

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി അല്‍പ്പസമയത്തിനകം വിധി പറയും. ആറ് വർഷം നീണ്ട വിചാരണയ്ക്ക് ഒടുവിലാണ് കേരളത്തെ നടുക്കിയ കേസില്‍ വിധി പറയുന്നത്. പള്‍സർ സുനി ഒന്നാം പ്രതിയായ കേസില്‍ ദിലീപാണ് എട്ടാം പ്രതി. കാവ്യയുമായുള്ള ബന്ധം അതിജീവിത മഞ്ജു വാര്യറെ അറിയിച്ച വൈരാഗ്യത്തെ തുടർന്ന് ദിലീപ് പള്‍സർ സുനിക്ക് ക്വട്ടേഷന്‍ നല്‍കുകയായിരുന്നുവെന്നാണ് പ്രോസിക്യൂഷന്‍ വാദം.
ആകെ പത്ത് പ്രതികള്‍
പള്‍സര്‍ സുനി എന്ന സുനില്‍ എന്‍ എസ് ആണ് കേസിലെ ഒന്നാം പ്രതി. നേരത്തെയും സമാന രൂപത്തിലുള്ള കൃത്യം നിർവ്വഹിച്ചിട്ടുള്ള പ്രതി സിനിമ മേഖലയിലെ പ്രമുഖരുടെ ഡ്രൈവറായിരുന്നു. ആക്രമിക്കപ്പെട്ട നടിയുടെ വാഹനമോടിച്ചിരുന്ന മാർട്ടിന്‍ ആന്റണിയാണ് രണ്ടാംപ്രതി. ബി മണികണ്ഠന്‍, വിപി വിജീഷ്, വടിവാള്‍ സലീം എന്ന എച്ച് സലീം, പ്രദീപ്, ചാർലി തോമസ്, ദിലീപ്, സനില്‍കുമാർ, ശരത് ജി നായർ തുടങ്ങിയവരാണ് കേസിലെ മറ്റ് പ്രതികള്‍
കുറ്റങ്ങള്‍
ക്രിമിനൽ ഗൂഢാലോചന, അന്യായതടങ്കൽ, സ്ത്രീത്വത്തെ അപമാനിക്കൽ, ആക്രമണം, കൂട്ടബലാത്സംഗം, ഭീഷണിപ്പെടുത്തൽ, തെളിവുനശിപ്പിക്കൽ, തട്ടിക്കൊണ്ടുപോകല്‍, പ്രേരണക്കുറ്റം, പൊതു ഉദ്ദേശ്യത്തോടെ കുറ്റകൃത്യം, ഐടി നിയമപ്രകാരം സ്വകാര്യ-ചിത്രമോ ദൃശ്യമോ പകർത്തുകയോ പ്രചരിപ്പിക്കുകയോ ചെയ്യല്‍ എന്നീ കുറ്റങ്ങളാണ് ഒന്നുമുതൽ ആറുവരെ പ്രതികൾക്കും എട്ടാം പ്രതി ദിലീപിനുമെതിരെ ചുമത്തിയിരിക്കുന്നത്. ഏഴാംപ്രതി ചാർലി തോമസിനെതിരെ പ്രതിയെ ഒളിപ്പിച്ചതിനും രക്ഷപെടാൻ സഹായിച്ചതിനുമുള്ള കുറ്റം. സനില്‍കുമാറിനെതിരെ ക്രിമിനല്‍ ഗൂഢാലോചന, പ്രേരണാക്കുറ്റം, ഭീഷണിപ്പെടുത്തൽ എന്നീ കുറ്റങ്ങളും ശത്തിനെതിരെ തെളിവ് നശിപ്പിക്കല്‍ കുറ്റവുമായി ചുമത്തിയിരിക്കുന്നത്.
എന്താകും ശിക്ഷ
ഒന്നുമുതല്‍ ആറ് വരേയുള്ള പ്രതികള്‍ക്കും ദിലീപിനും എതിരായ എല്ലാ കുറ്റങ്ങളും തെളിയിക്കാന്‍ കഴിഞ്ഞാല്‍ കുറഞ്ഞത് പത്ത് വർഷത്തേക്ക് എങ്കിലും ശിക്ഷ വിധിച്ചേക്കാമെന്നാണ് നിയമവിദഗ്ധർ പറയുന്നത്. ചിലപ്പോള്‍ പരമാവധി ശിക്ഷയായി 20 വർഷം വരെ ശിക്ഷ നീണ്ടേക്കാം. ഏതൊക്കെ കുറ്റങ്ങള്‍ തെളിയിക്കപ്പെടുന്നു എന്നതിന്‍റെ അടിസ്ഥാനത്തിലായിരിക്കും ശിക്ഷ വിധിക്കുക. കുറ്റം തെളിയിക്കാന്‍ സാധിച്ചില്ലെങ്കില്‍ പ്രതികളെ വെറുതെ വിടുകയും ചെയ്യും.
വിചാരണ തടവുകാരനായി ഏകദേശം ഏഴ് വർഷത്തോളം ജയിലില്‍ കിടന്ന പ്രതിയാണ് പള്‍സർ സുനി. എത്ര വർഷത്തേക്ക് ശിക്ഷിക്കപ്പെട്ടാലും ഈ ഏഴ് വർഷം കുറച്ചുള്ള കലയളവായിരിക്കും ഒന്നാം പ്രതി ജയിലില്‍ കിടക്കേണ്ടി വരിക. വിചാരണക്കോടതിയില്‍ ശിക്ഷിക്കപ്പെട്ടാല്‍ പ്രതികളും വെറുതെവിട്ടാല്‍ അതിജീവിതയും മേല്‍ക്കോടതികളെ സമീപിക്കും. അതിനാല്‍ തന്നെ നടി ആക്രമിക്കപ്പെട്ട കേസിലെ നിയമ നടപടികള്‍ വരും കാലയളവിലും തുടരും.