

നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപ് കുറ്റവിമുക്തനായതിനെ പിന്നാലെ കേസില്‍ വിധി പറഞ്ഞ ജഡ്ജ് ഹണി എം വര്‍ഗീസ് വീണ്ടും ചര്‍ച്ചയിലെത്തിയിരിക്കുകയാണ്. കേസിന്റെ വിവിധ ഘട്ടങ്ങളില്‍ ജഡ്ജ് ഹണി എം വര്‍ഗീസിനെതിരെ അതിജീവിത രംഗത്തുവന്നിരുന്നു. ഇപ്പോള്‍ പ്രോസിക്യൂഷന് ദിലീപിനെതിരെയുള്ള ഗൂഢാലോചന തെളിയിക്കാനായില്ലെന്ന വിധി കൂടി വന്നതോടെ ഹണി എം വര്‍ഗീസിനെതിരെയുള്ള വിവിധ ആരോപണങ്ങള്‍ സജീവമാവുകയാണ്.
കോടതിയിലെ വിചാരണ വേളയിലെ ജഡ്ജിയുടെ ഇടപെടലുകള്‍ തന്നെ വീണ്ടും ട്രോമയിലാക്കും വിധമാണെന്നും അതുകൊണ്ട് വിചാരണ മറ്റൊരു ജഡ്ജിന്റെ കീഴിലേക്ക് മാറ്റണമെന്നുമായിരുന്നു അതിജീവിത പല തവണ ആവശ്യപ്പെട്ടത്. ഹൈക്കോടതിയ്ക്കും സുപ്രീം കോടതിയ്ക്കും അവര്‍ ഹരജി നല്‍കി. സര്‍ക്കാരും ഒരു എന്‍ജിഒയും സമാനമായ ഹരജികളുമായെത്തി. പക്ഷെ ഒന്നിലും അനുകൂല നടപടിയുണ്ടായില്ല.
ജഡ്ജിയുടെ നടപടികളില്‍ വിമര്‍ശനം ഉന്നയിച്ചുകൊണ്ടാണ് രണ്ട് പബ്ലിക് പ്രോസിക്യൂട്ടര്‍മാര്‍ കേസില്‍ നിന്നും പിന്മാറിയത്. അതിജീവിതയുടെ വിശ്വാസ്യത തകര്‍ക്കും വിധമായിരുന്നു ജഡ്ജിന്റെ ചോദ്യങ്ങളെന്ന് പ്രോസിക്യൂഷനും ആരോപിച്ചിരുന്നു. പൊലീസിന് നല്‍കിയ മൊഴി കോടതിയില്‍ മാറ്റിപ്പറഞ്ഞ നടി ഭാമയുടെ ഒരു വോയ്‌സ് റെക്കോര്‍ഡ് കോടതിയില്‍ സമര്‍പ്പിക്കാന്‍ ഹണി എം വര്‍ഗീസ് അനുവാദം നല്‍കാത്തതിനെ കുറിച്ചും വിമര്‍ശനം ഉയര്‍ന്നിരുന്നു.
മെമ്മറി കാര്‍ഡുമായി ബന്ധപ്പെട്ടായിരുന്നു ഹണി എം വര്‍ഗീസിനെതിരെ ഏറ്റവും കൂടുതല്‍ വിമര്‍ശനം ഉയര്‍ന്നത്. നടിയെ ബലാത്സംഗം ചെയ്യുന്നതിന്റെ വീഡിയോ അടങ്ങിയ മെമ്മറി കാര്‍ഡ് കോടതിയുടെ കസ്റ്റഡിയിലിരിക്കെ മൂന്ന് തവണ പ്രതിഭാഗത്തിന്റെ കയ്യിലെത്തി എന്നായിരുന്നു വെളിപ്പെടുത്തല്‍. മെമ്മറി കാര്‍ഡ് ഈ രീതിയില്‍ ദുരുപയോഗം ചെയ്യപ്പെട്ടുവെന്ന് ശാസ്ത്രീയമായി കണ്ടെത്തിയ ഫോറന്‍സിക് റിപ്പോര്‍ട്ട് ജഡ്ജി രണ്ട് വര്‍ഷത്തോളം മറച്ചുവെച്ചു എന്നാണ് പിന്നീട് ഉയര്‍ന്ന ആരോപണം. ഈ റിപ്പോര്‍ട്ട് തനിക്ക് കൂടി നല്‍കണമെന്ന അതിജീവിതയോടെ ആവശ്യത്തോടും ഹണി എം വര്‍ഗീസ് മുഖം തിരിച്ചു. പിന്നീട് ഇതിനായി അവര്‍ക്ക് ഹൈക്കോടതിയെ സമീപിക്കേണ്ടി വന്നു. ഇക്കാര്യം ചൂണ്ടിക്കാണിച്ചുകൊണ്ട് വിചാരണ മറ്റൊരു കോടതിയിലേക്ക് മാറ്റണമെന്ന് വീണ്ടും ഹര്‍ജിയും നല്‍കി.
