

ഇന്ത്യയുടെ മൂന്നാമത്തെ ആണവോർജ്ജ ബാലിസ്റ്റിക് മിസൈൽ അന്തർവാഹിനി നാവികസേനയുടെ ഭാഗമാകുന്നു. രാജ്യം തദ്ദേശീയമായി നിർമ്മിച്ച ആണവ അന്തർവാഹിനിയായ ഐഎൻഎസ് (INS) അരിധമന്‍ ഉടൻ തന്നെ കമ്മീഷൻ ചെയ്യാൻ പോവുകയാണെന്നും ഇത് സംബന്ധിച്ച പരീക്ഷണങ്ങളുടെ അവസാന ഘട്ടത്തിലേക്ക് കടന്നിരിക്കുകയുമാണെന്നും നാവികസേനാ മേധാവി അഡ്മിറൽ ദിനേശ് ത്രിപാഠി വ്യക്തമാക്കുന്നു. ഇന്ത്യയുടെ സമുദ്രാധിഷ്ഠിത ആണവ പ്രതിരോധ സംവിധാനം ശക്തിപ്പെടുത്തിക്കൊണ്ട്, ഓഗസ്റ്റിൽ വിശാഖപട്ടണത്തെ സ്ട്രാറ്റജിക് ഫോഴ്‌സ് കമാൻഡിലേക്ക് രണ്ടാമത്തെ എസ്എസ്ബിഎൻ, ഐഎൻഎസ് അരിഘട്ട് ഔപചാരികമായി കമ്മീഷൻ ചെയ്തതിനു പിന്നാലെയാണ് അടുത്ത അന്തർവാഹിനിയും എത്തുന്നത്. ഐഎൻഎസ് അരിധമന്‍ കൂടി സേനയുടെ ഭാഗമാകുന്നതോടെ, ഇന്ത്യയ്ക്ക് ആദ്യമായി കടലിൽ മൂന്ന് പ്രവർത്തനക്ഷമമായ ബാലിസ്റ്റിക് മിസൈൽ അന്തർവാഹിനികൾ ഉണ്ടാകും എന്നതാണ് പ്രത്യേകത.
എന്തൊക്കെയാണ് ഈ പുത്തൻ ആണവോർജ്ജ ബാലിസ്റ്റിക് മിസൈൽ അന്തർവാഹിനിയുടെ പ്രത്യേകത ?

ഐഎൻഎസ് അരിഹന്ത്, ഐഎൻഎസ് അരിഘട്ട് എന്നിവയേക്കാൾ കൂടുതൽ ദീർഘദൂര ആണവ മുനമ്പുള്ള മിസൈലുകൾ വഹിക്കാൻ കഴിയുന്ന തരത്തിലാണ് ഐഎൻഎസ് അരിധമന്‍ നിർമ്മിച്ചിരിക്കുന്നത്. ആക്രമണ ദൂരപരിധി, ദീർഘകാല വിന്യാസ ശേഷി, എന്നിവ ഈ അന്തർവാഹിനിയുടെ പ്രത്യേകതകളാണ്. പ്രധാന ആയുധങ്ങളായ കെ-15 സാഗരിക, കെ-4 ലോഞ്ച്ഡ് ബാലിസ്റ്റിക് മിസൈല്‍ എന്നിവ അരിധമന്‍ അന്തർവാഹിനിയിൽ നിന്ന് വിക്ഷേപിക്കാവുന്ന ബാലിസ്റ്റിക് മിസൈലുകളാണ്, ഇവയ്ക്ക് ആണവ പോർമുനകൾ വഹിക്കാൻ കഴിയും. 7000 ടണ്‍ ആണ് അന്തര്‍വാഹിനിയുടെ ഭാരം. സമുദ്രോപരിതലത്തിലൂടെ ഏകദേശം മണിക്കൂറില്‍ 28 കിലോമീറ്റർ സ്പീഡിൽ സഞ്ചരിക്കാനും അരിധമന്‍ അന്തർവാഹിനിക്ക് സാധിക്കും.
"കഴിഞ്ഞ വർഷത്തെ കന്നി സംരംഭങ്ങൾ പ്രവർത്തനക്ഷമം ആയിരിക്കുകയാണ്. ഇന്ത്യൻ ഓഷ്യൻ ഷിപ്പ് സാഗർ നാവികസേനയുടെ കന്നി സംരംഭമായിരുന്നു. ഏപ്രിൽ 5 ന് നമ്മുടെ പ്രതിരോധ മന്ത്രി കാർവാറിൽ നിന്ന് ഐഎൻഎസ് സുനയന ഐഒഎസ് സാഗർ ഫ്ലാഗ് ഓഫ് ചെയ്തിരുന്നു. ഈ പുത്തൻ ബാലിസ്റ്റിക് മിസൈൽ അന്തർവാഹിനി ഇന്ത്യൻ നാവിക സേനയുടെ മറ്റൊരു മുതൽ കൂട്ടാകും", അഡ്മിറൽ ത്രിപാഠി പറഞ്ഞു. 2029 ഓടെ നാല് റാഫേൽ യുദ്ധവിമാനങ്ങളുടെ ആദ്യ ബാച്ച് നാവികസേനയ്ക്ക് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നത്. ആറ് നൂതന അന്തർവാഹിനികൾ വാങ്ങുന്ന പ്രോജക്റ്റ് 75 ല്‍ രാജ്യം വലിയ പുരോഗതി കൈവരിച്ചിട്ടുണ്ടെന്നും ഒരു ഔപചാരിക കരാർ ഉടൻ ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ശത്രുവിനെ നശിപ്പിക്കുന്നവൻ എന്നതാണ് അരിധമന്‍ എന്ന വാക്കിന്റെ അര്‍ഥം. അതുകൊണ്ട് ശത്രു ആക്രമണങ്ങളെ തടയാൻ വേണ്ടി തന്നെ രൂപകൽപന ചെയ്ത INS അരിധമന്‍ കമ്മീഷൻ ചെയ്ത് കഴിഞ്ഞാൽ ശത്രുസംഹാരത്തിനുള്ള മറ്റൊരു തുടക്കം എന്ന് തന്നെ പറയേണ്ടി വരും. INS അരിധമൻ കൂടാതെ, നാലാമത്തെ എസ്എസ്ബിഎൻ നിർമ്മാണ ഘട്ടത്തിലാണെന്നും ഇത് ഇന്ത്യയുടെ പ്രതിരോധ ശേഷിക്ക് കൂടുതൽ ആഴം കൂട്ടുമെന്നും ആണ് പറയപ്പെടുന്നത്. വരാനിരിക്കുന്ന രണ്ട് അന്തർവാഹിനികളും കെ-4 മിസൈലുകൾ ഉൾക്കൊള്ളാൻ രൂപകൽപ്പന ചെയ്തിട്ടുള്ളതാണെന്ന് ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോർട്ടിൽ പറയുന്നുണ്ട്.
Content Highlights : India to induct INS Aridhaman soon