

യുഎഇയിലെ ഏറ്റവും വലിയ പുതുവത്സരാഘോഷത്തിന് വേദിയാകാൻ അബുദാബിയിലെ അൽവത്ബ മേഖല. യുഎഇയിലെ ഏറ്റവും വലിയ കലാസാംസ്കാരിക പരിപാടിയായ ഷെയ്ഖ് സായിദ് ഫെസ്റ്റിവലിലാണ് പുതുവത്സരാഘോഷവും നടക്കുക. 62 മിനിറ്റ് നീണ്ടുനിൽക്കുന്ന കരിമരുന്ന് പ്രയോഗം, ലോകത്തിലെ ഏറ്റവും വലിയ ഡ്രോൺ ഷോ, ഫെസ്റ്റിവലിൽ പങ്കെടുക്കുന്ന രാജ്യങ്ങളുടെയും ഫെസ്റ്റിവലിന്റെ സ്പോൺസർമാരുടെയും വൈവിധ്യമാർന്ന സാംസ്കാരിക, പൈതൃക പരിപാടികളും പുതുവത്സരാഘോഷത്തിൽ ഉണ്ടാകും.
ഷെയ്ഖ് സായിദ് ഫെസ്റ്റിവലിനെ വിനോദത്തിനും ആഘോഷങ്ങൾക്കുമുള്ള ഒരു ആഗോള വേദിയായി മാറ്റുകയാണ് ഈ പുതുവത്സരാഘോഷം വഴി അധികൃതർ ലക്ഷ്യമിടുന്നത്. യുഎഇയ്ക്ക് പുറത്തുനിന്നും പുതുവത്സരാഘോഷത്തിന് സന്ദർശകരെ എത്തിക്കാനും ലക്ഷ്യമിടുന്നുണ്ട്.
അഞ്ച് ഘട്ടങ്ങളിലായാണ് ആഘോഷ പരിപാടികൾ നടക്കുക. ഡിസംബർ 31 രാത്രി എട്ട് മണി മുതൽ ജനുവരി ഒന്ന് അർദ്ധ രാത്രി വരെയാണ് ആഘോഷങ്ങൾ നീണ്ടുനിൽക്കുക. ഏറ്റവും ഒടുവിലാണ് കരിമരുന്ന് പ്രകടനം നടക്കുക. പുതിയ സാങ്കേതിക വിദ്യകളുപയോഗിച്ചാണ് യുഎഇയുടെ ആകാശത്തേയ്ക്ക് കരിമരുന്ന് വിക്ഷേപണം നടത്തുക.
ഡ്രോൺ ഷോയിൽ 6,500 ഡ്രോണുകൾ പങ്കെടുക്കും. 20 മിനിറ്റാണ് ഡ്രോൺ ഷോയുടെ സമയം. ഒമ്പത് ഭീമൻ ആകാശ രൂപങ്ങളാണ് ഡ്രോൺ ഷോയിൽ അധികൃതർ പ്ലാൻ ചെയ്യുന്നത്.
യുഎഇയുടെ പൈതൃകം ചരിത്രവും ഉയർത്തിക്കാണിക്കുന്നതാവും എമിറാത്തി സർക്കാരിന്റെ പ്രതിനിധികൾ അവതരിപ്പിക്കുക. ഷെയ്ഖ് സായിദ് ഫെസ്റ്റിവലിൽ പങ്കെടുക്കുന്ന രാജ്യങ്ങളുടെ കലാ, സാംസ്കാരിക, സംഗീത പരിപാടികളുമുണ്ടാകും.
Content Highlights: UAE New Year Celebration 2026: Events Including Drone Show And Fireworks Display