

പാലക്കാട്: ആരോപണ വിധേയനായ രാഹുൽ മാങ്കൂട്ടത്തിലിനെ ഉയര്‍ത്തി കൊണ്ടുവന്നതില്‍ ആര്‍ക്കെങ്കിലും പങ്കുണ്ടോ, വീഴ്ച്ചയുണ്ടായോ എന്ന കാര്യം പരിശോധിക്കുമെന്ന് വി കെ ശ്രീകണ്ഠന്‍ എം പി. ജനങ്ങളുടെ മുന്നില്‍ വച്ച് സുതാര്യമായിട്ടായിരിക്കും പരിശോധന എന്നും ഇതില്‍ നടപടിയെടുക്കാന്‍ കെല്‍പ്പുള്ളവരാണ് കോണ്‍ഗ്രസ് നേതൃത്വമെന്നും വി കെ ശ്രീകണ്ഠന്‍ പറഞ്ഞു.
രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വിഷയത്തില്‍ കോണ്‍ഗ്രസ് സ്വീകരിച്ചത് മാതൃകപരമായ നടപടിയെന്നും വി കെ ശ്രീകണ്ഠന്‍ വ്യക്തമാക്കി. ആരോപണം ഉയര്‍ന്ന ഉടന്‍ തന്നെ രാഹുലിനെ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റി. പിന്നീട് പാര്‍ട്ടിയില്‍ നിന്നും സസ്‌പെന്റ് ചെയ്തു. ആരോപണം ശക്തമായപ്പോള്‍ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി. ഏത് പാര്‍ട്ടിയാണ് ഈ മാതൃക പിന്തുടരുകയെന്നും വി കെ ശ്രീകണ്ഠൻ ചോദിച്ചു.
'മുകേഷ് എംഎല്‍എയ്‌ക്കെതിരെ കുറ്റപത്രം നല്‍കിയിട്ട് പോലും ഒരു നടപടിയും ഉണ്ടായിട്ടില്ല. സ്വര്‍ണപ്പാളി മോഷണ കേസ് പ്രതി പത്മകുമാറിനെതിരെയും നടപടിയില്ല. ജയിലില്‍ കിടക്കുന്നയാള്‍ക്കെതിരെ എന്തിനാണ് നടപടി സ്വീകരിക്കുന്നത് എന്നാണ് സിപിഐഎം സംസ്ഥാന സെക്രട്ടറി ചോദിക്കുന്നത്', വി കെ ശ്രീകണ്ഠന്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം, ബലാത്സംഗക്കേസില്‍ മുന്‍കൂര്‍ ജാമ്യം നിഷേധിച്ചതോടെ ഷാഫി പറമ്പിലും രാഹുല്‍ മാങ്കൂട്ടത്തിലിനെ തള്ളിപ്പറഞ്ഞ് രംഗത്തെത്തിയിരുന്നു. രാഹുലിന്റെ രാഷ്ട്രീയ പ്രവര്‍ത്തനത്തെ മാത്രമാണ് പിന്തുണച്ചതെന്നും വ്യക്തിപരമായി ആരിലേക്കും ചൂഴ്ന്നിറങ്ങിയിട്ടില്ലെന്നുമായിരുന്നു ഷാഫി പറമ്പില്‍ പറഞ്ഞത്. പാര്‍ട്ടിയുടെ കൂട്ടായ തീരുമാനമാണ് രാഹുലിനെ പുറത്താക്കുക എന്നത്. അതില്‍ നിന്നും ഒറ്റപ്പെട്ട നിലപാട് തനിക്കില്ല. താന്‍ പൂര്‍ണമായും പാര്‍ട്ടിക്കാരനാണ്. രാഹുലിനെതിരെ എടുത്ത നടപടികള്‍ക്ക് വിഘാതം സൃഷ്ടിക്കുന്ന തീരുമാനങ്ങള്‍ ആരും കൈക്കൊണ്ടിട്ടില്ലെന്നും ഷാഫി പറമ്പില്‍ പറഞ്ഞിരുന്നു.
'രാഹുലിനെതിരെ പാര്‍ട്ടി തുടക്കത്തിലെ നടപടിയെടുത്തു. രാഹുലുമായുള്ള അടുപ്പം പാര്‍ട്ടിയില്‍ വന്നശേഷം ഉണ്ടായതാണ്. വ്യക്തിപരമായ അടുപ്പം രാഷ്ട്രീയത്തിലേക്ക് എത്തിച്ചതല്ല. രാഹുലിന്റെ സംഘടനാ പ്രവര്‍ത്തനത്തെയാണ് പിന്തുണച്ചത്. പാര്‍ട്ടിയില്‍ പുതിയ തലമുറ വളര്‍ന്നുവരുമ്പോള്‍ സംഘടനപരമായ പിന്തുണ കൊടുക്കാറുണ്ടെന്നും ഷാഫി പറമ്പില്‍ പറഞ്ഞു. വ്യക്തിപരമായി ആരിലേക്കും ചൂഴിന്നിറങ്ങിയിട്ടില്ല. രാഹുലിനെതിരെ ക്രിമിനല്‍ പശ്ചാത്തലമുള്ള പരാതികള്‍ നേരത്തെ തങ്ങളുടെ പക്കല്‍ വന്നിട്ടില്ല.' ഷാഫി പറമ്പില്‍ വ്യക്തമാക്കിയിരുന്നു.
Content Highlight; 'We will investigate whether anyone had a role in elevating Rahul mamkoottatil'; VK Sreekandan