

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊളള കേസില്‍ മുന്‍ ദേവസ്വം സെക്രട്ടറി എസ് ജയശ്രീയെ ചോദ്യംചെയ്യും. ഹൈക്കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തളളിയതോടെയാണ് ജയശ്രീയെ ചോദ്യംചെയ്യാന്‍ അന്വേഷണ സംഘം തീരുമാനിച്ചത്. ജയശ്രീയ്ക്ക് ഗൂഢാലോചനയില്‍ പങ്കുണ്ടെന്നാണ് എസ്‌ഐടിയുടെ നിഗമനം. ജയശ്രീയുടെ ആരോഗ്യസ്ഥിതി ചോദ്യംചെയ്യലിന് തടസമാകില്ലെന്നാണ് വിലയിരുത്തല്‍. ദ്വാരപാലക പാളികള്‍ കടത്തിയ കേസിലാണ് ചോദ്യംചെയ്യുക.
കേസില്‍ ജയശ്രീ നിര്‍ണായക കണ്ണിയാണ് എന്നാണ് അന്വേഷണസംഘത്തിന്റെ നിഗമനം. ക്ഷേത്രം വക വസ്തുക്കളുടെ കസ്റ്റോഡിയന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറാണ്. ദേവസ്വം സെക്രട്ടറി ചീഫ് അഡ്മിനിസ്‌ട്രേറ്ററാണ്. ആ ചുമതല കൂടി വഹിച്ചിരുന്നയാളാണ് ജയശ്രീ. അതുകൊണ്ടുതന്നെ ക്ഷേത്രവക സ്വത്തുകള്‍ കൈകാര്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട് ജയശ്രീയ്ക്ക് ഗൂഢാലോചനയില്‍ പങ്കുണ്ടെന്നാണ് നിഗമനം. 35 വര്‍ഷത്തെ സര്‍വീസ് ഉളളയാളാണ് ജയശ്രീ. ഗൂഢാലോചനയില്‍ പങ്കുളളത് കൊണ്ടാണ് സ്വര്‍ണത്തെ ചെമ്പെന്ന് രേഖപ്പെടുത്തിയിട്ട് പോലും അത് തിരുത്താന്‍ ജയശ്രീ തയ്യാറായില്ലെന്നാണ് അന്വേഷണസംഘം ചൂണ്ടിക്കാട്ടുന്നത്.
അതേസമയം, അന്വേഷണസംഘം പത്മകുമാറിനെ കസ്റ്റഡിയില്‍ വാങ്ങും. തിങ്കളാഴ്ച്ച കോടതിയെ സമീപിക്കാനാണ് നീക്കം. സ്വര്‍ണക്കൊളള കേസില്‍ എന്‍ വാസുവും മുരാരി ബാബുവും ജാമ്യം തേടി ഹൈക്കോടതിയെ സമീപിക്കും. കൊല്ലം വിജിലന്‍സ് കോടതി ജാമ്യാപേക്ഷ തളളിയ സാഹചര്യത്തിലാണ് ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുന്നത്.
Content Highlights: Sabarimala gold theft case: Former Devaswom Secretary S Jayashree to be questioned