

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ പിതാവിന്റെ ക്രൂരമർദനം സഹിക്കവയ്യാതെ പെൺകുട്ടി ആത്മഹത്യക്ക് ശ്രമിച്ചു. 14 വയസുകാരിയായ പൂജ കൃഷ്ണയെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. നെയ്യാറ്റിൻകര കമുകിൻകോടാണ് സംഭവം. പിതാവ് വീട്ടിൽ പൂട്ടിയിട്ട് തല്ലുമായിരുന്നെന്നും രാത്രിയിൽ വീടിന് പുറത്താക്കുമായിരുന്നെന്നും പെൺകുട്ടി റിപ്പോർട്ടറിനോട് പറഞ്ഞു.
ഭർത്താവായ പ്രബോദ് ചന്ദ്രനെതിരെ ഭാര്യ സംഗീത നെയ്യാറ്റിൻകര ഡിവൈഎസ്പിക്ക് പരാതി നൽകി. പഠിക്കാൻ അനുവദിക്കാതെ പിതാവ് പാഠപുസ്തകങ്ങൾ വലിച്ചുകീറിയതായും ചൈൽഡ് ലൈൻ ഇടപെട്ടിട്ടും മദ്യപിച്ച് മർദനം തുടർന്നുവെന്നും പരാതിയിൽ പറയുന്നു. അച്ഛൻ അർധരാത്രിയിൽവരെ തന്നെ തല്ലി വീടിന് പുറത്താക്കിയിട്ടുണ്ടെന്നും റോഡിലും കടയുടെ വരാന്തയിലും കിടന്നുറങ്ങിയിട്ടുണ്ടെന്നും പെൺകുട്ടി പറഞ്ഞു. പിടിച്ചു നിൽക്കാൻ പറ്റില്ല. അത്രയേറെ മർദിക്കും. കൊല്ലുമെന്ന് എപ്പോഴും ഭീഷണിപ്പെടുത്തും. എന്തിനാണ് ജീവിക്കുന്നത് എവിടെയെങ്കിലും പോയി ചത്തൂടെ എന്ന് പറയുമെന്നെല്ലാം പെൺകുട്ടി പറഞ്ഞു.
കഴിഞ്ഞ ദിവസം ജില്ലാ കലോത്സവത്തിൽ പങ്കെടുത്ത് വീട്ടിലെത്തിയ പൂജയെ പിതാവ് വീണ്ടും മർദിച്ചു. മുഖത്തടക്കം പരിക്കേറ്റ കുട്ടി ബാത്ത്‌റൂമിൽ കയറി ക്ലീനിങിനുപയോഗിക്കുന്ന ദ്രാവകം കുടിക്കുകയായിരുന്നു. ഗുരുതര നിലയിലായ കുട്ടിയെ പിന്നാലെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
Content Highlights: Father beats daughter at neyyattinkara, mother filed complaint