മെസി വരും, കളി നടക്കും; സ്‌പോണ്‍സര്‍ തന്നിഷ്ടപ്രകാരം ഒന്നും ചെയ്തിട്ടില്ല: ജിസിഡിഎ ചെയര്‍മാന്‍ ചന്ദ്രന്‍പിള്ള

കോണ്‍ഗ്രസിന്റേത് രാഷ്ട്രീയ മുതലെടുപ്പെന്നും ചന്ദ്രന്‍ പിള്ള ആരോപിച്ചു

മെസി വരും, കളി നടക്കും; സ്‌പോണ്‍സര്‍ തന്നിഷ്ടപ്രകാരം ഒന്നും ചെയ്തിട്ടില്ല: ജിസിഡിഎ ചെയര്‍മാന്‍ ചന്ദ്രന്‍പിള്ള
dot image

കൊച്ചി: കലൂര്‍ സ്റ്റേഡിയത്തിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് കരാറുണ്ടെന്ന് ജിസിഡിഎ ചെയര്‍മാന്‍ ചന്ദ്രന്‍പിള്ള. സ്‌പോണ്‍സറായ റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിങ് കമ്പനി തന്നിഷ്ടപ്രകാരം ഒന്നും ചെയ്തിട്ടില്ലെന്നും മെസിയും അര്‍ജന്റീന ടീമും മാര്‍ച്ചില്‍ സ്റ്റേഡിയത്തില്‍ കളിക്കുമെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസിന്റേത് രാഷ്ട്രീയ മുതലെടുപ്പെന്നും ചന്ദ്രന്‍ പിള്ള ആരോപിച്ചു. ക്രിമിനല്‍ കുറ്റമാണ് കോണ്‍ഗ്രസ് ചെയ്യുന്നത്.

സ്റ്റേഡിയത്തില്‍ അതിക്രമിച്ചു കയറി. ടര്‍ഫടക്കം അന്താരാഷ്ട്ര നിലവാരത്തില്‍ പരിപാലിക്കുന്നതാണ്. സ്റ്റേഡിയത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ എത്രയും വേഗത്തില്‍ പൂര്‍ത്തീകരിക്കും. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കെല്ലാം കരാറുണ്ട്. ജിസിഡിഎ-സ്റ്റേഡിയ വിവാദം രാഷ്ട്രീയവല്‍ക്കരിക്കാന്‍ കോണ്‍ഗ്രസ് ശ്രമിക്കുകയാണെന്നും അദ്ദേഹം ആവര്‍ത്തിച്ചു.

കലൂർ സ്റ്റേഡിയത്തിലെ നിർമാണം ഉടൻ പൂർത്തിയാക്കുമെന്ന് റിപ്പോർട്ടർ ടിവി മാനേജിംഗ് എഡിറ്ററും എംഡിയുമായ ആന്റോ അഗസ്റ്റിൻ നേരത്തെ വ്യക്തമാക്കിയിരുന്നു. അർജന്റീനയുടെ മത്സരം മാറ്റിവെച്ചെങ്കിലും നിർമാണം പൂർത്തിയാക്കും. നിർമാണം പൂർത്തിയാക്കി മത്സരം നടത്താനുള്ള കരാർ നവംബർ 30 വരെയാണ്. അതിന് മുൻപ് പണി പൂർത്തിയാക്കി സ്റ്റേഡിയം കൈമാറും. സ്റ്റേഡിയത്തിലെ ഓരോ നിർമാണവും ജിസിഡിഎയുടെയും എസ്‌കെഎഫിന്റെയും അനുമതിയോടെയാണ്. ഫിഫ നിഷ്‌കർഷിക്കുന്ന നിലവാരത്തിൽ നിർമാണം പൂർത്തിയാക്കുകയാണ് ലക്ഷ്യമെന്നും ആന്റോ അഗസ്റ്റിൻ പറഞ്ഞിരുന്നു.

സ്റ്റേഡിയത്തിൽ എഴുപത് കോടിയുടെ നിർമാണ പ്രവർത്തനങ്ങളാണ് നടക്കുന്നത്. രാജ്യാന്തര നിലവാരത്തിലാണ് പുനർനിർമാണം. സ്റ്റേഡിയത്തെ ശക്തിപ്പെടുത്തുന്ന നടപടികളാണ് ഇപ്പോൾ പുരോഗമിക്കുന്നത്. കസേരകൾ മുഴുവൻ മാറ്റി സ്ഥാപിച്ചുകൊണ്ടിരിക്കുകയാണ്. സ്റ്റേഡിയം മുഴുവൻ പെയിന്റ് ചെയ്തു. രാജ്യാന്തര നിലവാരത്തിൽ ലൈറ്റുകൾ സ്ഥാപിക്കുന്നുണ്ട്. ഇന്റീരിയർ ഡിസൈനിങ് മറ്റൊരു ഭാഗത്ത് കൂടി നടക്കുന്നുണ്ട്. ബാത്‌റൂമുകൾ ഉൾപ്പെടെ മാറ്റിപ്പണിയുകയാണ്. സ്റ്റേഡിയത്തിൽ 38 എർത്തുകളുടെ ആവശ്യമുണ്ട്. ഇവിടെ ഒരു എർത്ത് പോലുമില്ല എന്നതാണ് വാസ്തവം. ഒരു എർത്തിന് ഒരു കോടി രൂപയെങ്കിലും ആവശ്യമായി വരും. അത് ഉടൻ സ്ഥാപിക്കും. ഇതടക്കമുള്ള നടപടികൾ ഉടൻ പൂർത്തിയാക്കുമെന്നും ആന്റോ അഗസ്റ്റിൻ പറഞ്ഞു.

