ജോലിക്ക് സുരക്ഷയില്ല, ലോക്കോ പൈലറ്റുമാര്‍ നിരാഹാര സമരത്തില്‍

സുരക്ഷിതമായി ട്രെയിന്‍ ഓടിക്കണമെങ്കില്‍ ഇന്ത്യന്‍ റെയില്‍വേയില്‍ ജോലി ചെയ്യുന്ന ലോക്കോ പൈലറ്റുമാര്‍ക്കടക്കം അടിസ്ഥാന തൊഴില്‍സുരക്ഷ ആദ്യം ഉറപ്പു വരുത്തണം

ജോലിക്ക് സുരക്ഷയില്ല, ലോക്കോ പൈലറ്റുമാര്‍ നിരാഹാര സമരത്തില്‍
dot image

രാജ്യത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ യാത്രക്ക് വേണ്ടി തെരഞ്ഞെടുക്കുന്ന മാര്‍ഗങ്ങളിലൊന്നാണ് ഇന്ത്യന്‍ റെയില്‍വേ. safety first safety always എന്നാണ് ഇന്ത്യന്‍ റെയില്‍വേയുടെ ആപ്തവാക്യം. യാത്രക്കാരുടെ സുരക്ഷക്ക് അത്രമാത്രം വില നല്‍കുന്നു എന്ന് ചുരുക്കം. എന്നാല്‍ ഇന്ത്യന്‍ റെയില്‍വേയുടെ സുരക്ഷ എത്രത്തോളം ഉണ്ട് എന്ന ചർച്ചകള്‍ ഇപ്പോഴും നടക്കുന്നുണ്ട്. സുരക്ഷിതമായി ട്രെയിന്‍ ഓടിക്കണമെങ്കില്‍ ഇന്ത്യന്‍ റെയില്‍വേയില്‍ ജോലി ചെയ്യുന്ന ലോക്കോ പൈലറ്റുമാര്‍ക്കടക്കം അടിസ്ഥാന തൊഴില്‍സുരക്ഷ ആദ്യം ഉറപ്പു വരുത്തണം. എന്നാല്‍ ആവശ്യത്തിന് വിശ്രമത്തിനുള്ള സമയം പോലും ലഭിക്കുന്നില്ലെന്ന പരാതിയുമായി രാജ്യത്തെ ലോക്കോ പൈലറ്റുമാര്‍ ഇപ്പോഴും സമരത്തിലാണ്. സമരമുഖത്തും അല്ലാതെയും നിരന്തരം തങ്ങളുടെ ആവശ്യങ്ങള്‍ ഉന്നയിച്ചിട്ടും പരിഹാരം കാണാതായതോടെ രാജ്യത്തെ ലോക്കോ പൈലറ്റുമാരും അസിസ്റ്റന്റ് ലോക്കോ പൈലറ്റുമാരും 48 മണിക്കൂര്‍ നിരാഹാര സമരവും പ്രഖ്യാപിച്ചു. തങ്ങളുടെ തൊഴിലിടം അങ്ങേയറ്റം ദുരിതമാകുന്നതില്‍ പ്രതിഷേധിച്ച് ഡിസംബര്‍ 2 മുതല്‍ ഡിസംബര്‍ 4 വരെയാണ് ലോക്കോപൈലറ്റുമാര്‍ നിരാഹാര സമരം നടത്തുന്നത്. ഓള്‍ ഇന്ത്യ ലോക്കോ റണ്ണിങ് സ്റ്റാഫ് അസോസിയേഷന്റെ നേതൃത്വത്തിലാണ് സമരം. 68000 ലോക്കോ പൈലറ്റുമാരാണ് സമര രംഗത്തുള്ളത്. ദക്ഷിണ റെയില്‍വേയില്‍ വനിതകള്‍ ഉള്‍പ്പടെ 4600 പേരും സമരത്തിലുണ്ട്. കേരളത്തിലെ രണ്ട് ഡിവിഷനുകളിലായി 1100 പേരും നിരാഹാര സമരത്തിലാണ്. ജോലിയെ ബാധിക്കാതെ ട്രെയിന്‍ സമയത്തെയോ യാത്രയെയോ തടസപ്പെടുത്താതെ തൊഴിലാളികള്‍ 48 മണിക്കൂറും നിരാഹാരം അനുഷ്ടിക്കും. അതായത് ഈ ദിവസങ്ങളില്‍ രാജ്യത്തെമ്പാടും കുതിച്ചു പായുന്ന തീവണ്ടികളുടെ ലോക്കോ പൈലറ്റുമാര്‍ ഭക്ഷണം കഴിക്കാതെ വെള്ളം മാത്രം കുടിച്ച് ജോലി ചെയ്യും.

