'കടന്നുപോയത് 3,215 ദിവസത്തെ നീതിക്കായുള്ള കാത്തിരിപ്പ്'; അതിജീവിതയ്ക്ക് പിന്തുണ അറിയിച്ച് ഡബ്ല്യുസിസി

'അവളുടെ പോരാട്ടം എല്ലാ അതിജീവിതകള്‍ക്കും വേണ്ടിയുള്ളതാണ്. ഞങ്ങള്‍ അവളോടൊപ്പവും, ഇത് നോക്കി കാണുന്ന മറ്റെല്ലാ അതിജീവിതകള്‍ക്കൊപ്പവും നില്‍ക്കുന്നു'

'കടന്നുപോയത് 3,215 ദിവസത്തെ നീതിക്കായുള്ള കാത്തിരിപ്പ്'; അതിജീവിതയ്ക്ക് പിന്തുണ അറിയിച്ച് ഡബ്ല്യുസിസി
dot image

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കടന്നുപോയത് നീതിക്കായുള്ള 3,215 ദിവസത്തെ കാത്തിരിപ്പെന്ന് വുമന്‍ ഇന്‍ സിനിമ കളക്ടീവ്(ഡബ്ല്യുസിസി). അവള്‍ തുറന്നുവിട്ട പ്രതിരോധം ബാധിച്ചത് സിനിമയിലെ സ്ത്രീകളെ മാത്രമല്ലെന്നും മലയാള സിനിമയെയും കേരളക്കരയെ ഒന്നാകെയുമാണെന്ന് ഡബ്ല്യുസിസി പ്രതികരിച്ചു. കേസിൽ നാളെ വിധി വരാനിരിക്കെയാണ് ഫേസ്ബുക്കിലൂടെ അതിജീവിതയ്ക്ക് പിന്തുണയറിയിച്ച് ഡബ്ല്യുസിസി രംഗത്തെത്തിയത്.

'ഈ കാലയളവിലുടനീളം നിയമ സംവിധാനത്തിലുള്ള വിശ്വാസം കൈവിടാതെ അവള്‍ കാണിച്ച ധൈര്യത്തിനും പ്രതിരോധ ശേഷിക്കും സമാനതകളില്ല. അവളുടെ പോരാട്ടം എല്ലാ അതിജീവിതകള്‍ക്കും വേണ്ടിയുള്ളതാണ്. ഞങ്ങള്‍ അവളോടൊപ്പവും, ഇത് നോക്കി കാണുന്ന മറ്റെല്ലാ അതിജീവിതകള്‍ക്കൊപ്പവും നില്‍ക്കുന്നു.' ഡബ്ല്യുസിസി ഫേസ്ബുക്കിൽ കുറിച്ചു.

2017 ഫെബ്രുവരി 17നാണ് അങ്കമാലി അത്താണിക്ക് സമീപം വെച്ചാണ് അതിജീവിത സഞ്ചരിച്ചിരുന്ന വാഹനം തടഞ്ഞ് നിര്‍ത്തി ഒരുസംഘം അതിക്രമിച്ച് കയറിയത്. പിന്നീട് ഇവര്‍ അതിജീവിതയെ ഓടിക്കൊണ്ടിരുന്ന വാഹനത്തില്‍ വെച്ച് ലൈംഗികാതിക്രമത്തിന് ഇരയാക്കുകയും അപകീര്‍ത്തികരമായ വീഡിയോയും ചിത്രങ്ങളും പകര്‍ത്തുകയും ചെയ്തു. പിന്നാലെ അക്രമിസംഘം കടന്നു കളഞ്ഞു. സംഭവത്തിന് ശേഷം അതിജീവിത സംവിധായകനും നടനുമായ ലാലിന്റെ വസതിയിലാണ് അഭയം തേടിയത്. വിവരം അറിഞ്ഞ് സ്ഥലം എംഎല്‍എ ആയിരുന്ന പി ടി തോമസ് ലാലിന്റെ വസതിയിലെത്തി അതിജീവിതയോട് വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. പിന്നാലെ അതിജീവിത പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. 2017 ഫെബ്രുവരി 18ന് അതിജീവിത സഞ്ചരിച്ചിരുന്ന വാഹനത്തിന്റെ ഡ്രൈവറായ കൊരട്ടി പൂവത്തുശേരി മാര്‍ട്ടിന്‍ ആന്റണിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. മാര്‍ട്ടിന്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് സിനിമാ രം?ഗത്ത് പ്രവര്‍ത്തിക്കുന്ന പള്‍സര്‍ സുനി എന്ന സുനില്‍ കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അതിജീവിതയെ ആക്രമിച്ചതെന്ന് വ്യക്തമായത്. ഇതിന് പിന്നാലെ പ്രതികള്‍ സഞ്ചരിച്ച രണ്ട് വാഹനങ്ങളും പൊലീസ് കണ്ടെത്തി.

2017 ജൂലൈ 10ന് ചോദ്യം ചെയ്യലിന് വിളിച്ച് വരുത്തിയ ദിലീപിനെ പൊലീസ് അറസ്റ്റ് ചെയ്തു. പിറ്റേന്ന് അങ്കമാലി ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയ ദിലീപിനെ റിമാന്‍ഡ് ചെയ്ത് ആലുവ സബ് ജയിലിലടച്ചു. ഇതിന് പിന്നാലെ അഭിനേതാക്കളുടെ സംഘടനയായ അമ്മ ദിലീപിനെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കി. പിന്നീട് 85 ദിവസത്തെ ജയില്‍വാസത്തിന് ശേഷം 2017 ഒക്ടോബര്‍ മൂന്നിന് കര്‍ശന ഉപാധികളോടെ ദിലീപിന് ജാമ്യം ലഭിച്ചു. പള്‍സര്‍ സുനി, മാര്‍ട്ടിന്‍ ആന്റണി, വിജിഷ്, മണികണ്ഠന്‍, പ്രദീപ് കുമാര്‍, സലീം, വിഷ്ണു, ദിലീപ്, സുരാജ്, അപ്പു എന്നിവരാണ് കേസിലെ ഒന്ന് മുതല്‍ 10വരെയുള്ള പ്രതികള്‍.

Content Highlight; '3,215 days of waiting for justice have passed'; WCC expresses support for survivor

dot image
To advertise here,contact us
dot image