കൊച്ചി സ്‌റ്റേഡിയത്തിന് ഫിഫ അപ്രൂവൽ ലഭിക്കുക എന്നതിനാണ് പ്രാധാന്യം. അതിനായാണ് മുന്നിട്ടിറങ്ങിയത്. ലായം കൊയ്യാൻ ഉദ്ദേശമില്ല. കേരളത്തിൽ പണം മുടക്കുന്നവരെ ലാഭം കൊയ്യുന്നവരായാണ് ചിലർ കാണുന്നത്. കളി നടന്നില്ലെങ്കിൽ നഷ്ടമുണ്ടാകാം. സ്റ്റേഡിയത്തിന്റെ പണിയിൽ അപാകതയുണ്ടെങ്കിൽ മാധ്യമങ്ങൾക്ക് ചൂണ്ടിക്കാട്ടാം. ജിസിഡിഎയുടെ കീഴിലുള്ള സ്റ്റേഡിയമാണ്. പണം മുടക്കുന്നു എന്നല്ലാതെ മറ്റൊന്നുമില്ല. എസ്‌കെഎഫാണ് തന്നെ സമീപിച്ചത്. സ്റ്റേഡിയം നവീകരിക്കുന്ന എന്നതാണ് ലക്ഷ്യം. സ്റ്റേഡിയത്തിന്റെ വർക്ക് നിർത്തിവെച്ചിട്ടില്ല. ഫിഫ നിർകർഷിക്കുന്ന നിലവാരത്തിൽ നിർമാണം പുരോഗമിക്കുകയാണ്. ഉടൻ തന്നെ ഫിഫയുടെ അപ്രൂവൽ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ആന്റോ അഗസ്റ്റിൻ വ്യക്തമാക്കി.

നവംബർ പതിനേഴിന് മത്സരം നടത്തുന്നതിന് വേണ്ടി സ്റ്റേഡിയം നവീകരിക്കുമെന്നാണ് നേരത്തേ പറഞ്ഞത്. സ്റ്റേഡിയം നവീകരിക്കുന്നതിന് ആർക്കാണ് നഷ്ടമെന്ന് ആന്റോ അഗസ്റ്റിൻ ചോദിച്ചു. സ്റ്റേഡിയം നവീകരിക്കുന്നു എന്ന് കരുതി തന്റെ പേരിൽ എഴുതി നൽകില്ല. മെസി വരില്ലെന്ന് പറഞ്ഞ് ഒരു കൂട്ടം മാധ്യമങ്ങൾ ആഘോഷിക്കുന്നു.അടുത്ത വിൻഡോയിലേക്ക് കളി മാറ്റിവെയ്ക്കുമെന്നാണ് പറഞ്ഞത്. അർജന്റീന ടീമിനെ കൊണ്ടുവരില്ല എന്നാണ് സർക്കാർ പറയുന്നതെങ്കിൽ അങ്ങനെ നടക്കട്ടെയെന്നും ആന്റോ അഗസ്റ്റിൻ പറഞ്ഞിരുന്നു.

നാടിന് എന്തെങ്കിലും ഗുണം ഉണ്ടാകുന്ന കാര്യം ചെയ്യണമെന്ന് കരുതിയാണ് ഇതിലേക്ക് ഇറങ്ങിയത്. മെസിയുടെയും സംഘത്തിന്റെയും കേരളത്തിലേക്കുള്ള വരവിനായി 130 ലധികം കോടി ഇതിനകം ചെലവഴിച്ചു. ആ പണം അർജന്റീന തിരികെ നൽകാത്ത സാഹചര്യമില്ല. ആ രീതിയിലാണ് ചില മാധ്യമങ്ങൾ വാർത്ത നൽകുന്നത്. വിഷയത്തിൽ വിവാദമുണ്ടാക്കാനില്ല. നാടിന്റെ വികനത്തിന് ഉണ്ടാകുന്ന നേട്ടത്തെ രാഷ്ട്രീയവത്ക്കരിക്കാൻ കഴിയില്ല. പ്രോട്ടോക്കോൾ പാലിച്ചോ ഇല്ലയോ എന്ന് നോക്കേണ്ട കാര്യമില്ല. ചെയ്ത കാര്യങ്ങൾക്കെല്ലാം തന്റെ കൈവശം രേഖകളുണ്ടെന്നും ആന്റോ അഗസ്റ്റിൻ പറഞ്ഞിരുന്നു. മെസിയെ മാത്രം കൊണ്ടുവന്നാലോ എന്ന് ആലോചിക്കുന്നുണ്ട്. സർക്കാർ അംഗീകരിച്ചാൽ മെസിയെ മാത്രം കൊണ്ടുവരും. മാർച്ച് വരെ സമയമുണ്ട്. സർക്കാരിന് താത്പര്യമുണ്ടെങ്കിൽ നടക്കട്ടെയെന്നും ആന്റോ അഗസ്റ്റിൻ വ്യക്തമാക്കിയിരുന്നു.

Content Highlights: GCDA Chairman Chandran Pillai says have contract for construction work at Kaloor Stadium

dot image
To advertise here,contact us
dot image