

തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ പ്രായത്തട്ടിപ്പ് വിവാദം. 21 വയസുളള പെണ്‍കുട്ടിയെ സീനിയര്‍ വിഭാഗത്തില്‍ മത്സരിപ്പിച്ചുവെന്നാണ് ആരോപണം. 100 മീറ്ററിലും 200 മീറ്ററിലും വെളളിമെഡല്‍ നേടിയ കോഴിക്കോടിന്റെ ജ്യോതി ഉപാധ്യായയ്‌ക്കെതിരെയാണ് പ്രായത്തട്ടിപ്പ് ആരോപണമുയർന്നിരിക്കുന്നത്. അത്‌ലറ്റിക് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ വെബ്‌സൈറ്റില്‍ ജ്യോതിയുടെ പ്രായം 21 വയസാണ്. എന്നാല്‍ ജ്യോതി സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ മത്സരിച്ചത് അണ്ടര്‍ 19 സീനിയര്‍ വിഭാഗത്തിലും. ഇതോടെയാണ് 100 മീറ്ററിലും 200 മീറ്ററിലും മത്സരിച്ച് മൂന്നും നാലും സ്ഥാനത്ത് എത്തിയ കുട്ടികള്‍ പരാതിയുമായി രംഗത്തെത്തിയത്.
എന്നാല്‍, ആധാര്‍ കാര്‍ഡിന്റെ അടിസ്ഥാനത്തിലാണ് കുട്ടിക്ക് സ്കൂളിൽ പ്രവേശനം നല്‍കിയതെന്നാണ് പുല്ലൂരാംപാറ സ്‌കൂള്‍ അധികൃതരുടെ വിശദീകരണം. 'കുട്ടിയുടെ ആധാര്‍ കാര്‍ഡ് വെച്ചാണ് സ്‌കൂളില്‍ അഡ്മിഷന്‍ കൊടുത്തത്. എഎഫ്‌ഐ (അത്‌ലെറ്റിക് ഫെഡറേഷന്‍ ഓഫ് ഇന്ത്യ) വെബ്‌സൈറ്റില്‍ ആര്‍ക്കുവേണമെങ്കിലും രജിസ്റ്റര്‍ ചെയ്യാം. കുട്ടിയെയും കോച്ചിനെയും വിശ്വസിച്ചു. 2007-ലാണ് കുട്ടി ജനിച്ചതെന്നാണ് പറഞ്ഞത്. ആധാര്‍ കാര്‍ഡ് ഹാജരാക്കിയിട്ടുണ്ട്' എന്നാണ് സ്‌കൂള്‍ അധികൃതര്‍ പറയുന്നത്.
യുപിയില്‍ നിന്നുളള ഒരു കോച്ചാണ് ജ്യോതിയെ പുല്ലൂരാംപാറയിലെ കായികാധ്യാപകനായ അനന്ദുവിലേക്ക് എത്തിച്ചത്. ആധാര്‍ കാര്‍ഡ് പരിശോധിച്ചാണ് കുട്ടിക്ക് സ്‌കൂളില്‍ പ്രവേശനം നല്‍കിയത്. അഞ്ചാംക്ലാസില്‍വെച്ച് പഠനം നിര്‍ത്തിയിരുന്ന കുട്ടിയായിരുന്നു ജ്യോതി. ഒരിടവേളയ്ക്ക് ശേഷം കേരളത്തിൽ എട്ടാംക്ലാസിലേക്കാണ് കുട്ടിക്ക് പ്രവേശനം ലഭിച്ചത്. നിലവില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയാണ് ജ്യോതി. അത്‌ലെറ്റിക് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ വെബ്‌സൈറ്റില്‍ കുട്ടിയുടെ പ്രായം 21 വര്‍ഷവും 5 മാസവുമായി എന്നാണ് കാണിക്കുന്നത്. 2004 ആണ് ജനനവര്‍ഷം. ഇത് ചൂണ്ടിക്കാട്ടി മൂന്നും നാലും സ്ഥാനത്തെത്തിയ പാലക്കാടിന്റെ താരങ്ങളാണ് പരാതി നല്‍കിയത്. ഇതോടെ മത്സരഫലം തടഞ്ഞുവെച്ചിരിക്കുകയാണ്.
Content Highlights: Age fraud at state school sports meet: 21-year-old athlete competed in senior category