സുരക്ഷയും വിശ്രമ സമയവും ഡ്യൂട്ടി പരിധികളും അലവന്‍സും സംബന്ധിച്ച് ദീര്‍ഘകാലമായി നിലനില്‍ക്കുന്ന പരാതികളില്‍ തീരുമാനം ആവാതിരുന്നതോടെയാണ് ലോക്കോ പൈലറ്റുമാര്‍ സമരരംഗത്തേക്ക് വീണ്ടും ഇറങ്ങിയത്. രാജ്യത്തെ 68000 ത്തോളം ലോക്കോ പൈലറ്റുമാരാണ് വെള്ളം മാത്രം കുടിച്ച് ഈ ദിവസങ്ങളില്‍ തീവണ്ടി ഓടിക്കുന്നത്. പത്തോളം ഡിമാന്റുകളാണ് ലോക്കോ പൈലറ്റുമാര്‍ പ്രധാനമായും ഉന്നയിക്കുന്നത്. അതില്‍ ഏറ്റവും പ്രധാനപ്പെട്ട ഡിമാന്റുകളിലൊന്ന് വിശ്രമത്തിനു ആവശ്യമായ സമയം അനുവദിക്കുക എന്നതാണ്. ആഴ്ചയിലുള്ള അവധി 46 മണിക്കൂറാക്കണം എന്നാണ് സമരക്കാര്‍ ആവശ്യപ്പെടുന്നത്. നിലവിലെ 16 മണിക്കൂര്‍ ഹെഡ്കോര്‍ട്ടേഴ്സ് റസ്റ്റും 30 മണിക്കൂര്‍ ആഴ്ച അവധിയും കൃത്യമായി ലഭിക്കുന്നില്ലെന്നും പരാതിയുണ്ട്. 12 മണിക്കൂര്‍ വരെ നീണ്ടു നില്‍ക്കുന്ന ഡ്യൂട്ടി സമയവും തുടര്‍ച്ചയായി നാല് ദിവസത്തോളം രാത്രി ഡ്യൂട്ടി നല്‍കുന്നതും ലോക്കോ പൈലറ്റുമാരുടെ തൊഴിലിനെയും ആരോഗ്യത്തെയും അതിലുപരി ഇന്ത്യന്‍ റെയില്‍വേയുടെ സുരക്ഷയെയും അങ്ങേയറ്റം ബാധിക്കുന്നുണ്ട്.

നിരന്തരം സമരം ചെയ്തിട്ടും പരാതികള്‍ ഉന്നയിച്ചിട്ടും പരിഹാരമാകാതിരുന്നതോടെയാണ് വീണ്ടും നിരാഹാര സമരത്തിലേക്ക് കടക്കേണ്ടി വന്നതെന്ന് പാലക്കാട് ഡിവിഷനില്‍ ജോലി ചെയ്യുന്ന ഒരു ലോക്കോപൈലറ്റ് റിപ്പോര്‍ട്ടറിനോട് പ്രതികരിച്ചു. " 2024 ജൂണിലാണ് സമരം ആരംഭിച്ചത്. എന്നാല്‍ അന്ന് ഉന്നയിച്ച വിഷയങ്ങളിലൊന്നും ഇപ്പോഴും പരിഹാരം ആയിട്ടില്ല. വീക്കിലി റസ്റ്റ് 46 മണിക്കൂറാക്കുക, തുടര്‍ച്ചയായ നൈറ്റ് ഡ്യൂട്ടി രണ്ടായി കുറയ്ക്കുക എന്നതായിരുന്നു പ്രധാന ആവശ്യം. ഈ കാര്യങ്ങളിലൊന്നും ഇതുവരെയും തീരുമാനം ആയിട്ടില്ല. അത് കൊണ്ടാണ് വീണ്ടും നിരാഹാര സമരത്തിന് ഇറങ്ങിയത്. കേരളത്തില്‍ തിരുവനന്തപുരം ഡിവിഷനിലും പാലക്കാട് ഡിവിഷനിലും നിരാഹാര സമരം നടക്കുന്നുണ്ട്. റെയില്‍വേയുടെ എല്ലാ സോണുകളിലും സമരം നല്ല രീതയില്‍ നടക്കുന്നുമുണ്ട്. വേണ്ടത്ര വിശ്രമം ലഭിക്കാത്തതും തുടര്‍ച്ചയായ നൈറ്റ് ഡ്യൂട്ടിയുമെല്ലാം റെയില്‍വേയുടെ സുരക്ഷയെ ബാധിക്കുന്നുണ്ട്. മറ്റുള്ള ജോലിയെ പോലെയല്ല ലോക്കോ പൈലറ്റുമാരുടെ ജോലി. രാത്രി ജോലി എടുക്കുന്ന സമയത്ത് ഒരു നിമിഷം പോലും ശ്രദ്ധ തെറ്റിപോകാന്‍ പാടില്ല. എല്ലാ സിഗ്നലുകളും നോക്കി ശ്രദ്ധിച്ചു വേണം ട്രെയിന്‍ ഓടിക്കാന്‍. ഏതെങ്കിലും ഒരു സിഗ്നല്‍ തെറ്റിക്കഴിഞ്ഞാല്‍ റെയില്‍വേയുടെ സുരക്ഷയെയാണ് ബാധിക്കുന്നത്. അത്രയും പ്രാധാന്യമുള്ള ജോലിയാണ് ഞങ്ങള്‍ ചെയ്യുന്നത്. എന്നിട്ടും ഞങ്ങള്‍ ഉന്നയിക്കുന്ന കാര്യങ്ങളില്‍ റെയില്‍വേ യാതൊരു തീരുമാനവും എടുക്കുന്നില്ല.' - പാലക്കാട് ഡിവിഷനില്‍ ജോലി ചെയ്യുന്ന ലോക്കോ പൈലറ്റ് റിപ്പോര്‍ട്ടറിനോട് പറഞ്ഞു.

