

മലപ്പുറം: പിഎം ശ്രീ പദ്ധതിയിൽ ഒപ്പുവെച്ചതിന് മുഖ്യമന്ത്രിക്കെതിരെ അധിക്ഷേപ പരാമർശവുമായി മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാം. മുഖ്യമന്ത്രി പിണറായി വിജയൻ ആണും പെണ്ണും കെട്ടവനാണെന്ന് പിഎംഎ സലാമിന്റെ പ്രസ്താവന. വാഴക്കാട് പഞ്ചായത്ത് മുസ്‌ലിം ലീഗ് സമ്മേളനത്തിലെ ഉദ്ഘാടന പ്രസംഗത്തിലാണ് സലാം ഇക്കാര്യം പറഞ്ഞത്.
'ഹൈന്ദവ തത്വങ്ങളും വികലമായ വീക്ഷണങ്ങളും പഠിപ്പിക്കാനുള്ള ഹൈന്ദവത്വം പ്രചരിപ്പിക്കുന്ന തീവ്രഹിന്ദുത്വ വാദം പ്രചരിപ്പിക്കുന്ന വിദ്യാഭ്യാസ നയം കൊണ്ടുവരാൻ ഒപ്പിട്ടിരിക്കുന്ന സാഹചര്യമാണ് കേരളത്തിലുണ്ടായിട്ടുള്ളത്. അതിനെ എതിർക്കുന്ന മുഖ്യമന്ത്രിമാർ ഇന്ത്യയിലുണ്ട്. പതിനായിരം കോടി രൂപ തന്നാലും ഇത്തരം വർഗീയ വിഷം തങ്ങളുടെ സംസ്ഥാനത്തേക്ക് കൊണ്ടുവരില്ലെന്ന് വനിതാ മുഖ്യമന്ത്രിയായ പശ്ചിമ ബംഗാളിലെ മമത ബാനർജി പറഞ്ഞിട്ടുണ്ട്. കേരളത്തിലെ മുഖ്യമന്ത്രി ആണും പെണ്ണും കെട്ടതുകൊണ്ടാണ് അതിൽ ഒപ്പിട്ടത്', എന്ന് പിഎംഎ സലാം പറഞ്ഞു.
'മുഖ്യമന്ത്രി ആണും പെണ്ണും കെട്ടവനായത് കൊണ്ടാണ് പിഎം ശ്രീയിൽ ഒപ്പിട്ടത്. ഒന്നുകിൽ മുഖ്യമന്ത്രി ആണോ അല്ലെങ്കിൽ പെണ്ണോ ആകണം. ഇത് രണ്ടും അല്ലാത്ത മുഖ്യമന്ത്രിയെ നമുക്ക് കിട്ടിയതാണ് നമ്മുടെ അപമാനം' എന്നും സലാം വേദിയിൽ പറഞ്ഞു. വിദ്യാഭ്യാസ വകുപ്പുമായി ബന്ധപ്പെട്ട കേന്ദ്ര പദ്ധതിയായ പിഎം ശ്രീയിൽ ഒപ്പുവെച്ച സർക്കാർ തീരുമാനത്തെ യുഡിഎഫ് എതിർത്തിരുന്നു. ഇതിന്‍റെ ഭാഗമായാണ് പിഎംഎ സലാം അധിക്ഷേപ പരാമർശം ഉന്നയിച്ചത്.
Content Highlights : PMA Salam makes controversial remarks against the Chief Minister