

കെജിഎഫ് എന്ന ബ്രഹ്മാണ്ഡ സിനിമയ്ക്ക് ശേഷം യഷ് നായകനായി എത്തുന്ന ചിത്രമാണ് 'ടോക്സിക്'. ഗീതു മോഹൻദാസ് ആണ് സിനിമ സംവിധാനം ചെയ്യുന്നത്. 2023 ൽ അനൗൺസ് ചെയ്ത ചിത്രം രണ്ട് വർഷം പിന്നിട്ടിട്ടും ഇതുവരെ തിയേറ്ററുകളിലെത്തിയിട്ടില്ല. നേരത്തെ തന്നെ നായകനും സംവിധായകയുമായി അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടെന്ന തരത്തിൽ വാർത്തകൾ എത്തിയിരുന്നു. ഇപ്പോഴിതാ സിനിമയുടെ ചിത്രീകരണം അനിശ്ചിത കാലത്തേക്ക് നീട്ടിവച്ചതായി റിപ്പോർട്ടുകൾ എത്തുകയാണ്.
ഇതുവരെ ഷൂട്ട് ചെയ്ത വിശ്വലുകളിൽ യഷ് ഒട്ടും തൃപ്തനാകാത്തതിനാലാണ് ചിത്രീകരണം നിർത്തി വെച്ചതെന്നാണ് റിപ്പോർട്ടുകൾ. ഗീതു മോഹൻദാസിന്റെ ഫിലിം മേക്കിങ് രീതിയിൽ യഷിന് വേണ്ടത്ര മാസ് സീനുകളില്ലെന്നും നിലവിൽ പ്രഖ്യാപിച്ച റിലീസ് ഡേറ്റിൽ സിനിമ റിലീസ് ചെയ്യില്ലെന്നും റിപ്പോർട്ടുകൾ എത്തുന്നുണ്ട്. 2026 മാർച്ച് 19 നാണ് ചിത്രം ആഗോളതലത്തിൽ റിലീസ് ചെയ്യാൻ തീരുമാനിച്ചിരിക്കുന്നത്.
കെ വി എൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ വെങ്കട്ട് കെ നാരായണയും മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസും ചേർന്നാണ് ടോക്സിക് നിർമ്മിക്കുന്നത്. യഷിന്റെ 19-ാം സിനിമയാണിത്. 'എ ഫെയറി ടെയിൽ ഫോർ ഗ്രോൺ-അപ്സ്' എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈൻ. ചിത്രത്തിൽ നയൻതാരയും കരീന കപൂറും പ്രധാന വേഷങ്ങളിൽ എത്തുമെന്നും റിപ്പോർട്ടുണ്ട്.
Content Highlights: Geethu Mohandas - Yash's film shooting has been halted, reports say