ഒടുവിൽ കാന്താര വീണു, ലിസ്റ്റിൽ മുന്നിലെത്തി രശ്മികയും പ്രണവും; ഒടിടിയിൽ ഏറ്റവും കൂടുതൽ ആളുകൾ കണ്ട സിനിമകൾ ഇവ

ടോം ക്രൂസ് നായകനായി എത്തിയ ഹോളിവുഡ് ചിത്രം മിഷൻ ഇമ്പോസിബിൾ ആണ് ലിസ്റ്റിൽ മൂന്നാം സ്ഥാനത്ത്

ഒടുവിൽ കാന്താര വീണു, ലിസ്റ്റിൽ മുന്നിലെത്തി രശ്മികയും പ്രണവും; ഒടിടിയിൽ ഏറ്റവും കൂടുതൽ ആളുകൾ കണ്ട സിനിമകൾ ഇവ
dot image

തിയേറ്ററിലേത് പോലെ തന്നെ ഒടിടിയിൽ എത്തുന്ന സിനിമകൾക്കും വലിയ തോതിലുള്ള കാഴ്ചക്കാരാണുള്ളത്. തിയേറ്ററിൽ പരാജയമാകുന്ന സിനിമകൾ ഒടിടിയിൽ എത്തുമ്പോൾ വലിയ തരംഗമാകുന്നത് പതിവാണ്. ഇപ്പോഴിതാ ഡിസംബർ ഒന്ന് മുതൽ ഏഴ് വരെയുള്ള ദിവസങ്ങളിൽ ഒടിടിയിൽ ഏറ്റവും കൂടുതൽ കാഴ്ചക്കാരെ നേടിയ സിനിമകളുടെ ലിസ്റ്റ് പുറത്തുവന്നിരിക്കുകയാണ്. ഓർമാക്സ് മീഡിയ ആണ് ഈ ലിസ്റ്റ് പുറത്തുവിട്ടത്.

റിഷബ് ഷെട്ടി ചിത്രമായ കാന്താര ചാപ്റ്റർ വണ്ണിനെ പിന്നിലാക്കി വരുൺ ധവാൻ ചിത്രം 'സണ്ണി സംസ്‌കാരി കി തുൾസി കുമാരി' ആണ് ലിസ്റ്റിൽ ഈ വാരം ഒന്നാം സ്ഥാനത്തുള്ള ചിത്രം. 2.4 മില്യൺ വ്യൂസ് ആണ് ഈ ചിത്രം ഈ വാരം നേടിയത്. നെറ്റ്ഫ്ലിക്സിലൂടെയാണ് സിനിമ സ്ട്രീം ചെയ്യുന്നത്. സമ്മിശ്ര പ്രതികരണം നേടിയ സിനിമ ബോക്സ് ഓഫീസിൽ ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചിരുന്നു. ജാൻവി കപൂർ, സാന്യ മൽഹോത്ര, രോഹിത് ഷറഫ് എന്നിവരാണ് സിനിമയിലെ മറ്റു താരങ്ങൾ. കഴിഞ്ഞ നാല് വാരമായി ഒന്നാം സ്ഥാനത്ത് നിലയുറപ്പിച്ച കാന്താര ഈ വാരം രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. രണ്ട് മില്യൺ വ്യൂസ് ആണ് സിനിമ ഈ വാരം നേടിയത്.

ആമസോൺ പ്രൈമിലൂടെയാണ് സിനിമ സ്ട്രീമിങ് ചെയ്യുന്നത്. ഒക്ടോബർ 2-ന് ഇന്ത്യയിലുടനീളം റിലീസ് ചെയ്ത ചിത്രം വെറും 22 ദിവസം കൊണ്ട് നേടിയത് 800 കോടിയിൽ പരം തിയേറ്റർ കളക്ഷനാണ്. ഇതോടെ ഈ വർഷം ആദ്യം പുറത്തിറങ്ങിയ വിക്കി കൗശൽ ചിത്രം 'ഛാവയുടെ' കളക്ഷൻ റെക്കോർഡ് ആയ 807 കോടി മറികടന്നിരിക്കുകയാണ് കാന്താര ചാപ്റ്റർ 1. റിഷഭ് ഷെട്ടിയെ കൂടാതെ ജയറാം, രുക്മിണി വസന്ത്, ഗുല്‍ഷന്‍ ദേവയ്യ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ടോം ക്രൂസ് നായകനായി എത്തിയ ഹോളിവുഡ് ചിത്രം മിഷൻ ഇമ്പോസിബിൾ ആണ് ലിസ്റ്റിൽ മൂന്നാം സ്ഥാനത്ത്. 1.6 മില്യൺ വ്യൂസ് ആണ് സിനിമ നേടിയത്. ആമസോൺ പ്രൈമിലൂടെയാണ് സിനിമ സ്ട്രീമിങ് ചെയ്യുന്നത്. 1996 ലാണ് ആദ്യത്തെ 'മിഷൻ ഇമ്പോസിബിൾ' ചിത്രം പുറത്തിറങ്ങുന്നത്. സീരിസിലെ ഓരോ സിനിമകളിലെയും സ്റ്റണ്ട് സീനുകൾക്കായി ടോം ക്രൂസ് എടുക്കുന്ന പ്രയത്നങ്ങൾ എപ്പോഴും വാർത്തയിൽ ഇടം പിടിക്കാറുണ്ട്. ഹെയ്‌ലി അറ്റ്‌വെൽ, വിങ് റെംസ്, സൈമൺ പെഗ്, വനേസ കിർബി തുടങ്ങിയവരാണ് പുതിയ മിഷൻ ഇമ്പോസിബിൾ സിനിമയിലെ മറ്റു അഭിനേതാക്കൾ.

രശ്‌മിക മന്ദാന ചിത്രം ദി ഗേൾഫ്രണ്ട് ആണ് ലിസ്റ്റിൽ നാലാം സ്ഥാനത്ത്. 1.4 മില്യൺ വ്യൂസ് ആണ് സിനിമ നേടിയത്. നെറ്റ്ഫ്ലിക്സിലൂടെയാണ് സിനിമ സ്ട്രീമിങ് ചെയ്യുന്നത്. ദീക്ഷിത് ഷെട്ടി, അനു ഇമ്മാനുവേൽ തുടങ്ങിയവരാണ് സിനിമയിലെ മറ്റു അഭിനേതാക്കൾ. പ്രണവ് മോഹൻലാൽ ചിത്രം ഡീയസ് ഈറെ ആണ് അഞ്ചാം സ്ഥാനത്ത്. ജിയോഹോട്ട്സ്റ്റാറിലൂടെയാണ് സിനിമ സ്ട്രീം ചെയ്യുന്നത്.

Content Highlights: Most viewed films on OTT this week

dot image
To advertise here,contact us
dot image