'സ്‌പെഷ്യൽ ബ്രാഞ്ചിലെ ഒരുപൊലീസുകാരൻ വിചാരിച്ചാൽ രാഹുലിനെ അറസ്റ്റ് ചെയ്യാമായിരുന്നു, അവർ അതല്ല ആഗ്രഹിച്ചത്'

പിഎം ശ്രീ ഒപ്പുവെക്കുന്നതിൽ ഒരു കയ്യാളിന്റെ ജോലിയെ നമ്മുടെ ശിവൻകുട്ടിക്ക് ഉണ്ടായിരുന്നുള്ളൂവെന്ന് വി ഡി സതീശന്‍

'സ്‌പെഷ്യൽ ബ്രാഞ്ചിലെ ഒരുപൊലീസുകാരൻ വിചാരിച്ചാൽ രാഹുലിനെ അറസ്റ്റ് ചെയ്യാമായിരുന്നു, അവർ അതല്ല ആഗ്രഹിച്ചത്'
dot image

തിരുവനന്തപുരം: സ്‌പെഷ്യൽ ബ്രാഞ്ചിലെ ഒരു പൊലീസുകാരൻ വിചാരിച്ചാൽ രാഹുൽ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്യാമായിരുന്നുവെന്നും എന്നാൽ ശബരിമല സ്വർണ്ണക്കൊള്ള മറക്കാനുള്ള ശ്രമമാണ് സർക്കാർ നടത്തിയതെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. പെൺകുട്ടി പരാതികൊടുക്കുമെന്ന് തലേദിവസം മുഖ്യമന്ത്രിക്ക് അറിയാമായിരുന്നല്ലോ, പരാതി കൊടുത്താലുള്ള നടപടിയെ കുറിച്ചും അറിയാമായിരുന്നു. സ്‌പെഷ്യൽ ബ്രാഞ്ചിലെ ഒരു പൊലീസുകാരൻ വിചാരിച്ചാൽ രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് നടക്കുമായിരുന്നു. അറസ്റ്റായിരുന്നില്ല അവരുടെ ആഗ്രഹം, തെരഞ്ഞെടുപ്പ് കാലത്ത് ശബരിമലയിലെ സ്വർണ്ണക്കൊള്ള വിഷയം മാറ്റിവെച്ച് വേറെ വിഷയം ചർച്ച ചെയ്യണം അതിനായിരുന്നു ഇതെല്ലാം എന്നും വി ഡി സതീശൻ പറഞ്ഞു.

ശബരിമല സ്വർണ്ണക്കൊള്ളയിൽ ഹൈക്കോടതി പറഞ്ഞത് ഞെട്ടിക്കുന്ന കാര്യങ്ങളാണെന്നും വി ഡി സതീശൻ പറഞ്ഞു. കേസിൽ അറസ്റ്റിൽ ആയവരെ കൂടാതെ ഒരുപാട് പ്രധാനപ്പെട്ട ആളുകൾ ഉണ്ട്. അവരെക്കുറിച്ച് അന്വേഷണം നടത്തേണ്ടതുണ്ട്. ഉണ്ണികൃഷ്ണൻ പോറ്റിയുടെ പിന്നിൽ വൻ തോക്കുകൾ ഉണ്ടെന്നും സതീശൻ പറഞ്ഞു. മുൻ ദേവസ്വം മന്ത്രി, ഇപ്പോഴത്തെ ദേവസ്വം മന്ത്രി, ദൈവതുല്യനായ ആളെന്ന് പത്മകുമാർ വിശേഷിച്ചവരുൾപ്പെടെ എല്ലാ വൻ തോക്കുകളും ഇതിനകത്ത് ഉണ്ട്. ജയിലിലേക്കുള്ള സിപിഐഎം നേതാക്കളുടെ ഷോഷയാത്ര തുടങ്ങിയിട്ടേ ഉള്ളൂ, ഇതിലും വലിയ നേതാക്കന്മാർ ജയിലിലാകും. കേരളം മുഴുവൻ അമ്പരന്ന് നിൽക്കുകയാണ്. രണ്ട് പ്രധാനപ്പെട്ട സിപിഐഎം നേതാക്കൾ ആണ് പ്രതികളായത്. സിപിഐഎം ഇതുവരെ നടപടി എടുത്തിട്ടില്ല. ജയിലിൽ ആയ ആൾക്കാരെ ഓർത്ത് സിപിഐഎം ഭയന്ന് നിൽക്കുകയാണ്. അവർ പുതിയ ആളുകളുടെ പേര് പറയുമെന്നാണ് അവരുടെ പേടി. അതിനാൽ തന്നെ സ്വർണ്ണക്കൊള്ളക്കാർക്ക് കുടപിടിച്ചു കൊടുക്കുകയാണ് സർക്കാർ ചെയ്യുന്നതെന്നും സതീശൻ ആരോപിച്ചു.

