

കോഴിക്കോട്: ഷാഫി പറമ്പിൽ എംപിക്ക് പരിക്കേറ്റ പേരാമ്പ്ര സംഘർഷവുമായി ബന്ധപ്പെട്ട് പൊലീസിനെതിരെ രൂക്ഷ വിമർശനവുമായി കോടതി. സംഘർഷ സമയത്ത് ഗ്രനേഡ് കൈകാര്യം ചെയ്തതിൽ പൊലീസിന് ശ്രദ്ധക്കുറവുണ്ടായെന്ന് കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് കോടതി ഉത്തരവിൽ വ്യക്തമാക്കി. യുഡിഎഫ് പ്രവർത്തകരുടെ മുൻകൂർ ജാമ്യാപേക്ഷയുമായി ബന്ധപ്പെട്ട വിധിയിലാണ് പൊലീസിനെതിരായ കോടതിയുടെ വിമർശനം.
സംഘർഷത്തിനിടെ യുഡിഎഫ് പ്രവർത്തകർ സ്‌ഫോടക വസ്തു എറിഞ്ഞെന്ന കേസ് പൊലീസ് വീഴ്ച മറയ്ക്കാനാണെന്ന് കോടതി പറഞ്ഞു. ഗ്രനേഡ് കൈകാര്യം ചെയ്തതിലെ വീഴ്ച മറയ്ക്കാനാണ് പൊലീസ് പുതിയ കേസ് എടുത്തതെന്നും പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി വി എസ് ബിന്ദു കുമാരിയുടെ ഉത്തരവിൽ പറയുന്നുണ്ട്. തെളിവുകൾ പരിശോധിക്കുമ്പോൾ സ്‌ഫോടക വസ്തു ഉപയോഗിച്ചുവെന്ന് പുതുതായി എഫ്‌ഐആർ ഇട്ടത് വീഴ്ച മറച്ചുവെക്കാനാണെന്നാണ് ഉത്തരവിൽ പറയുന്നത്.
സംഘർഷവുമായി ബന്ധപ്പെട്ട് 700ഓളം യുഡിഎഫ് പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. പ്രതിഷേധക്കാർ തങ്ങൾക്ക് നേരെ സ്‌ഫോടക വസ്തു എറിഞ്ഞെന്നായിരുന്നു പൊലീസ് ആരോപിച്ചിരുന്നു. എന്നാൽ സ്‌ഫോടക വസ്തു എറിഞ്ഞത് തങ്ങളല്ലെന്നും പൊലീസ് തന്നെയാണെന്നുമാണ് യുഡിഎഫ് പ്രതികരണം.
Content Highlights : Court strongly criticizes police over Perambra clash