

അമരാവതി: ഇന്ത്യൻ ഭരണഘടനയും ഭഗവദ് ഗീതയും ഒന്നാണെന്ന വിവാദ പരാമർശവുമായി ജനസേന പാർട്ടി അധ്യക്ഷനും ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രിയുമായ പവൻ കല്യാൺ. കർണാടകയിലെ ഉഡുപ്പിയിലുള്ള ശ്രീകൃഷ്ണ മഠത്തിൽ വെച്ച് നടന്ന ഗീതോത്സവ പരിപാടിയിൽ സംസാരിക്കവെയാണ്, പവൻ കല്യാൺ ഭഗവദ്ഗീതയെ 'യഥാർത്ഥ കൈയെഴുത്ത് ഭരണഘടന' എന്ന് വിശേഷിപ്പിച്ചത്.
'ചിലർ ധർമ്മവും ഭരണഘടനയും വ്യത്യസ്ത ലോകങ്ങളുടേതാണെന്ന് കരുതുന്നു, പക്ഷേ അത് അങ്ങനെയല്ല. ധർമ്മം ഒരു ധാർമ്മിക കോമ്പസാണ്, ഭരണഘടന ഒരു നിയമപരമായ കോമ്പസാണ്. രണ്ടും നീതിയുക്തവും സമാധാനപരവും കാരുണ്യപൂർണ്ണവുമായ ഒരു സമൂഹത്തെയാണ് ലക്ഷ്യമിടുന്നത്,' എന്നാണ് പവൻ കല്യാൺ പറഞ്ഞിരുന്നത്. ഇതിനെതിരെ നിരവധി പേരാണ് വിമർശനവുമായി രംഗത്തെത്തിയത്.
ഭരണഘടന മനസ്സിലാക്കാത്ത സെലിബ്രിറ്റികൾ ഇത്തരം പ്രസ്താവനകൾ നടത്തുന്നുവെന്ന് പറഞ്ഞുകൊണ്ട് മുതിർന്ന കോൺഗ്രസ് നേതാവ് ബി കെ ഹരിപ്രസാദ് പവൻ കല്യാണിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. 'ഭരണഘടന മതേതരമാണ്; അതിൽ ധർമ്മത്തിനല്ല സ്ഥാനം' എന്ന് ബി കെ ഹരിപ്രസാദ് പറഞ്ഞു. കര്‍ണാടക മന്ത്രി പ്രിയങ്ക് ഖാര്‍ഗെയും പവന്‍ കല്യാണിനെ വിമര്‍ശിച്ചു. നിയമത്തേയും ധര്‍മത്തേയും കുറിച്ച് അദ്ദേഹത്തിന് ധാരണയില്ലെന്നും ഭരണഘടനയ്ക്കും ധര്‍മത്തിനും ഒന്നാകാന്‍ കഴിയില്ലെന്നും ഖാര്‍ഗെ പറഞ്ഞു.
Content Highlights: Pawan Kalyan's remark sparks controversy