'ഈ ജഡ്ജിയില്‍ നിന്ന് നീതി ലഭിക്കില്ല': വിധിക്ക് പിന്നാലെ വീണ്ടും ചർച്ചയായി അതിജീവിതയുടെ പഴയ ഹർജി

ഈ ജഡ്ജിയുടെ മേല്‍നോട്ടത്തില്‍ നടക്കുന്ന വിചാരണയില്‍ തൃപ്തയല്ലെന്നും അതിജീവിത പറഞ്ഞിരുന്നു

'ഈ ജഡ്ജിയില്‍ നിന്ന് നീതി ലഭിക്കില്ല': വിധിക്ക് പിന്നാലെ വീണ്ടും ചർച്ചയായി അതിജീവിതയുടെ പഴയ ഹർജി
dot image

നടിയെ ആക്രമിച്ച കേസില്‍ എട്ടാം പ്രതി ദിലീപിനെ വെറുതെ വിട്ടുകൊണ്ടുളള കോടതിയുടെ വിധി വന്നിരിക്കുകയാണ്. ഗൂഢാലോചന തെളിയിക്കാന്‍ കഴിയാത്തതിന്റെ അടിസ്ഥാനത്തിലാണ് ദിലീപിനെ വെറുതെ വിട്ടുകൊണ്ടുളള കോടതി വിധി. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഹണി എം വർഗീസാണ് വിധി പുറപ്പെടുവിച്ചിരിക്കുന്നത്. അതേസമയം, ഈ കോടതി കേസ് പരിഗണിച്ചാല്‍ തനിക്ക് നീതി ലഭിക്കില്ലെന്ന് നേരത്തെ തന്നെ അതിജീവിത പറഞ്ഞിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി കോടതി മാറ്റത്തിനെതിരെ അവര്‍ ഹൈക്കോടതിയെയും സുപ്രീംകോടതിയെയും സമീപിച്ചിരുന്നെങ്കിലും അന്ന് ഇരുകോടതികളും ഹര്‍ജി തളളി. കേസില്‍ കോടതി വിധി പറഞ്ഞതിന് പിന്നാലെ നടിയുടെ ഈ ഹർജികളും വീണ്ടും ചർച്ചയാകുകയാണ്.

'ജഡ്ജി ഹണി എം വര്‍ഗീസ് കേസ് പരിഗണിച്ചാല്‍ തനിക്ക് നീതി ലഭിക്കില്ല' എന്നായിരുന്നു അതിജീവിത നേരത്തെ ഹൈക്കോടതി രജിസ്ട്രാര്‍ക്ക് അയച്ച കത്തില്‍ വ്യക്തമാക്കിയിരുന്നത്. ഹണി എം വര്‍ഗീസിന്റെ മേല്‍നോട്ടത്തില്‍ നടക്കുന്ന വിചാരണയില്‍ തൃപ്തയല്ല. അതിനാല്‍ കേസ് പരിഗണിക്കുന്നതില്‍ നിന്നും നിലവിലെ ജഡ്ജിയെ മാറ്റണമെന്നും അവർ ആവശ്യപ്പെട്ടു. 'ഇപ്പോള്‍ വനിതാ ജഡ്ജിയുടെ കീഴില്‍ നടക്കുന്ന വിചാരണയിലൂടെ നീതി ലഭിക്കുമെന്ന് കരുതുന്നില്ല. കോടതിയുടെ കസ്റ്റഡിയില്‍ സൂക്ഷിച്ച മെമ്മറി കാര്‍ഡ് അനധികൃതമായി പരിശോധിച്ചതായി ഫോറന്‍സിക് പരിശോധനയില്‍ കണ്ടെത്തിയിരുന്നു. വേദനാജനകമായ കാര്യമാണത്. മെമ്മറി കാര്‍ഡിലുണ്ടായിരുന്ന ദൃശ്യങ്ങള്‍ കോടതിക്ക് പുറത്തുപോയിട്ടുണ്ടാകുമെന്ന് സംശയിക്കണം. ദൃശ്യങ്ങള്‍ പ്രചരിക്കുമോ എന്ന് പേടിയുണ്ട്. ഇത് വനിതാ ജഡ്ജിയുടെ ശ്രദ്ധയില്‍പ്പെട്ടിട്ടും കുറ്റവാളികളെ കണ്ടെത്താന്‍ നടപടിയെടുക്കുന്നില്ല' അതിജീവിത രജിസ്ട്രാര്‍ക്ക് അയച്ച കത്തില്‍ പറഞ്ഞു. എന്നാല്‍ തെറ്റായ കീഴ്വഴക്കം സൃഷ്ടിക്കുമെന്ന് വ്യക്തമാക്കിക്കൊണ്ട് ഹൈക്കോടതി ഹർജി തള്ളി.

സിബിഐ കോടതിയില്‍ നടക്കുന്ന വിചാരണ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലേക്ക് മാറ്റരുതെന്നും വനിതാ ജഡ്ജി തന്നെ കേസ് പരിഗണിക്കണമെന്നില്ലെന്നും അതിജീവിത കത്തില്‍ പറഞ്ഞിരുന്നു. ഹൈക്കോടതിയില്‍ നിന്നും തിരിച്ചടി നേരിട്ട പിന്നാലെ അതിജീവിത ഹർജിയുമായി സുപ്രീംകോടതിയെ സമീപിച്ചു. ജഡ്ജിക്ക് ദിലീപുമായി ബന്ധമുണ്ടെന്നും അതിനാല്‍ നീതി ലഭിക്കുമെന്ന് വിശ്വാസമില്ലെന്നായിരുന്നു അതിജീവിത സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിലെ വാദം. എന്നാല്‍ ഹൈക്കോടതിയുടെ അതേ നിരീക്ഷണത്തില്‍ സുപ്രീംകോടതിയും ഹർജി തള്ളി.

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ബര്‍ഖ ദത്തിന് നല്‍കിയ അഭിമുഖത്തില്‍ തന്റെ ജീവിതം കീഴ്‌മേല്‍ മറിഞ്ഞ സംഭവങ്ങളാണ് 2017 ഉണ്ടായതെന്ന് അതിജീവിതയായ നടി തുറന്നുപറഞ്ഞിരുന്നു. 2020-ല്‍ കോടതിയില്‍ 15 ദിവസം പോയി. ആ ദിവസങ്ങളില്‍ ഓരോ നിമിഷവും ഞാന്‍ തെറ്റൊന്നും ചെയ്തില്ലെന്ന് തെളിയിക്കേണ്ടിവന്നുവെന്നാണ് നടി ബര്‍ക്ക ദത്തിനോട് പറഞ്ഞത്. താന്‍ നുണ പറയുകയാണെന്നും കളളക്കേസാണ് ഇതെന്നുമടക്കം അപവാദ പ്രചാരണമുണ്ടായെന്നും ഇരയില്‍ നിന്ന് അതിജീവനത്തിലേക്കുളളതായിരുന്നു തന്റെ യാത്രയെന്നും അവര്‍ പറഞ്ഞിരുന്നു.

Content Highlights: Actress case Survivor said once justice will not be served if Honey M Varghese consider case

dot image
To advertise here,contact us
dot image