ഇനി ലോക്കോ പൈലറ്റുമാരുടെ സമര ആവശ്യങ്ങളോട് ചേര്‍ത്തുവായിക്കാവുന്ന മറ്റൊരു കണക്ക് പരിശോധിക്കാം. ഇക്കഴിഞ്ഞ ആഴ്ച ദേശീയ തലത്തില്‍ വലിയ ട്രോളായി മാറിയ കണക്ക് കൂടിയാണിത്. 2023 ല്‍ മാത്രം ട്രെയിന്‍ അപകടങ്ങളില്‍ 22000 പേര്‍ മരണപ്പെട്ടു എന്ന് സ്റ്റാന്‍ഡ് അപ് കൊമേഡിയനായ കുനാല്‍ കമ്ര പറഞ്ഞ ഒരു വീഡിയോ വയറലായിരുന്നു. ആ വീഡിയോയ്ക്ക് ഇന്ത്യന്‍ റെയില്‍വേ പറഞ്ഞ മറുപടിയാണ് വലിയ ട്രോളായി മാറിയത്. " ഞങ്ങളിത് ഫാക്ട് ചെക്ക് ചെയ്തു. ഈ വീഡിയോ ഇന്ത്യന്‍ റെയില്‍വേയുടെ പ്രതിച്ഛായ തകര്‍ക്കുന്നതും തെറ്റായ സന്ദേശം നല്‍കുന്നതുമാണ്. 22000 അല്ല 21803 പേരാണ് മരിച്ചത്. ദയവായി ഇത്തരം തെറ്റിദ്ധരിപ്പിക്കുന്ന കണ്ടന്റുകള്‍ പ്രചരിപ്പിക്കാതിരിക്കുക.' - 2023 ല്‍ 25000 ത്തോളം ട്രെയിന്‍ അപകടങ്ങള്‍ നടന്നതായും കുനാല്‍ കമ്ര പറഞ്ഞിരുന്നു. എന്നാല്‍ അത്രയൊന്നുമില്ല, 24678 അപകടങ്ങള്‍ മാത്രമേ സംഭവിച്ചുള്ളൂ എന്നാണ് ഇന്ത്യന്‍ റെയില്‍വേ ഫാക്ട് ചെക്ക് ചെയ്ത് വിശദീകരിക്കുന്നത്.
നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ 2023 ലെ കണക്കിലും 24678 ട്രെയിന്‍ അപകടങ്ങളില്‍ 21,803 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മഹാരാഷ്ട്രയിലും ഉത്തര്‍പ്രദേശിലുമാണ് കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തതെന്നും നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ വ്യക്തമാക്കുന്നുണ്ട്. കുനാല്‍ കമ്ര പറഞ്ഞതും അതിന് ഇന്ത്യന്‍ റെയില്‍വേ ഫാക്ട് ചെക്ക് ചെയ്ത് നല്‍കിയ മറുപടിയുമാണ് സാമൂഹിക മാധ്യമങ്ങളില്‍ ഇക്കഴിഞ്ഞ ദിവസങ്ങളിലെ പ്രധാന ചർച്ചാ വിഷയം.

