അതിദരിദ്രരായ എത്രയോ പേർ എന്റെ നിയോജക മണ്ഡലത്തിലുണ്ട്; അതിൽ CPIM പ്രവർത്തകരുമുണ്ട്; വിമർശിച്ച് നജീബ് കാന്തപുരം

കേരളപ്പിറവിക്ക് ശേഷം ഒരുഭരണകൂടം നടത്തുന്ന ഏറ്റവും വലിയ നുണപ്രചാരണമാണ് ദാരിദ്ര്യമുക്ത കേരളം എന്ന പ്രഖ്യാപനമെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു

അതിദരിദ്രരായ എത്രയോ പേർ എന്റെ നിയോജക മണ്ഡലത്തിലുണ്ട്; അതിൽ CPIM പ്രവർത്തകരുമുണ്ട്; വിമർശിച്ച് നജീബ് കാന്തപുരം
dot image

തിരുവനന്തപുരം: സംസ്ഥാനത്തെ അതിദാരിദ്ര്യമുക്തമായി പ്രഖ്യാപിച്ചതിനെതിരെ നജീബ് കാന്തപുരം എംഎല്‍എ. കേരളപ്പിറവിക്ക് ശേഷം ഒരുഭരണകൂടം നടത്തുന്ന ഏറ്റവും വലിയ നുണപ്രചാരണമാണ് ദാരിദ്ര്യമുക്ത കേരളം എന്ന പ്രഖ്യാപനമെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

തന്റെ നിയോജക മണ്ഡലത്തില്‍ അതിദരിദ്രരായ എത്രയോ മനുഷ്യരെ കണ്ടിട്ടുണ്ടെന്നും
അതില്‍ നിരവധി സിപിഐഎം പ്രവര്‍ത്തകരുണ്ടെന്നും അദ്ദേഹം പറഞ്ഞു. താന്‍ അവരെ ഹാജരാക്കാം. അവര്‍ക്ക് കൂടി ഈ നാല് മാനദണ്ഡങ്ങളിലെ സൗകര്യം നിങ്ങള്‍ നല്‍കണം.
അതിദരിദ്രരായ മനുഷ്യരെ മുഖ്യമന്ത്രിയും സര്‍ക്കാരും അപമാനിക്കുകയാണ്. അതിദരിദ്രരെ ഇല്ലാതാക്കിയ സംസ്ഥാനമായല്ല കേരളം ഇന്ന് മുതല്‍ അറിയപ്പെടാന്‍ പോകുന്നത്.
പകരം അതിദരിദ്രരുടെ കഞ്ഞിയില്‍ മണ്ണുവാരിയിട്ട ഭരണകൂടം എന്ന നിലയിലായിരിക്കുമെന്നും എംഎൽഎ ആരോപിച്ചു.

ഈ പട്ടിണി പാവങ്ങളെല്ലാം സമ്പന്നരായി എന്ന് സ്ഥാപിക്കുക വഴി ഇവര്‍ക്ക് കിട്ടേണ്ട കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ എല്ലാ സഹായങ്ങളും റദ്ദാവുകയാണ്. തന്റെ നിയോജക മണ്ഡലത്തിലെ മുന്നൂറിലേറെ എസ്‌സി കോളനികളില്‍ (സദ് ഗ്രാമങ്ങളില്‍) കാലിക്കറ്റ് സര്‍വകലാശാലയിലെ ഡവലപ്‌മെന്റ് സ്റ്റഡീസ് വിദ്യാര്‍ത്ഥികള്‍ നടത്തിയ ഒരു പഠന റിപ്പോര്‍ട്ടുണ്ട്. വരും ദിവസങ്ങളില്‍ അത് പുറത്ത് വിടും. അതിനുള്ള മറുപടി പറഞ്ഞേ തീരൂവെന്നും നജീബ് കാന്തപുരം കുറിച്ചു.

ഇന്നുചേര്‍ന്ന പ്രത്യേക നിയമസഭാ സമ്മേളനത്തില്‍ ചട്ടം 300 പ്രകാരം മുഖ്യമന്ത്രി പിണറായി വിജയനാണ് പ്രഖ്യാപനം നടത്തിയത്. മുഖ്യമന്ത്രിക്ക് പ്രഖ്യാപനം നടത്താന്‍ നിയമസഭാ ചട്ടങ്ങള്‍ ലംഘിച്ചെന്ന് ആരോപിച്ച് പ്രതിപക്ഷം സഭ വിട്ടിരുന്നു. ഇതിനിടെയാണ് ചട്ടം 300 പ്രകാരം മുഖ്യമന്ത്രി പ്രഖ്യാപനം നടത്തിയത്. ഓരോ കേരളപ്പിറവി ദിനവും നമ്മള്‍ ആഘോഷിക്കാറുണ്ടെന്നും എന്നാല്‍ ഈ കേരളപ്പിറവി ഒരു പുതുയുഗത്തിന്റെ പിറവിയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തെ അതിദാരിദ്ര്യമുക്ത സംസ്ഥാനമാക്കുമെന്നത് തെരഞ്ഞെടുപ്പില്‍ നല്‍കിയ സുപ്രധാന വാദ്നാമായിരുന്നു. അത് നടപ്പിലാക്കിയെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു.

Content Highlights: najeeb kanthapuram against zero extreme poverty announcement by kerala govt

dot image
To advertise here,contact us
dot image