'ജഡ്ജി ഹണി എം വര്‍ഗീസ് കേസ് പരിഗണിച്ചാല്‍ തനിക്ക് നീതി ലഭിക്കില്ല' എന്നായിരുന്നു അതിജീവിത നേരത്തെ ഹൈക്കോടതി രജിസ്ട്രാര്‍ക്ക് അയച്ച കത്തില്‍ വ്യക്തമാക്കിയിരുന്നത്. ഹണി എം വര്‍ഗീസിന്റെ മേല്‍നോട്ടത്തില്‍ നടക്കുന്ന വിചാരണയില്‍ തൃപ്തയല്ല. അതിനാല്‍ കേസ് പരിഗണിക്കുന്നതില്‍ നിന്നും നിലവിലെ ജഡ്ജിയെ മാറ്റണമെന്നും അവർ ആവശ്യപ്പെട്ടു. 'ഇപ്പോള്‍ വനിതാ ജഡ്ജിയുടെ കീഴില്‍ നടക്കുന്ന വിചാരണയിലൂടെ നീതി ലഭിക്കുമെന്ന് കരുതുന്നില്ല. കോടതിയുടെ കസ്റ്റഡിയില്‍ സൂക്ഷിച്ച മെമ്മറി കാര്‍ഡ് അനധികൃതമായി പരിശോധിച്ചതായി ഫോറന്‍സിക് പരിശോധനയില്‍ കണ്ടെത്തിയിരുന്നു. വേദനാജനകമായ കാര്യമാണത്. മെമ്മറി കാര്‍ഡിലുണ്ടായിരുന്ന ദൃശ്യങ്ങള്‍ കോടതിക്ക് പുറത്തുപോയിട്ടുണ്ടാകുമെന്ന് സംശയിക്കണം. ദൃശ്യങ്ങള്‍ പ്രചരിക്കുമോ എന്ന് പേടിയുണ്ട്. ഇത് വനിതാ ജഡ്ജിയുടെ ശ്രദ്ധയില്‍പ്പെട്ടിട്ടും കുറ്റവാളികളെ കണ്ടെത്താന്‍ നടപടിയെടുക്കുന്നില്ല' അതിജീവിത രജിസ്ട്രാര്‍ക്ക് അയച്ച കത്തില്‍ പറഞ്ഞു. എന്നാല്‍ തെറ്റായ കീഴ്വഴക്കം സൃഷ്ടിക്കുമെന്ന് വ്യക്തമാക്കിക്കൊണ്ട് ഹൈക്കോടതി ഹർജി തള്ളുകയായിരുന്നു. ഇപ്പോള്‍ ദിലീപിനെ കുറ്റവിമുക്തനാക്കിയ വിധിക്ക് ശേഷം ഈ മെമ്മറി കാര്‍ഡ് ദുരുപയോഗത്തില്‍ കോടതിയ്ക്ക് എന്താണ് മറുപടി പറയാനുള്ളത് എന്നാണ് ചോദ്യങ്ങളുയരുന്നത്.
മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ബര്‍ഖ ദത്തിന് നല്‍കിയ അഭിമുഖത്തില്‍ കോടതിയില്‍ വിചാരണക്കിടെ നേരിടേണ്ടി വന്ന തിക്ത സംഭവങ്ങളെ കുറിച്ച് അതിജീവിത തുറന്നുപറഞ്ഞിരുന്നു. 2020-ല്‍ കോടതിയില്‍ 15 ദിവസം പോയി. ആ ദിവസങ്ങളില്‍ ഓരോ നിമിഷവും താന്‍ തെറ്റൊന്നും ചെയ്തില്ലെന്ന് തെളിയിക്കേണ്ടിവന്നുവെന്നാണ് നടി ബര്‍ക്ക ദത്തിനോട് പറഞ്ഞത്.
കോടതിയുടെ ഈ വ്യവഹാരങ്ങള്‍ക്ക് അപ്പുറത്ത് ഹണി എം വര്‍ഗീസിന്റെ കുടുംബ ബന്ധങ്ങളും പല ഘട്ടത്തിലും വിവാദങ്ങള്‍ക്ക് വഴിവെച്ചു. തൃശൂരിലെ സിപിഐഎം മുന്‍ ജില്ലാ സെക്രട്ടറിയായിരുന്ന എം എം വര്‍ഗീസിന്റെ മകളാണ് ഹണി. സിപിഐഎം പ്രവര്‍ത്തകര്‍ ഉള്‍പ്പെട്ട കേസുകളില്‍ പാര്‍ട്ടിക്ക് അനുകൂലമായാണ് ഹണി എം വര്‍ഗീസ് തീരുമാനങ്ങളെടുക്കുന്നതെന്നാണ് ഒരു വിമര്‍ശനം.
