

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ അതിദാരിദ്ര്യമുക്ത കേരളം പ്രഖ്യാപനത്തില്‍ നടന്മാരായ മോഹന്‍ലാലും കമല്‍ഹാസനും എത്തില്ല. വ്യക്തിപരമായ തിരക്കുകള്‍ കാരണം പരിപാടിയിൽ പങ്കെടുക്കാനാകില്ലെന്ന് ഇരുവരും അറിയിച്ചു. മോഹന്‍ലാല്‍ വിദേശത്ത് മറ്റൊരു പടിപാടിയിലാണെന്നാണ് വിവരം. വൈകിട്ട് 3.30 ന് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിലാണ് പരിപാടി നടക്കുന്നത്.
അതേസമയം ചടങ്ങില്‍ പങ്കെടുക്കാനായി മമ്മൂട്ടി തലസ്ഥാനത്തെത്തി. മന്ത്രി വി ശിവൻകുട്ടി മമ്മൂട്ടിയെ സ്വീകരിച്ചു. പ്രതിപക്ഷ നേതാവിനും പരിപാടിയിലേക്ക് ക്ഷണം ഉണ്ടെങ്കിലും എത്തില്ല. പരിപാടി അല്‍പ്പസമയത്തിനകം ആരംഭിക്കും.
ഇന്ന് വിളിച്ചുചേർത്ത പ്രത്യേക നിയമസഭാ സമ്മേളനത്തില്‍ മുഖ്യമന്ത്രി അതിദാരിദ്ര്യ മുക്ത സംസ്ഥാനം പ്രഖ്യാപനം നടത്തിയിരുന്നു. സമാന പ്രഖ്യാപനം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ വൈകിട്ട് നാലിന് മുഖ്യമന്ത്രി നടത്തും. 64,006 കുടുംബങ്ങളെ അതിദാരിദ്ര്യ മുക്തമാക്കിയത് നവകേരള സൃഷ്ടിയിലെ നാഴികക്കല്ലാണെന്ന് മുഖ്യമന്ത്രി ഇന്ന് നിയമസഭയില്‍ പറഞ്ഞു.
എല്‍ഡിഎഫ് പ്രകടനപത്രികയിലെ മുഖ്യ വാഗ്ദാനമാണ് അതിദാരിദ്ര മുക്ത പ്രഖ്യാപനത്തിലൂടെ യാഥാര്‍ത്ഥ്യമായത്. പ്രതിപക്ഷത്തിന്റെ കടുത്ത വിയോജിപ്പുകള്‍ അവഗണിച്ചാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പ്രഖ്യാപനം നടത്തിയത്.
നവകേരള സൃഷ്ടിയുടെ സുപ്രധാന പടവാണ് കേരളം കടന്നിരിക്കുന്നതെന്ന് സ്പീക്കര്‍ എ എന്‍ ഷംസീറും സഭയില്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് വാഗ്ദാനം നിറവേറ്റിയതിന്റെ പ്രത്യക്ഷ ഉദാഹരണമായാണ് അതി ദാരിദ്ര്യമുക്ത പ്രഖ്യാപനത്തെ സര്‍ക്കാര്‍ ഉയര്‍ത്തിക്കാട്ടുക.
Content Highlights: Mohanlal and Kamal Haasan announce they will not be able to attend the ceremony