ശരീരം ശ്രദ്ധിക്കാൻ പറയുകയാണ് ഈ ലക്ഷണങ്ങളിലൂടെ! ശ്വാസകോശ കാൻസറിനെ തിരിച്ചറിയാം

ചുമ ബുദ്ധിമുട്ടിച്ചാലും അത് തണുപ്പിന്റേയോ അലർജിയുടെയോ സ്വാധീനത്തിലുണ്ടായതാവാം എന്ന് കരുതിയും തള്ളിക്കളയാറുണ്ട് ചിലർ

ശരീരം ശ്രദ്ധിക്കാൻ പറയുകയാണ് ഈ ലക്ഷണങ്ങളിലൂടെ! ശ്വാസകോശ കാൻസറിനെ തിരിച്ചറിയാം
dot image

ശ്വാസകോശ കാൻസർ ബാധിതനായ ഒരു വ്യക്തി ആദ്യം ശ്രദ്ധിക്കുന്ന രണ്ട് ലക്ഷണങ്ങൾ തുടർച്ചയായുള്ള ചുമയും സഹിക്കാനാകാത്ത നെഞ്ചുവേദനയുമായിരിക്കും. പക്ഷേ എല്ലായിപ്പോഴും ശരീരം മുന്നറിയിപ്പ് നൽകുക ഈ ലക്ഷണങ്ങളിലൂടെയാവില്ല. ചില ലക്ഷണങ്ങൾ അവയുടെ തീവ്രത കുറവായത് മൂലം കണ്ണടച്ച് തള്ളിക്കളയുന്ന സാഹചര്യവും പലപ്പോഴും സംഭവിക്കാറുണ്ട്. ഈ ലക്ഷണങ്ങളിലൂടെ നിങ്ങളുടെ ശരീരം നിങ്ങളുടെ ശ്രദ്ധ ക്ഷണിക്കുകയാണ്. അത് മനസിലാക്കാതെ പോകുന്നത് ഗുരുതരമായ അവസ്ഥയിലേക്കാകാം കൊണ്ടെത്തിക്കുക.

ഈ രോഗത്തിന്‍റെ പ്രധാന ലക്ഷണങ്ങളിലൊന്നാണ് ചുമ. ചുമ സ്ഥിരമായി ബുദ്ധിമുട്ടിച്ചാലും അത് തണുപ്പിന്റേയോ അലർജിയുടെയോ സ്വാധീനത്തിലുണ്ടായതാവാം എന്ന് കരുതി തള്ളികളയുന്ന പ്രവണതയുണ്ട്. ശരീരം നല്‍കുന്ന ചില സൂചനകള്‍ ചിലപ്പോള്‍ ശ്വാസകോശ കാൻസറിന്റെ ലക്ഷണങ്ങളാണെന്ന് തോന്നിപ്പിക്കില്ല, പക്ഷേ അവ രോഗലക്ഷണം തന്നെയാകാം.

ആഴ്ചകളോളം ചുമ നീണ്ടുനിൽക്കുകയാണെങ്കിൽ അതിനെ സൂക്ഷിക്കണം. ഗൗരവമായി കണക്കാക്കേണ്ടതില്ലെന്ന് കരുതി ഇതിനെ തള്ളിക്കളയരുത്. ശരീരം വളരെ പ്രധാനപ്പെട്ട എന്തോ നിങ്ങളോട് പറയുകയാണെന്ന് വേണം മനസിലാക്കാൻ.