ട്വന്റി20 പ്രവര്‍ത്തകനായ സി കെ ദീപുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ സിപിഐഎം പ്രവര്‍ത്തകര്‍ക്കെതിരെ ആരോപണമുയര്‍ന്നിരുന്നു. ഈ കേസ് ജഡ്ജി ഹണിയുടെ കീഴില്‍ നിന്നും മാറ്റണമെന്ന് ദീപുവിന്റെ അച്ഛന്‍ ഹൈക്കോടതിയില്‍ ആവശ്യപ്പെടുകയും ഇത് കോടതി അംഗീകരിക്കുകയും ചെയ്തിരുന്നു. ഹണി എം വര്‍ഗീസ് നേരത്തെ സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ച സിപിഐഎം അനുകൂല പോസ്റ്റുകളായിരുന്നു അന്ന് ഹരജിക്കാരന്‍ ചൂണ്ടിക്കാണിച്ചത്.
കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ എം എം വര്‍ഗീസ് കുറ്റാരോപിതനായപ്പോള്‍ ജില്ലാ കോടതിയില്‍ നിന്നും കേസുകളെല്ലാം മാറ്റണമെന്ന് ഇ ഡി ആവശ്യപ്പെട്ടിരുന്നു. ജഡ്ജ് ഹണി എം വര്‍ഗീസ് ഇ ഡി അഭിഭാഷകനെ കളിയാക്കി സംസാരിക്കുമായിരുന്നു എന്നും ചില അഭിഭാഷകര്‍ പിന്നീട് പറഞ്ഞിരുന്നു. ഹണി എം വര്‍ഗീസിന്റെ ഭര്‍ത്താവായ ജിജോ ജോസുമായി ബന്ധപ്പെട്ടതായിരുന്നു അടുത്ത വിവാദം. ഒരു ലോക്കപ്പ് മര്‍ദന കേസില്‍ ജിജോ ജോസിന് പങ്കുണ്ടെന്ന് ദിലീപിന് അറിയാമെന്നും ഇത് ഉപയോഗിച്ച് ജഡ്ജിയെ സ്വാധീനിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നു എന്നുമാണ് പ്രോസിക്യൂഷന്‍ ആരോപിച്ചത്. ഇക്കാര്യം ചൂണ്ടിക്കാണിച്ചായിരുന്നു ജഡ്ജിയെ മാറ്റാന്‍ പ്രോസിക്യൂഷന്‍ ഒരിക്കല്‍ ആവശ്യപ്പെട്ടത്.
ഇപ്പോള്‍ എട്ട് വര്‍ഷം നീണ്ട അന്വേഷണത്തിനും വിചാരണക്കുമൊടുവില്‍ നടിയെ ആക്രമിച്ച കേസില്‍ വിധി വന്നിരിക്കെ ജഡ്ജ് ഹണി എം വര്‍ഗീസിനെ ചുറ്റിപ്പറ്റിയുണ്ടായിരുന്ന വിമര്‍ശനങ്ങളും വിവാദങ്ങളും ഒരിക്കല്‍ കൂടി ചര്‍ച്ചയാവുകയാണ്. ഗൂഢാലോചന തെളിയിക്കാന്‍ കഴിയാത്തതിന്റെ അടിസ്ഥാനത്തിലാണ് ദിലീപിനെ കോടതി വെറുതെ വിട്ടത്. ആറ് പ്രതികള്‍ കുറ്റക്കാരെന്ന് കോടതി വിധിച്ചു. ഒന്നാം പ്രതി പള്‍സര്‍ സുനി, രണ്ടാം പ്രതി മാര്‍ട്ടിന്‍ ആന്റണി, മൂന്നാം പ്രതി ബി മണികണ്ഠന്‍, നാലാം പ്രതി വി പി വിജീഷ്, അഞ്ചാം പ്രതി എച്ച് സലിം, ആറാം പ്രതി പ്രദീപ് എന്നിവര്‍ എല്ലാ വകുപ്പുകളിലും കുറ്റക്കാരാണെന്നും കോടതി വിധിച്ചു. ബാക്കി പ്രതികളെയെല്ലാം വെറുതെ വിട്ടു.
വിധിക്കെതിരെ മേല്‍ക്കോടതികളെ സമീപിക്കുമെന്ന് സര്‍ക്കാരും അന്വേഷണ ഉദ്യോഗസ്ഥരും അറിയിച്ചിട്ടുമുണ്ട്.
Content Highlights: Dileep Actress Case Verdict : Criticisms agaisnt Judge Honey M Varghese raises once again