വലിയ ജനക്കൂട്ടമെത്തും,വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ സ്ഥലമില്ല; ടിവികെ റാലിക്ക് അനുമതി നിഷേധിച്ച് പൊലീസ്

കരൂർ ദുരന്തത്തിനു ശേഷമാണ് റാലികൾക്കും പൊതുയോഗങ്ങൾക്കും തമിഴ്നാട് പൊലീസ് കർശന ഉപാധികൾ കൊണ്ടുവന്നത്

വലിയ ജനക്കൂട്ടമെത്തും,വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ സ്ഥലമില്ല; ടിവികെ റാലിക്ക് അനുമതി നിഷേധിച്ച് പൊലീസ്
dot image

ചെന്നൈ: വിജയ്‌യുടെ തമിഴക വെട്രി കഴകത്തിൻ്റെ (ടിവികെ) ഈറോഡ് നടത്താന്‍ നിശ്ചയിച്ച റാലിക്ക് പൊലീസ് അനുമതി നിഷേധിച്ചു. ഡിസംബര്‍ 16ന് ഈറോഡ് നടത്താന്‍ നിശ്ചയിച്ച റാലിക്കാണ് പൊലീസ് അനുമതി നിഷേധിച്ചത്. ഈറോഡ് - പെരുന്തുറൈ റോഡിലെ ഗ്രൗണ്ടില്‍ റാലി നടത്താനായിരുന്നു പാര്‍ട്ടി അനുമതി തേടിയത്. എന്നാല്‍ സ്ഥലം സന്ദര്‍ശിച്ചതിന് പിന്നാലെ പൊലീസ് സൂപ്രണ്ട് എ സുജാത അനുമതി നല്‍കാനാവില്ലെന്ന് അറിയിക്കുകയായിരുന്നു. 70,000 പേരെ പ്രതീക്ഷിക്കുന്നതായാണ് ടിവികെ അറിയിച്ചത്. വന്‍ ജനക്കൂട്ടമുണ്ടാകുമെന്നതും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ മതിയായ സ്ഥലമില്ലയെന്നതും പരിഗണിച്ചാണ് അനുമതി നിഷേധിച്ചത്.

ആദ്യം റോഡ് ഷോ നടത്താനായിരുന്നു ടിവികെ പദ്ധതിയിട്ടത്. പിന്നീട് ഇത് സ്വകാര്യ സ്ഥലത്ത് നിയന്ത്രണങ്ങളോടെയുള്ള റാലിക്കായി മാറ്റി അനുമതി തേടുകയായിരുന്നു. ടിവികെയില്‍ ചേര്‍ന്ന മുന്‍ എഐഎഡിഎംകെ മന്ത്രി സെങ്കോട്ടയ്യന്റെ ശക്തികേന്ദ്രമാണ് ഈറോഡ്. തന്റെ ജനപിന്തുണ കാണിക്കാനുള്ള അവസരമായാണ് ഈറോഡില്‍ സെങ്കോട്ടയ്യന്റെ നേത്യത്വത്തില്‍ ടിവികെ റാലിക്ക് ഒരുങ്ങിയത്.

ഡിസംബർ 9ന് വിജയ് പുതുച്ചേരിയിൽ റാലി നടത്തുന്നുണ്ട്. ഇതിനായി പുതിയ നിബന്ധനകൾ പൊലീസ് നൽകിയിരിക്കുകയാണ്. പങ്കെടുക്കുന്നവരുടെ എണ്ണം, അതിർത്തി നിർണയം എന്നിവയിലാണ് പ്രധാനമായും നിയന്ത്രണം. കരൂർ ദുരന്തത്തിന് ശേഷം പാർട്ടി നടത്തുന്ന ആദ്യ റാലിയാണിത്. കരൂർ ദുരന്തത്തിനു ശേഷമാണ് റാലികൾക്കും പൊതുയോഗങ്ങൾക്കും തമിഴ്നാട് പൊലീസ് കർശന ഉപാധികൾ കൊണ്ടുവന്നത്.

സെപ്തംബര്‍ 27 ന് വൈകിട്ടായിരുന്നു രാജ്യത്തെ നടുക്കിയ ദുരന്തമുണ്ടായത്. ടിവികെയുടെ പരിപാടിക്കിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ 41 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. നിശ്ചയിച്ചതിലും ആറ് മണിക്കൂര്‍ വൈകി വൈകിട്ട് ഏഴ് മണിയോടെയായിരുന്നു വിജയ് പരിപാടിക്ക് എത്തിയത്. ഈ സമയമത്രയും ഭക്ഷണവും വെള്ളവുമില്ലാതെ ആളുകള്‍ കാത്തുനിന്നു. വിജയ് പ്രസംഗം ആരംഭിച്ച് അല്‍പസമയം കഴിഞ്ഞപ്പോള്‍ തന്നെ ആളുകള്‍ തളര്‍ന്നുതുടങ്ങി. സ്ഥലത്തുണ്ടായിരുന്ന പൊലീസും ടിവികെ പ്രവര്‍ത്തകരും അടക്കമുള്ളവര്‍ ആളുകളെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ആദ്യ ദിനം 38 പേരായിരുന്നു മരിച്ചത്. പിന്നീട് മൂന്ന് പേരുടെ മരണം കൂടി സ്ഥിരീകരിക്കുകയായിരുന്നു.

Content Highlight : Police deny permission for TVK rally due to large crowd, no space to park vehicles

dot image
To advertise here,contact us
dot image