കോട്ടയത്ത് അവകാശികളെ കാത്ത് ബാങ്കുകളിൽ138 കോടി രൂപ; രേഖകളുണ്ടെങ്കില്‍ കയ്യില്‍ ലഭിക്കും

നിക്ഷേപത്തിന്‍റെ അവകാശികളാണെന്ന് തെളിയിക്കുന്ന രേഖകൾ ക്യാമ്പിലെത്തുന്നവരുടെ കൈയ്യിലുണ്ടായിരിക്കണം

കോട്ടയത്ത് അവകാശികളെ കാത്ത് ബാങ്കുകളിൽ138 കോടി രൂപ; രേഖകളുണ്ടെങ്കില്‍ കയ്യില്‍ ലഭിക്കും
dot image

കോട്ടയം : ജില്ലയിലെ വിവിധ ബാങ്കുകളിൽ അവകാശികളില്ലാതെ ശേഷിക്കുന്നത് 138 കോടി രൂപയുടെ നിക്ഷേപം. ജില്ലയിൽ ഇത്തരം 5.07 ലക്ഷം അക്കൗണ്ടുകളാണുള്ളത്. ഇത്തരം അക്കൗണ്ടുകൾ റിസർവ് ബാങ്കിന്‍റെ നിയന്ത്രണത്തിലാണ്. രാജ്യവ്യാപകമായി 1.82 ലക്ഷം കോടി രൂപയാണ് ഇത്തരത്തിൽ അവകാശികളില്ലാതെ ബാങ്ക് അക്കൗണ്ടുകളിലുള്ളത്. പത്തുവർഷത്തിലേറെയായി ഒരു ഇടപാടുപോലും നടക്കാത്ത അക്കൗണ്ടുകളാണ് അവകാശികളില്ലാത്ത അക്കൗണ്ടായി പരിഗണിക്കുക.

നിക്ഷേപകർ മരിച്ചുപോകുക, വിദേശത്ത് പോകുക തുടങ്ങിയ കാരണങ്ങളാൽ അക്കൗണ്ടുകളിൽ ഇടപാടുകൾ മുടങ്ങാറുണ്ട്. ചിലരുടെ അനന്തരാവകാശികൾക്കും അക്കൗണ്ടിനെക്കുറിച്ച് അറിവുണ്ടാവില്ല. ഇത്തരം നിക്ഷേപങ്ങൾ അക്കൗണ്ട് ഉടമയ്‌ക്കോ അവകാശികൾക്കോ തിരിച്ചുനൽകാനായി ‘നിങ്ങളുടെ പണം നിങ്ങളുടെ അവകാശം’ എന്ന പേരിൽ രാജ്യവ്യാപകമായി നടത്തുന്ന പരിപാടിയുടെ ഭാഗമായ പ്രത്യേക ക്യാമ്പ് കോട്ടയത്ത് നവംബർ മൂന്നിന് സംഘടിപ്പിക്കും. നിക്ഷേപത്തിന്‍റെ അവകാശികളാണെന്ന് തെളിയിക്കുന്ന രേഖകൾ ക്യാമ്പിലെത്തുന്നവരുടെ കൈയ്യിലുണ്ടായിരിക്കണം.

ലീഡ് ബാങ്കിന്‍റെ നേതൃത്വത്തിൽ എല്ലാ ബാങ്കുകളുടെയും സഹകരണത്തോടെ നടത്തുന്ന ജില്ലാതല ക്യാമ്പിന്‍റെ ഉദ്ഘാടനം രാവിലെ 10.30-ന് കോട്ടയം ശാസ്ത്രി റോഡിലെ സെയ്ൻറ് ജോസഫ് കത്തീഡ്രൽ ഹാളിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ നിർവഹിക്കും. ജില്ലാ കളക്ടർ ചേതൻകുമാർ മീണ അധ്യക്ഷത വഹിക്കും.അവകാശികളില്ലാത്ത നിക്ഷേപങ്ങളെക്കുറിച്ച് ബാങ്ക് രേഖകൾ പ്രകാരമുള്ള വിലാസത്തിൽ അന്വേഷണം നടത്തുകയും അറിയിപ്പു നൽകുകയും ചെയ്യാറുണ്ട്. ഈ നടപടിയും സാധ്യമാകാത്ത അക്കൗണ്ടുകളിലെ പണം നൽകുന്നതിനാണ് ക്യാമ്പ് നടത്തുന്നത്. ഇത്തരം നിക്ഷേപങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ക്യാമ്പിൽ നിന്ന് അറിയാനാകും.

Content Highlight : Deposits of Rs 138 crore remain unclaimed in various banks in the district

dot image
To advertise here,contact us
dot image