

കാസര്‍കോട്: പടന്ന പഞ്ചായത്ത് രണ്ടാം വാര്‍ഡില്‍ കോണ്‍ഗ്രസും മുസ്‌ലിം ലീഗും തമ്മില്‍ നിലനിന്നിരുന്ന തര്‍ക്കം അവസാനിച്ചു. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുടെ സ്ഥാനാര്‍ത്ഥിത്വം മരവിപ്പിച്ച് ലീഗ് പ്രതിനിധിയെ മത്സരിപ്പിക്കാൻ കോണ്‍ഗ്രസ്- ലീഗ് നേതാക്കള്‍ പങ്കെടുത്ത യോഗത്തില്‍ ധാരണയായത്. യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ കെ നീലിമയുടെ സ്ഥാനാര്‍ത്ഥിത്വം മരവിപ്പിച്ച് ലീഗിലെ പി ആയിഷയെയാണ് സ്ഥാനാര്‍ത്ഥിയായി പരിഗണിക്കുക.
പടന്നയിലെ രണ്ടാം വാര്‍ഡ് വിട്ട് നല്‍കണമെന്ന് കോണ്‍ഗ്രസ് നേരത്തെ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതിനെ അവഗണിച്ച് ലീഗ് സ്വന്തം നിലയ്ക്ക് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചു. പിന്നാലെയാണ് ഇരുപാര്‍ട്ടികളും തമ്മില്‍ തര്‍ക്കം ആരംഭിച്ചത്. വിവിധ ഘട്ടങ്ങളിലായി പ്രശ്‌ന പരിഹാരത്തിന് ചര്‍ച്ചകള്‍ നടത്തിയെങ്കിലും ഇതിലൊന്നും പരിഹാരം കാണാന്‍ കഴിഞ്ഞിരുന്നില്ല. നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള സമയമായിട്ടും രണ്ട് സ്ഥാനാര്‍ത്ഥികളും മുന്നോട്ട് പോവുകയായിരുന്നു. യുഡിഎഫ് സംവിധാനത്തിന് കോട്ടം തട്ടും എന്ന സാഹചര്യമുണ്ടായപ്പോള്‍ ലീഗ് സ്ഥാനാര്‍ത്ഥിയെ മരവിപ്പിക്കാനുള്ള ശ്രമങ്ങള്‍ ലീഗിന്റെ ജില്ലാ നേതൃത്വം നടത്തിയെങ്കിലും പഞ്ചായത്ത് കമ്മിറ്റി ഈ നിര്‍ദേശം പാലിക്കാന്‍ തയ്യാറായില്ല.
തുടര്‍ന്ന് രണ്ട്, മൂന്ന് വാര്‍ഡ് കമ്മിറ്റി നീലിമയുടെ പ്രചാരണം ശക്തമാക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചു. രണ്ടാം വാര്‍ഡിലെ നീലിമയ്‌ക്കൊഴിച്ച് ബ്ലോക്ക്, ജില്ലാ ഡിവിഷനുകളിലെ ലീഗ് സ്ഥാനാര്‍ത്ഥികളുടെയും വോട്ട് ബഹിഷ്‌കരിക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചു. ഒപ്പം പടന്ന സഹകരണ ബാങ്ക് ഡയറക്ടര്‍ ബോര്‍ഡിലെ കോണ്‍ഗ്രസുകാര്‍ രാജിവെക്കുന്നതിനും തീരുമാനിച്ചു.
എന്നാല്‍ തദ്ദേശ തെരഞ്ഞെടുപ്പിന് ഒരാഴ്ച്ച മാത്രം ബാക്കി നില്‍ക്കെയാണ് യുഡിഎഫ് നേതാക്കളുടെ സമവായ ശ്രമം. അടുത്ത തദ്ദേശ തെരഞ്ഞെടുപ്പ് മുതല്‍ പടന്ന വില്ലേജില്‍ വിജയ സാധ്യതയുള്ള ഒരു സീറ്റ് കോണ്‍ഗ്രസിന് നല്‍കാനും പടന്ന സഹകരണ ബാങ്ക് ഭരണസമിതിയില്‍ ഒരു ഡയറക്ടര്‍ സ്ഥാനം നല്‍കാനും തീരുമാനമായി. യുഡിഎഫ് നേതാക്കള്‍ പടന്ന വടക്കേപ്പുറത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുമായി നടത്തിയ ചര്‍ച്ചയിലാണ് ധാരണയായത്.
Content Highlight; Congress-League dispute in Padanna ends; League candidate to contest by freezing UDF candidate