സ്വർണ്ണക്കൊള്ളയിൽ കടകംപള്ളിയെ ചോദ്യം ചെയ്യരുതെന്ന സമ്മർദം എസ്‌ഐടിക്ക് മേൽ മുഖ്യമന്ത്രിയുടെ ഓഫീസ് ചെലുത്തുന്നുണ്ട്. തെരഞ്ഞെടുപ്പ് കഴിയുംവരെ കടകംപള്ളിയെ ചോദ്യം ചെയ്യാൻ വിളിക്കരുതെന്നാണ് സർക്കാർ പറഞ്ഞിരിക്കുന്നത്. ചോദ്യം ചെയ്യൽ വൈകിപ്പിക്കാൻ പരമാവധി നോക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

പിഎംശ്രീ നടപ്പിലാക്കാൻ പാലമായി പ്രവർത്തിച്ചത് ജോൺ ബ്രിട്ടാസാണ്. പദ്ധതിയുടെ ഇടനിലക്കാരൻ ബ്രിട്ടാസ് ആയിരുന്നു. പൊളിറ്റ്ബ്യൂറോയോ സെക്രട്ടേറിയേറ്റോ ക്യാബിനേറ്റോ ഇടതുമുന്നണിയോ അറിയാതെ അമിത് ഷായും നരേന്ദ്രമോദിയും പറഞ്ഞ സ്ഥലത്ത് ഒപ്പിട്ടുകൊടുത്ത ആളാണ് പിണറായി വിജയൻ. ബിജെപിയും സിപിഐഎമ്മും തമ്മിലുള്ള ബന്ധത്തിന്റെ ഇടനിലക്കാരനാണ് ബ്രിട്ടാസ്. പിഎം ശ്രീ ഒപ്പുവെക്കുന്നതിൽ ഒരു കയ്യാളിന്റെ ജോലിയെ നമ്മുടെ ശിവൻകുട്ടിക്ക് ഉണ്ടായിരുന്നുള്ളൂ. പാലത്തിലൂടെ നടക്കുന്നത് ഏതായാലും കേരളത്തിന്റെ നല്ലതിനല്ല. ബിജെപിയും സിപിഐഎമ്മും തമ്മിൽ അവിഹിത ബാന്ധവമാണെന്നും സതീശൻ പറഞ്ഞു.

മുകേഷ് സിപിഐഎം മെമ്പർ അല്ലെന്ന എം വി ഗോവിന്ദന്റെ പരാമർശത്തിൽ സതീശൻ രൂക്ഷ വിമർശനം ഉന്നയിച്ചു. പീഡനക്കേസിൽ പ്രതിയായ അവരുടെ എംഎൽഎയോട് രാജിവെക്കണമെന്ന് സിപിഐഎം പറഞ്ഞിട്ടില്ല. മുകേഷ് എൽഡിഎഫിന്റെ പാർലമെന്ററി പാർട്ടി അംഗമാണ്. അതിൽനിന്നും മുകേഷിനെ പുറത്താക്കിയിട്ടില്ല. ജനങ്ങളെ കബളിപ്പിക്കുകയാണ് സർക്കാർ ചെയ്തത്. ഒരു തെളിവോ പരാതിയോ ഇല്ലാത്ത സമയത്താണ് രാഹുലിനെ യൂത്ത് കോൺഗ്രസ് അധ്യക്ഷസ്ഥാനത്തുനിന്ന് മാറ്റിയത്, പരാതി ഉയർന്നതിന് പിന്നാലെ പാർട്ടി സസ്‌പെൻഡും ചെയ്തു. അതിൽ ഞങ്ങൾ അഭിമാനിക്കുകയാണ് ചെയ്യുന്നതെന്നും സതീശൻ പറഞ്ഞു.

Content Highlights: A police officer Special Branch could have arrested Rahul Mamkootathil, says V D Satheesan

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us