പലരും തള്ളിക്കളയാൻ സാധ്യതയുള്ള ചില ലക്ഷണങ്ങളെ കുറിച്ച് വായിക്കാം…

ഒരുകാരണവുമില്ലാതെ ശരീരഭാരം കുറയുന്ന അവസ്ഥ ശ്രദ്ധ നൽകേണ്ട കാര്യമാണ്. ചിലപ്പോഴെങ്കിലും നന്നായി ഫിറ്റായിരുന്ന വസ്ത്രങ്ങൾ ഇപ്പോൾ അയഞ്ഞുപോയെന്ന് തോന്നാറില്ലേ? ഡയറ്റോ വ്യായാമമോ ചെയ്യാതെ നിങ്ങളുടെ ശരീരഭാരം കുറയുന്നുണ്ടെങ്കിൽ നിങ്ങളുടെ ശരീരം എന്തിനോടോ പോരാടുകയാണെന്ന് മനസിലാക്കണം. ഒരു ഡോക്ടറുടെ സഹായം തേടുന്നതാവും മികച്ച തീരുമാനം.

സ്ഥിരമായി തോന്നുന്ന ക്ഷീണമാണ് മറ്റൊരു പ്രധാന ലക്ഷണം. നന്നായി റെസ്റ്റ് എടുത്തിട്ടും എന്നും ക്ഷീണം. എത്ര ശ്രമിച്ചിട്ടും ക്ഷീണമൊഴിയാത്ത സാഹചര്യമാണെങ്കിൽ അത് ശ്രദ്ധിച്ചേ മതിയാകു. ശ്വാസകോശ കാൻസർ പിടിമുറിക്കിയാൽ നമ്മുടെ ശരീരം അതിനെതിരെ ശക്തമായി തന്നെ പോരാടും. ഒന്നു ഉറങ്ങിയെഴുന്നേറ്റാൽ ഈ ക്ഷീണം മാറും എന്ന വിഭാഗത്തിൽപ്പെട്ട ഒരു ക്ഷീണമായിരിക്കില്ല ഈ സമയം നിങ്ങൾക്ക് അനുഭവപ്പെടുക എന്നു കൂടി മനസിലാക്കണം.

ശ്വസിക്കാനുണ്ടാവുന്ന ബുദ്ധിമുട്ടുകളും ചിലപ്പോൾ തെറ്റിദ്ധരിപ്പിക്കപ്പെടാം. ശ്വസിക്കാനുള്ള തടസം, നെഞ്ചിലെന്തോ ഉടക്കുന്ന പോലൊരു തോന്നൽ എന്നിവയെല്ലാം സമ്മർദ്ദം മൂലമോ അല്ലെങ്കിൽ ആസ്ത്മയുടെ ലക്ഷണമോ ഒക്കെയായി വ്യാഖ്യാനിക്കപ്പെടാറുണ്ട്. ഈ തോന്നലുകൾ വീണ്ടും ആവർത്തിക്കുകയാണെങ്കിൽ അവ പരിശോധിക്കേണ്ടത് ആവശ്യമാണ്. എല്ലായിപ്പോഴും ശ്വസന സംബന്ധമായ ബുദ്ധിമുട്ട് തന്നെ സൃഷ്ടിക്കണമെന്നില്ല. നിങ്ങളുടെ ശ്വാസകോശത്തിനോ നെഞ്ചിലോ എന്തെങ്കിലും ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടാൽ ഡോക്ടറെ സമീപിക്കാം.

നമ്മുടെ ശരീരം എല്ലായിപ്പോഴും ചെറിയ സൂചനകൾ ഓരോ സന്ദർഭത്തിലും നൽകും. എന്തെങ്കിലും ബുദ്ധിമുട്ടുകൾ ശ്രദ്ധയിൽപ്പെട്ടാൽ ഒരു പരിശോധന നടത്തുന്നത് നല്ലതാണ്. അസുഖം ആദ്യ ഘട്ടത്തിൽ തന്നെ തിരിച്ചറിഞ്ഞാൽ സുഖം പ്രാപിക്കാനുള്ള സാധ്യതയും ഏറെയാണ്. ഡോക്ടറെ കാണാൻ മാറ്റിവെയ്ക്കുന്ന ചെറിയ സമയത്തിന് ചിലപ്പോൾ നിങ്ങളുടെ ഭാവിയെ സംരക്ഷിക്കാൻ കഴിയും.

Content Highlights: Don't ignore these subtle signs of Lung Cancer

dot image
To advertise here,contact us
dot image