

സാധാരണയായി ശ്വസനം ശാന്തമായും എളുപ്പത്തിലും സംഭവിക്കുന്നതാണ്. ആരോഗ്യകരമായ ശ്വാസകോശ കലകളിലൂടെ വായു സൗമ്യമായി സഞ്ചരിക്കുമ്പോഴാണ് ഇങ്ങനെ ശ്വസനം ഉണ്ടാകുന്നത്. നിങ്ങളുടെ ശ്വാസോച്ഛ്വാസത്തിന്റെ ശബ്ദം ശ്വാസകോശ ആരോഗ്യത്തെക്കുറിച്ച് പ്രധാനപ്പെട്ട ചില സൂചനകള്‍ നല്‍കുന്നു. ശ്വസിക്കുന്ന സമയത്ത് വിസിലില്‍നിന്ന് ശബ്ദം വരുന്നതുപോലെയോ ചെറിയ പൊട്ടല്‍ ശബ്ദമോ ശ്രദ്ധയില്‍പ്പെട്ടാല്‍ ശ്രദ്ധിക്കേണ്ടതാണ്. ഇത് ആസ്ത്മ, അണുബാധ പോലെയുള്ള അസുഖങ്ങളുടെ സൂചനയാവാം.

'സാധാരണയായുള്ള വെസിക്കുലാര്‍ ശ്വസന ശബ്ദം' ഒരാളുടെ നെഞ്ചിനോടോ പിറകിലോ ചെവി വച്ചുകൊണ്ട് കേള്‍ക്കാനാവും. എന്നാല്‍ രോഗം ശ്വാസകോശത്തെ ബാധിക്കുമ്പോള്‍ ശ്വാസകോശത്തിന്റെ സാധാരണ ഘടന തകരാറിലാവുകയും ശ്വസിക്കുമ്പോള്‍ അസാധാരണമായ ശബ്ദങ്ങള്‍ ഉണ്ടാവുകയും ചെയ്യും. പരിചയസമ്പന്നനായ ഒരു ഡോക്ടര്‍ക്ക് ഇത്തരം ശബ്ദങ്ങള്‍ തിരിച്ചറിയാന്‍ കഴിയും.
ശ്വാസം വിടുമ്പോള്‍ ഒരു ചെറിയ ശ്വസന ബുദ്ധിമുട്ട് അല്ലെങ്കില്‍ ചൂളമടി ശബ്ദം ശ്വാസനാളങ്ങളിലുണ്ടാകുന്ന സങ്കോചങ്ങളെയോ വീക്കത്തിന്റെയോ ലക്ഷണമാകാം. ശ്വാസകോശത്തില്‍ 2 മില്ലിമീറ്ററില്‍ താഴെ വ്യാസമുളള ദശലക്ഷക്കണക്കിന് ശ്വാസനാളങ്ങള്‍ അടങ്ങിയിട്ടുണ്ട്. ഇത് ചെറിയ വായു സഞ്ചികളിലേക്ക് നയിക്കുന്നു. ഇവിടെനിന്ന് ഓക്‌സിജന്‍ രക്തത്തിലേക്ക് കടക്കുന്നു. ഈ ശ്വാസനാളം ചുരുങ്ങുമ്പോള്‍ ശ്വാസതടസ്സം ഉണ്ടാവുകയും ചൂളമടി ശബ്ദം കേള്‍ക്കുയും ചെയ്യുന്നു.

അലര്‍ജിയോടുള്ള പ്രതികരണമായി ശ്വാസനാളങ്ങള്‍ ചുരുങ്ങുന്നത് ആസ്ത്മയുടെ ലക്ഷണമാണ്.പുകവലി മൂലമുണ്ടാകുന്ന ബ്രോങ്കൈറ്റീസ് അല്ലെങ്കില്‍ Chronic Obstructive Pulmonary Disease (copd) എന്നിവയിലും ചിലപ്പോള്‍ വൈറല്‍ അണുബാധയ്ക്ക് ശേഷവും ഇങ്ങനെ സംഭവിക്കാം.
ശ്വാസകോശ കലകളിലെ ബാക്ടീരിയ അണുബാധയായ ന്യുമോണിയ ഉണ്ടാകുമ്പോള്‍ അണുബാധയുണ്ടാകുന്ന പ്രദേശത്തെ ദശലക്ഷക്കണക്കിന് ആല്‍വിയോളികള്‍ ദ്രാവകങ്ങള്‍കൊണ്ടും അവശിഷ്ടങ്ങള്‍ കൊണ്ടും ചത്ത ബാക്ടീരിയകള്‍കൊണ്ടും നിറയും. ഈ ആല്‍വിയോള സഞ്ചികളിലൂടെ വായു കടന്നുപോകുമ്പോള്‍ അത് ഒരു കുമിള പൊട്ടുന്നതുപോലുള്ള ശബ്ദമുണ്ടാക്കുന്നു. അത്തരം സന്ദര്‍ഭങ്ങളില്‍ നെഞ്ചുവേദനയോടുകൂടിയ ചുമ ഉണ്ടാകുന്നു.മെഡിക്കല്‍ വിലയിരുത്തല്‍ കൊണ്ടോ മരുന്നുകള്‍ കൊണ്ടോ ശ്വാസകോശ സംബന്ധമായ ഇത്തരം പ്രശ്‌നങ്ങള്‍ പരിഹരിക്കാവുന്നതാണ്.
Content Highlights : Some unusual breathing sounds can alert you to lung health