ശ്രദ്ധിക്കുക ഈ ലക്ഷണങ്ങള്‍ കണ്ടില്ലെന്ന് നടിക്കരുത്; സ്‌ട്രോക്കിന്റെ സൂചനയാവാം

തലച്ചോറിനേല്‍ക്കുന്ന അറ്റാക്ക് ആണ് സ്‌ട്രോക്ക്

ശ്രദ്ധിക്കുക ഈ ലക്ഷണങ്ങള്‍ കണ്ടില്ലെന്ന് നടിക്കരുത്; സ്‌ട്രോക്കിന്റെ സൂചനയാവാം
dot image

ലച്ചോറിലേക്ക് ആവശ്യമായ രക്തയോട്ടം തടസ്സപ്പെടുമ്പോഴാണ് സ്‌ട്രോക്ക് അല്ലെങ്കില്‍ പക്ഷാഘാതം ഉണ്ടാകുന്നത്. രക്തക്കുഴലുകളിലെ തടസ്സമോ തലച്ചോറിലുണ്ടാകുന്ന രക്തസ്രാവമോ സ്‌ട്രോക്കിന് കാരണമാകാം. ലോകമെമ്പാടും സംഭവിക്കുന്ന മരണങ്ങളില്‍ രണ്ടാമത്തെ പ്രധാനകാരണങ്ങളിലൊന്നാണ് ഇത്. സ്‌ട്രോക്ക് ഏത് പ്രായത്തിലുള്ളവരെയും ബാധിക്കാം. തലച്ചോറിന്റെ ഏത് ഭാഗത്തെയാണ് ബാധിക്കുന്നത് എന്നതനുസരിച്ച് സ്ട്രാക്കിന് വ്യത്യസ്ത ലക്ഷണങ്ങളാണ് ഉണ്ടാവാറുള്ളത്. എങ്കിലും സാധാരണ സംഭവിക്കുന്ന ചില ലക്ഷണങ്ങളുണ്ട്. സ്ട്രാക്കിന്റെ ലക്ഷണങ്ങള്‍ നേരത്തെ കണ്ടെത്തി രോഗിക്ക് വേണ്ട ചികിത്സ നല്‍കിയാല്‍ അവര്‍ അതിജീവിക്കാനുള്ള സാധ്യതയുണ്ട്. സ്‌ട്രോക്കിന്റെ ലക്ഷണങ്ങള്‍ തിരിച്ചറിയാന്‍ വൈകുന്നതാണ് പലപ്പോഴും ചികിത്സ വൈകിപ്പിക്കുന്നത്.

സ്‌ട്രോക്ക് വരാനുള്ള കാരണങ്ങള്‍

സ്‌ട്രോക്ക് ഒരു ജീവിതശൈലീ രോഗമാണ്. പുകവലി, അമിതവണ്ണം, വ്യായാമത്തിന്റെ കുറവ്, മോശമായ ആഹാരക്രമം, അമിത രക്തസമ്മര്‍ദ്ദം, പ്രമേഹം, മാനസിക സമ്മര്‍ദ്ദം കൊളസ്‌ട്രോളിന്റെ അളവ് കൂടുന്നത് ഇവയൊക്കെ സ്‌ട്രോക്കിന് കാരണമാകാം. ഇതോടൊപ്പം ഹാര്‍ട്ട് അറ്റാക്ക് വന്നവരിലും ഹൃദയ സംബന്ധമായ തകരാറുകള്‍ ഉള്ളവരിലും ഹൃദയമിടിപ്പ് ക്രമമല്ലാത്തവരിലും ഒക്കെ സ്‌ട്രോക്ക് ഉണ്ടാകാവുന്നതാണ്. പാരമ്പര്യവും സ്‌ട്രോക്ക് ഉണ്ടാകുന്നതിന് ഒരു ഘടകമാണ്.

സ്‌ട്രോക്കിന്റെ ലക്ഷണങ്ങള്‍

  • സംസാരിക്കാനും മറ്റുള്ളവര്‍ എന്താണ് പറയുന്നത് എന്ന് മനസിലാക്കാനുള്ള ബുദ്ധിമുട്ട്. ഇവര്‍ ആശയക്കുഴപ്പത്തിലാവുകയോ കേള്‍ക്കുന്നത് മനസിലാക്കാന്‍ കഴിയാതെ വരികയോ ചെയ്‌തേക്കാം.
  • മുഖം, കൈകള്‍, കാലുകള്‍ എന്നിവിടങ്ങളില്‍ മരവിപ്പോ വേദനയോ ഉണ്ടാവുക. സ്‌ട്രോക്ക് പലപ്പോഴും ശരീരത്തിന്റെ ഒരു വശത്തെ മാത്രമേ ബാധിക്കുകയുളളൂ. രോഗി രണ്ട് കൈകളും തലയ്ക്ക് മീതെ ഉയര്‍ത്താന്‍ ശ്രമിക്കുമ്പോള്‍ ഒരു കയ്യ് താഴെവീഴുകയാണെങ്കില്‍ അത് സ്‌ട്രോക്കിന്റെ ലക്ഷണമാകാം.
  • പെട്ടെന്ന് കണ്ണിന്റെ കാഴ്ച മങ്ങുക. അത് ഒരു കണ്ണിന്റെയോ രണ്ട് കണ്ണിന്റെയോ ലക്ഷണമാകാം.
  • പെട്ടെന്നുണ്ടാകുന്ന കഠിനമായ തലവേദന. തലവേദനയോടൊപ്പം ഛര്‍ദ്ദി, തലകറക്കം, ബോധം മറയുക എന്നീ ലക്ഷണവും ഉണ്ടാവാം.
  • പക്ഷാഘാതം ഉണ്ടാകുന്ന ഒരാള്‍ക്ക് നടക്കുമ്പോള്‍ ബാലന്‍സ് കിട്ടാതെവരും.
    ഈ ലക്ഷണങ്ങള്‍ ഏതെങ്കിലും ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം ഒരു ഡോക്ടറുടെ സേവനം തേടേണ്ടത് അത്യാവശ്യമാണ്.

പ്രതിരോധ മാര്‍ഗ്ഗങ്ങള്‍ എന്തൊക്കെയാണ്

ജീവിതശൈലിയില്‍ മാറ്റങ്ങള്‍ വരുത്തിക്കൊണ്ട് സ്‌ട്രോക്കിന്റെ സാധ്യത കുറയ്ക്കാന്‍ സാധിക്കും.

  • രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരമായി നിലനിര്‍ത്തുക.
  • പുകവലി ഒഴിവാക്കുക
  • രക്തസമ്മര്‍ദ്ദം നിയന്ത്രിക്കുക
  • കൊളസ്ട്രാള്‍ അളവ് സാധാരണ പരിധിയില്‍ നിലനിര്‍ത്തുക
  • ശരീരഭാരം വര്‍ദ്ധിക്കാതെ നോക്കുക
  • ആരോഗ്യകരമായ ഭക്ഷണം കഴിക്കുക
  • വ്യായാമം സ്ട്രോക്കിന്റെ സാധ്യത കുറയ്ക്കുന്നു. അതുകൊണ്ട് ഉദാസീന ശീലങ്ങള്‍ മാറ്റിവച്ച് എപ്പോഴും സജീവമായിരിക്കാന്‍ ശ്രദ്ധിക്കുക.

Content Highlights :Be careful, don't ignore these symptoms; they could be a sign of stroke.





                        
                        
                        


 


                        dot image
                        
                        
To advertise here,contact us
dot image