്നും പാഠം ഉൾക്കൊണ്ടാണ് പിന്നീട് മഹാവിജയത്തിലേക്ക് എൽഡിഎഫ് നടന്നുകയറിയത്. ഏതെങ്കിലും ഒരു പരാജയം ചരിത്രത്തിന്റെ അവസാനമല്ല. തിരികെ വരും. വിജയം നേടും തീർച്ച. കാരണം, ജനപക്ഷ രാഷ്ട്രീയം ആത്യന്തികമായി ജയിച്ചേ തീരൂ.

2026ലെ നിയമസഭാ തെരഞ്ഞെടുപ്പിൻ്റെ കർട്ടൻ റെയ്സറായി കണക്കാക്കപ്പെട്ട തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫിനായിരുന്നു മേൽക്കൈ. സംസ്ഥാനത്ത് ഗ്രാമ-ബ്ലോക്ക്-ജില്ലാ പഞ്ചായത്തുകളിലും മുൻസിപ്പാലിറ്റിയിലും കോർപ്പറേഷനുകളിലും യുഡിഎഫ് വലിയ മുന്നേറ്റമാണ് നടത്തിയിരിക്കുന്നത്. ആകെയുള്ള 941 ഗ്രാമപഞ്ചായത്തുകളിൽ 505 ഇടത്താണ് യുഡിഎഫ് മുന്നേറ്റം. 340 ഗ്രാമപഞ്ചായത്തുകളിലാണ് എൽഡിഎഫിന് മുന്നേറ്റം നടത്താനായത്.

26 ഗ്രാമ പഞ്ചായത്തുകളിൽ ബിജെപിയും ശക്തി തെളിയിച്ചു. ആകെയുള്ള 86 മുൻസിപ്പാലിറ്റികളിൽ 54 ഇടത്ത് യുഡിഎഫും 28 ഇടത്ത് എൽഡിഎഫുമാണ് നേട്ടമുണ്ടാക്കിയത്. രണ്ട് മുൻസിപ്പാലിറ്റികളിൽ ബിജെപി നേട്ടമുണ്ടാക്കി. ആകെയുള്ള ആറ് കോർപ്പറേഷനുകളിൽ നാലിടത്ത് യുഡിഎഫും ഒരിടത്ത് എൽഡിഎഫും ഒരിടത്ത് എൻഡിഎയുമാണ് നേട്ടമുണ്ടാക്കിയത്. ബോക്ക് പഞ്ചായത്തിലും യുഡിഎഫ് തന്നെയാണ് നേട്ടമുണ്ടാക്കിയത്. ആകെയുള്ള 152 ബ്ലോക്ക് പഞ്ചായത്തുകളിൽ യുഡിഎഫ് 78, എൽഡിഎഫ് 64 എന്നിങ്ങനെയാണ് മുന്നേറ്റം ഉണ്ടാക്കിയിരിക്കുന്നത്. ജില്ലാ പഞ്ചായത്തുകളിൽ ഏഴ് വീതം നേടി ഇരുമുന്നണികളും ഒപ്പത്തിനൊപ്പമാണ്.

dot image
To advertise here,contact us
dot image