ലോക്കോ പൈലറ്റുമാരുടെ സമരവും അപകടങ്ങളുമായി ബന്ധപ്പെട്ട ഈ കണക്കും തമ്മിലുള്ള ബന്ധം എന്താണെന്ന് പറയാം. ഓരോ തവണയും ട്രെയിന്‍ അപകടം സംഭവിക്കുമ്പോഴും അപകടത്തിന്‍റെ ഉത്തരവാദിത്തം എങ്ങിനെയെങ്കിലും ലോക്കോ പൈലറ്റുമാരുടെ തലയില്‍ ആവുന്നത് പതിവാണ്. അത്രയധികം ഉത്തരവാദിത്തത്തിലും സമ്മര്‍ദ്ദത്തിലും ജോലി ചെയ്യേണ്ട, ഒരു ട്രെയിനിലെ മുഴുവന്‍ യാത്രക്കാരുടെയും സുരക്ഷ ഏറ്റെടുക്കേണ്ടിവരുന്ന തൊഴില്‍ വിഭാഗമാണ് ലോക്കോ പൈലറ്റുമാര്‍. അവര്‍ക്ക് സമാധാനത്തോടെ സുരക്ഷിതമായി ജോലി ചെയ്യാനുള്ള അവസരം ഒരുക്കേണ്ടത് ഇന്ത്യന്‍ റെയില്‍വേയുടെ ഉത്തരവാദിത്തവുമാണ്.

എന്നാല്‍ വളരെ മോശം സാഹചര്യത്തിലാണ് ഓരോ ലോക്കോ പൈലറ്റും ജോലി ചെയ്യുന്നത് എന്നാണ് തുടര്‍ച്ചയായുള്ള ഈ സമരങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. കൃത്യമായ ജോലി സമയമില്ലാതെ, ഭക്ഷണം കഴിക്കാനോ വിശ്രമിക്കാനോ ഉള്ള സാഹചര്യമില്ലാതെ, കൃത്യമായി ടോയിലെറ്റില്‍ പോകാനുള്ള സൗകര്യം പോലുമില്ലാതെയാണ് രാജ്യത്തെ ലോക്കോ പൈലറ്റുമാര്‍ മണിക്കൂറുകളോളം ജോലി ചെയ്യുന്നത്. നിരവധി സ്ത്രീകളടക്കം ജോലി ചെയ്യുന്ന തൊഴിലിടം കൂടിയാണ് ഇന്ത്യന്‍ റെയില്‍വേ. അവിടെയാണ് അടിസ്ഥാന സൗകര്യമൊന്നും ഒരുക്കാതെയുള്ള ഇന്ത്യന്‍ റെയില്‍വേയുടെ അനാസ്ഥ തുടരുന്നത്. വന്ദേഭാരതില്‍ പോലും ലോക്കോ പൈലറ്റ്മാരുടെ കാബിനില്‍ ടൊയിലറ്റ് സൗകര്യമില്ല എന്നതാണ് സത്യം. ലോക്കോ പൈലറ്റ്മാർ നേരിടുന്ന ഏറ്റവും അടിസ്ഥാനമായ ഈ പ്രശ്നങ്ങളെല്ലാം അവരുടെ ജോലിയേയും ആരോഗ്യത്തെയും വല്ലാതെ ബാധിക്കുന്നുമുണ്ട്. അത് വഴി തീവണ്ടിയില്‍ യാത്ര ചെയ്യുന്ന കോടിക്കണക്കിന് ജനങ്ങളുടെ സുരക്ഷയെയും ഇത് ബാധിക്കുന്നു.

തൊഴിലാളികള്‍ക്ക് അടിസ്ഥാന സൗകര്യങ്ങളോ വേണ്ടത്ര തൊഴില്‍ സുരക്ഷയോ ഒരുക്കാതെ പരാതികളോടും സമരങ്ങളോടും മുഖംതിരിഞ്ഞ് നില്‍ക്കുന്ന സമീപനമാണ് നാളിതുവരെയായി ഇന്ത്യന്‍ റെയില്‍വേയുടെ ഭാഗത്ത് നിന്നും ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ആ അനാസ്ഥകള്‍ക്കെതിരെയാണ് ലോക്കോ പൈലറ്റുമാര്‍ നിരാഹാരം അനുഷ്ടിച്ച് പ്രതിഷേധിക്കുന്നത്.

Content Highlight; Loco pilots on hunger strike over job insecurity

dot image
To advertise here,contact us
dot image