

ബെംഗളൂരു: ആര്‍എസ്എസിനെ നിരോധിക്കണമെന്ന കോണ്‍ഗ്രസ് ദേശീയ അദ്ധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ ആവശ്യം സോണിയ ഗാന്ധിയുടെയും രാഹുല്‍ ഗാന്ധിയുടെയും സമ്മര്‍ദ്ദത്തെ തുടര്‍ന്നാണെന്ന് മുതിര്‍ന്ന ബിജെപി നേതാവും കേന്ദ്ര മന്ത്രിയുമായ ശോഭാ കരന്തലജെ. ആര്‍എസ്എസിനെ നിരോധിക്കണമെന്നും രാജ്യത്തെ എല്ലാ പ്രശ്നങ്ങള്‍ക്കും കാരണം ആര്‍എസ്എസും ബിജെപിയുമാണെന്നുമാണ് ഖര്‍ഗെ പറഞ്ഞത്.
'ഞാന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയെ ബഹുമാനിക്കുന്നു. അദ്ദേഹം സംസ്ഥാന, ദേശീയ തലങ്ങളില്‍ വര്‍ഷങ്ങളുടെ അനുഭവപരിചയമുള്ള മുതിര്‍ന്ന രാഷ്ട്രീയ നേതാവാണ്. പക്ഷെ, ഇപ്പോള്‍ അദ്ദേഹത്തിന് പാര്‍ട്ടിയിലെ ഒരു കുടുംബത്തിന്റെ സമ്മര്‍ദ്ദഫലമായി സ്വതന്ത്രമായി ചിന്തിക്കാന്‍ കഴിയുന്നില്ല. 50 വര്‍ഷത്തെ രാഷ്ട്രീയ ജീവിതത്തില്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ ഇത് വരെ ആര്‍എസ്എസിനെതിരെ ഒരു പ്രസ്താവനയും നടത്തിയിട്ടില്ല.', ശോഭാ കരന്തലജെ പറഞ്ഞു.
സോണിയാ ഗാന്ധിയെയും രാഹുല്‍ ഗാന്ധിയെയും കേട്ടതിന് ശേഷം ഖര്‍ഗെ ആര്‍എസ്എസിനെതിരെ പ്രസ്താവനകള്‍ ഇറക്കുകയും നിരോധനം ആവശ്യപ്പെടുകയും ചെയ്യുന്നു. മുന്‍ പ്രധാനമന്ത്രിയായ ജവഹര്‍ലാല്‍ ലാലു ചെയ്യാത്തത്, ഇന്ദിരാ ഗാന്ധി ചെയ്യാത്തത് നിങ്ങള്‍ക്ക് ചെയ്യാന്‍ കഴിയുമോ?, ശോഭാ കരന്തലജെ ചോദിച്ചു.
സര്‍ദാര്‍ വല്ലഭായ് പട്ടേലിനെ കോണ്‍ഗ്രസ് അവഗണിച്ചുവെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിമര്‍ശനത്തിന് മറുപടി പറയവേയാണ് ഖര്‍ഗെ ആര്‍എസ്എസ് നിരോധനം ആവശ്യപ്പെട്ടത്. കോണ്‍ഗ്രസും യുപിഎ സര്‍ക്കാരും പട്ടേലിന് അര്‍ഹമായ ബഹുമാനം നല്‍കിയിട്ടുണ്ടെന്ന് മല്ലികാര്‍ജുന്‍ ഖര്‍ഗെ പറഞ്ഞു. ചരിത്രത്തെ വളച്ചൊടിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും ഗാന്ധിജിയെ കൊലപ്പെടുത്തിയവരാണ് ഇന്ന് കോണ്‍ഗ്രസ് വല്ലഭായ് പട്ടേലിനെ ഓര്‍ക്കുന്നില്ല എന്ന് പറയുന്നതെന്നും മല്ലികാര്‍ജുന്‍ ഖര്‍ഗെ പറഞ്ഞു. ആര്‍എസ്എസിനെ നിരോധിക്കണമെന്നും രാജ്യത്തെ എല്ലാ പ്രശ്നങ്ങള്‍ക്കും കാരണം ആര്‍എസ്എസും ബിജെപിയുമാണെന്നും ഖര്‍ഗെ പറഞ്ഞു.
'കോണ്‍ഗ്രസ് രാജ്യത്തിനു വേണ്ടി പോരാടി. നിരവധി നേതാക്കള്‍ രാജ്യത്തിനുവേണ്ടി ജീവന്‍ നല്‍കി. ബിജെപി രാജ്യത്തിനുവേണ്ടി എന്താണ് ചെയ്തതെന്ന് പറയണം. പട്ടേല്‍ രാജ്യത്ത് ഐക്യമുണ്ടാക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചു. ആ ഐക്യം നിലനിര്‍ത്താന്‍ ഇന്ദിരാ ഗാന്ധി ജീവന്‍ നല്‍കി. രാജ്യത്തെ വിഭജിക്കാന്‍ ശ്രമിക്കുന്നവര്‍ സര്‍ദാറിന്റെ ഓര്‍മ രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കുകയാണ്. ആര്‍എസ്എസിനെ നിരോധിക്കാതെ മറ്റ് വഴിയില്ലെന്ന് പട്ടേല്‍ വ്യക്തമാക്കിയിരുന്നു. ഗാന്ധി വധത്തിന് ഇടയാക്കിയത് ആര്‍എസ്എസ് സൃഷ്ടിച്ച അന്തരീക്ഷമാണ്. അദ്ദേഹത്തെ കോണ്‍ഗ്രസ് മറന്നുവെന്ന് പറയാന്‍ സംഘപരിവാറിന് അവകാശമില്ല', മല്ലികാര്‍ജുന്‍ ഖര്‍ഗെ പറഞ്ഞു
Content Highlights: Shobha Karandlaje, commenting on Mallikarjun Kharge’s demand to ban the RSS