

കോഴിക്കോട്: അന്യപുരുഷന്മാര്‍ക്കിടയില്‍ പൊതു പ്രവര്‍ത്തനം നടത്താനും പാട്ടും ഡാന്‍സും ഫുട്‌ബോളും കലാപരിപാടികളും നടത്താനും സുന്നി പെണ്‍കുട്ടികളെ കിട്ടില്ലെന്ന് ഇ കെ വിഭാഗം സമസ്ത നേതാവും എസ്‌വൈഎസ് സംസ്ഥാന സെക്രട്ടറിയുമായ അബ്ദുള്‍ ഹമീദ് ഫൈസി അമ്പലക്കടവ്. ഖുര്‍ആന്‍ നിര്‍ദേശിച്ചതുപോലെ അവര്‍ വീട്ടിലിരിക്കും. മതചിട്ടകള്‍ അനുസരിച്ച് ആവശ്യത്തിന് പുറത്ത് പോകുമെന്നും ഹമീദ് ഫൈസി അമ്പലക്കടവ് പറഞ്ഞു. മുസ്ലിം സ്ത്രീകളുടെ പള്ളി പ്രവേശനവുമായി ബന്ധപ്പെട്ട് മുനവറലി ശിഹാബ് തങ്ങളുടെ മകള്‍ നടത്തിയ അഭിപ്രായവുമായി ബന്ധപ്പെട്ട വിവാദത്തിലായിരുന്നു ഹമീദ് ഫൈസി അമ്പലക്കടവിന്റെ പ്രതികരണം.
ഫാത്തിമ നര്‍ഗീസിന്റെ അഭിമുഖം പൂര്‍ണമായും കേട്ടു. പഠിപ്പിച്ച അധ്യാപകരുടെ കുഴപ്പമാണെങ്കിലും ദീനി വിഷയങ്ങള്‍ കൂടുതല്‍ പഠിക്കണമെന്നും നിരന്തരം മത നിയമങ്ങളില്‍ മാറ്റം വരുത്തുന്ന മുജാഹിദ്, ജമാഅത്ത് വിഭാഗങ്ങളും ലിബറലിസ്റ്റുകളും നല്‍കുന്ന പ്രോത്സാഹനങ്ങള്‍ കേട്ട് പാരമ്പര്യമാര്‍ഗത്തില്‍ നിന്ന് പിന്മാറരുതെന്നുമാണ് പുതു തലമുറയിലെ ആണ്‍കുട്ടികളോടും പെണ്‍കുട്ടികളോടും പറയാനുള്ളതെന്നും ഹമീദ് ഫൈസി അമ്പലക്കടവ് പറഞ്ഞു.
കൊച്ചിയില്‍ നടന്ന പരിപാടിയിലാണ് മുസ്‌ലിം ലീഗ് അഖിലേന്ത്യ സെക്രട്ടറി പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങളുടെ മകള്‍ ഫാത്തിമ നര്‍ഗീസ് മുസ്‌ലിം സ്ത്രീകളുടെ പള്ളിപ്രവേശന വിഷയത്തില്‍ നിലപാട് വ്യക്തമാക്കിയത്. സ്ത്രീകള്‍ പള്ളികളില്‍ പ്രവേശിക്കരുതെന്നത് ചിലര്‍ ഉണ്ടാക്കിയെടുത്തതാണെന്നും ഇതില്‍ മാറ്റും വരുമെന്ന് പ്രതീക്ഷിക്കുന്നു എന്നുമാണ് ഫാത്തിമ നര്‍ഗീസ് പറഞ്ഞത്. ഇതിനെ അനുകൂലിച്ചും എതിര്‍ത്തും നിരവധി പേര്‍ സമൂഹമാധ്യമങ്ങളിലടക്കം രംഗത്തുവന്നു. പിന്നാലെ മകളെ തിരുത്തി മുനവ്വറലി തങ്ങള്‍ രംഗത്തെത്തുകയായിരുന്നു.
മകളുടെ പ്രതികരണത്തിന്റെ ഉത്തരവാദിത്തം പിതാവെന്ന നിലയില്‍ ഏറ്റെടുക്കുന്നുവെന്നും വിഷയത്തില്‍ ആവശ്യമായ മതബോധമോ പഠനത്തിന്റെ പര്യാപ്തതയോ കൈവരിക്കാത്ത ഒരു കുട്ടിയുടെ ആലോചനപരമല്ലാത്ത പെട്ടെന്നുള്ള അഭിപ്രായപ്രകടനമായി മാത്രം ഇതിനെ കാണണമെന്ന് അഭ്യര്‍ത്ഥിക്കുന്നുവെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ഹമീദ് ഫൈസി അമ്പലക്കടവിന്റെ ഫേസ്ബുക്ക് കുറിപ്പ്-
കലക്കു വെള്ളത്തില്‍ മീന്‍ പിടിക്കുന്നവരോട്…
മനോരമയുടെ ഹോര്‍ത്തൂസ് വേദിയില്‍ വന്ന 50 മിനിറ്റ് നീണ്ടുനില്‍ക്കുന്ന അഭിമുഖം കണ്ടു.
അഭിമുഖത്തിലെ സ്ത്രീ പള്ളി പ്രവേശം തിരുത്തപ്പെട്ടതിനെതിരെ മുജാഹിദ് നേതാക്കള്‍ രംഗത്ത് വരികയും നൈസായി മുസ്ലിം സ്ത്രീകളെ പള്ളിയില്‍ കൊണ്ടുപോകുന്നതിന് തെളിവ് ഉണ്ടാക്കാന്‍ വിഫലശ്രമം നടത്തുകയും ചെയ്യുന്നു.