

കോഴിക്കോട്: മാധ്യമങ്ങളിലൂടെ തന്നെ അപമാനിച്ചുവെന്ന് ചൂണ്ടിക്കാട്ടി ഷാഫി പറമ്പില്‍ എംപിക്കെതിരെ നടപടിക്ക് ശുപാര്‍ശതേടി സിഐ അഭിലാഷ് ഡേവിഡ്. വടകര കണ്‍ട്രോള്‍ റൂം സിഐ അഭിലാഷ് ഡേവിഡാണ് തന്നെ ആക്രമിച്ചതെന്ന് ഷാഫി വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചിരുന്നു.
അതേസമയം, പേരാമ്പ്ര സംഘര്‍ഷത്തില്‍ പൊലീസിനെതിരെ ഷാഫി നല്‍കിയ പരാതിയിലും അന്വേഷണമെങ്ങുമെത്തിയില്ല. രാഷ്ട്രീയ സമര്‍ദം ശക്തമാക്കാന്‍ നാളെ വടകരയില്‍ യൂത്ത്‌കോണ്‍ഗ്രസ് മാര്‍ച്ച് സംഘടിപ്പിക്കും. തന്നെ അടിച്ച അഭിലാഷ് 2023 ജനുവരി 16-ന് പിരിച്ചുവിട്ട മൂന്ന് പൊലീസുകാരില്‍ ഒരാളാണെന്ന് ഷാഫി പറമ്പില്‍ ആരോപിച്ചിരുന്നു.
ഗുണ്ടാ ബന്ധത്തിന്റെ പേരിലായിരുന്നു പിരിച്ചുവിടലെന്നും എന്നിട്ട് ഇപ്പോഴും സര്‍വീസില്‍ തുടരുകയാണെന്നും ഷാഫി ആരോപിച്ചിരുന്നു. വടകര കണ്‍ട്രോള്‍ റൂം സിഐയാണിയാള്‍. പേരാമ്പ്രയില്‍ അക്രമത്തിന് നേതൃത്വം നല്‍കിയത് അഭിലാഷാണ്. ഇയാള്‍ സിപിഐഎം ഗുണ്ടയാണെന്നും ഷാഫി പറമ്പില്‍ ആരോപിച്ചിരുന്നു. ഇതിനെതിരെയാണ് അഭിലാഷ് നടപടിക്ക് ശുപാര്‍ശ തേടിയിരിക്കുന്നത്.
പേരാമ്പ്ര സംഘര്‍ഷവുമായി ബന്ധപ്പെട്ട് വടകര, പേരാമ്പ്ര ഡിവൈഎസ്പിമാര്‍, ഷാഫി പറമ്പിലിനെ അടിച്ച മറ്റൊരു പൊലീസ് ഉദ്യോഗസ്ഥന്‍ എന്നിങ്ങനെ മൂന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കോണ്‍ഗ്രസ് ആരോപണം ഉന്നയിച്ചിരുന്നു. ഈ പൊലീസ് ഉദ്യോഗസ്ഥന്‍ പേരാമ്പ്ര ഡിവൈഎസ്പിയുടെ പേഴ്സണല്‍ സെക്യൂരിറ്റ് സ്റ്റാഫായ വിഷ്ണു വത്സന്‍ ആണെന്നായിരുന്നു സൈബര്‍ ഇടങ്ങളില്‍ കോണ്‍ഗ്രസ് നടത്തിയ പ്രചാരണം. ഇയാളുടെ ഫോട്ടോ സഹിതമായിരുന്നു പ്രചാരണം നടത്തിയത്. ഇതിനെതിരെ വിഷ്ണു വത്സന്‍ പേരാമ്പ്ര സ്റ്റേഷനിലും എലത്തൂര്‍ സ്റ്റേഷനിലും പരാതി നല്‍കിയിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തില്‍ കെഎസ്‌യു ജില്ല പ്രസിഡന്റ് ഉള്‍പ്പെടയുള്ളവര്‍ക്കെതിരെ കേസെടുക്കുകയും ചെയ്തിരുന്നു.
Content Highlights: CI Abhilash David seeks recommendation for action against Shafi Parambil