

ഉയരങ്ങളിൽ തലയുയർത്തി നിൽക്കുന്ന പർവതങ്ങൾ, ഭൂമിയുടെ സൗന്ദര്യവും ശക്തിയും ഒളിപ്പിച്ചുവെച്ച നിത്യ വിസ്മയങ്ങളാണ്. ലോകത്തെ പർവത സമ്പന്നമായ രാജ്യങ്ങൾ ഏതൊക്കെയാണെന്ന് അറിയാമോ?

ഭൂട്ടാൻ
ഒരു രാജ്യത്തിന്റെ മൊത്തം ഭൂമിയുടെ എത്ര ശതമാനം പർവതമേഖലയാണ് എന്ന കണക്കെടുപ്പിൽ ലോകത്ത് ഒന്നാം സ്ഥാനം ഭൂട്ടാനാണ്. ഇന്ത്യയുടെ അയൽരാജ്യമായ ഭൂട്ടാന്റെ 98.8 ശതമാനം പ്രദേശവും മലനിരകളാണ്. സമുദ്രനിരപ്പിൽ നിന്ന് ശരാശരി 10,760 അടി (3,280 മീറ്റർ) ഉയരമുള്ള ഭൂട്ടാൻ ശരാശരി ഉയരത്തിന്റെ കാര്യത്തിലും മുന്നിലാണ്. 24, 839 അടിയുള്ള ഗംഖർ പ്യൂൺസം ആണ് ഏറ്റവും ഉയരമുള്ള കൊടുമുടി.

നേപ്പാൾ
എവറസ്റ്റ്, കാഞ്ചന്‍ജംഗ, ലോറ്റ്‌സെ തുടങ്ങി ലോകത്തെ പത്ത് കൊടുമുടികളിൽ എട്ട് എണ്ണവും നോപ്പാളിലാണ് സ്ഥിതിചെയ്യുന്നത്. അതിനാൽ തന്നെ ഏറ്റവും ഉയരം കൂടിയ കൊടുമുടികൾ ഉള്ള രാജ്യമെന്ന നിലയിൽ നേപ്പാളാണ് മുന്നിൽ. എന്നാലും ശരാശരി ഉയരം ഭൂട്ടാനുമായി താരതമ്യം ചെയ്യുമ്പോൾ നേപ്പാൾ തൊട്ടുതാഴെയാണ്. നേപ്പാളിന്റെ ശരാശരി ഉയരം 10,715 അടിയാണ്.

താജിക്കിസ്ഥാൻ
മധ്യേഷ്യയിൽ സ്ഥിതി ചെയ്യുന്ന താജിക്കിസ്ഥാന്റെ 91.9% പ്രദേശവും പർവതങ്ങളാണ്. 24,590 അടി നീളമുള്ള മേനി ഇസ്മെയിൽ സമാനി ആണ് താജിക്കിസ്ഥാനിലെ ഏറ്റവും വലിയ കൊടുമുടി. ഏഷ്യയിലെ തന്നെ ഏറ്റവും കൂടുതൽ ഭൂകമ്പ സാധ്യതയുള്ള പ്രദേശങ്ങളും താജിക്കിസ്ഥാനിലാണ്.

കിർഗിസ്ഥാൻ
ശരാശരി ഉയരം 9,805 അടി ഉയരത്തിലുള്ള കിർഗിസ്‌ഥാനാണ് നാലാമൻ. രാജ്യത്തിന്റെ 90.7 ശതമാനം പ്രദേശവും മലനിരകളാണ്. പല രാജ്യങ്ങളിലായി വ്യാപിച്ചു കിടക്കുന്ന ടിയാൻ ഷാൻ പർവത നിരയിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയായ ജെങ്കിഷ് ചോകുസു(24,406 അടി) കിർഗിസ്‌ഥാനിലാണ്.

ലെസോതോ
ആഫ്രിക്കയിൽ നിന്നുള്ള ഈ രാജ്യം പട്ടികയിലെ മറ്റൊരു അത്ഭുതമാണ്. പൂർണ്ണമായും 1,000 മീറ്ററിന് (3,280 അടി) മുകളിൽ സ്ഥിതിചെയ്യുന്ന ലോകത്തിലെ ഒരേയൊരു രാജ്യമാണിത്. 90.5 ശതമാനം പർവതങ്ങളുള്ള ലെസോതോ, ആഫ്രിക്കയിലെ ഏറ്റവും ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന രാജ്യമായി കണക്കാക്കപ്പെടുന്നു.

Content Highlights: mountain countries in the world