

തിരുവനന്തപുരം: കേരള സ്‌കൂൾ ഒളിമ്പിക്സിൽ സ്വർണ്ണം നേടിയ അർഹരായവർക്ക് വീട് വെച്ച് നൽകുന്ന പദ്ധതിയുമായി വിദ്യാഭ്യാസ വകുപ്പ്. നിലവിൽ അമ്പത് വീട് വെച്ചു നൽകുക എന്നതാണ് ലക്ഷ്യം. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ഫേസ്ബുക്കിലൂടെയാണ് പദ്ധതിയെക്കുറിച്ച് അറിയിച്ചത്.
ഇതിനായി വിവിധ സംഘടനകളുമായി ബന്ധപ്പെട്ടുവെന്ന് മന്ത്രി വ്യക്തമാക്കി. ഈ പദ്ധതിയിൽ വീട് വെച്ചു നൽകാൻ താൽപര്യമുള്ളവർ വകുപ്പിനെ സമീപിച്ചാൽ പാവപ്പെട്ട കുട്ടികൾക്ക് അത് വലിയ കൈത്താങ്ങാകും. എല്ലാവരും അതിനനുസരിച്ചുള്ള പ്രവർത്തനം നടത്തണമെന്ന് അഭ്യർത്ഥിക്കുന്നുവെന്നും മന്ത്രി വ്യക്തമാക്കി.
കുറിപ്പിന്റെ പൂർണരൂപം…
കുഞ്ഞുങ്ങൾക്ക് വീട്..
സംസ്ഥാന സ്‌കൂൾ ഒളിമ്പിക്സിൽ പങ്കെടുത്ത ചില കായിക താരങ്ങളുടെ വീടിന്റെ അവസ്ഥ ഞാൻ നേരിട്ട് തിരിച്ചറിയുകയുണ്ടായി. ഇതിൽ സ്വർണ്ണം നേടിയവരും മീറ്റ് റെക്കോർഡ് നേടിയവരും ഉണ്ട്. ഇടുക്കി സ്വദേശിനിയായ ദേവപ്രിയയ്ക്ക് സിപിഐഎം ഇടുക്കി ജില്ലാ കമ്മിറ്റി വീട് വെച്ച് കൊടുക്കാമെന്ന് അറിയിച്ചിട്ടുണ്ട്. പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള കേരള സ്‌കൗട്ട്സ് ആന്റ് ഗൈഡ്സ് കോഴിക്കോട് സ്വദേശിനിയായ ദേവനന്ദയ്ക്ക് വീട് നിർമ്മിച്ചു നൽകും. ഇത്തരത്തിൽ നിരവധി പേർ ഉണ്ട് എന്ന് ഞാൻ മനസ്സിലാക്കുന്നു. അതുകൊണ്ട് തന്നെ പൊതുവിദ്യാഭ്യാസ വകുപ്പ് ഒരു വലിയ പദ്ധതിയിലേക്ക് കടക്കുകയാണ്. കേരള സ്‌കൂൾ ഒളിമ്പിക്സിൽ സ്വർണ്ണം നേടിയ അർഹരായവർക്ക് വീട് വെച്ച് നൽകുന്ന പദ്ധതിയാണിത്. നിലവിൽ അമ്പത് വീട് വെച്ചു നൽകുക എന്നതാണ് ലക്ഷ്യം. ഇതിനായി വിവിധ സംഘടനകളുമായി ബന്ധപ്പെട്ടു. വളരെ പോസിറ്റീവായ പ്രതികരണമാണ് ലഭിച്ചത്. കേരളത്തിലെ നല്ലവരായ ജനങ്ങളോട് പൊതുവിദ്യാഭ്യാസ വകുപ്പ് ഒരഭ്യർത്ഥ മുന്നോട്ടു വെയ്ക്കുകയാണ്. ഈ പദ്ധതിയിൽ വീട് വെച്ചു നൽകാൻ താൽപര്യമുള്ളവർ വകുപ്പിനെ സമീപിച്ചാൽ പാവപ്പെട്ട കുട്ടികൾക്ക് അത് വലിയ കൈത്താങ്ങാകും. എല്ലാവരും അതിനനുസരിച്ചുള്ള പ്രവർത്തനം നടത്തണമെന്ന് അഭ്യർത്ഥിക്കുന്നു.
സ്‌കൂൾ കായിക മേളയിലെ വേഗറാണിയായ ദേവപ്രിയയ്ക്ക് വീടൊരുക്കി നൽകുമെന്ന് ഇടുക്കി സിപിഐഎം ജില്ലാ കമ്മിറ്റി അറിയിച്ചിരുന്നു. കായികമേളയ്ക്ക് ശേഷം ദേവപ്രിയ തിരിച്ച് വീട്ടിലെത്തുന്ന ദിവസം തന്നെ പുതിയ വീടിന്റെ ശിലാസ്ഥാപനം നടത്തുമെന്ന് ജില്ലാ സെക്രട്ടറി സി വി വർഗീസാണ് പറഞ്ഞത്. അച്ഛനും അമ്മയും സഹോദങ്ങളും വല്ല്യച്ഛനും അടങ്ങുന്ന കുടുംബത്തിന് താമസിക്കാൻ അനുയോജ്യമായ രീതിയിൽ നാല് മുറികളും ഹാളും അടുക്കളയും ഉൾപ്പെടുന്ന വീടാകും സിപിഐഎം ഒരുക്കുക.
Content Highlights: Education Department launches scheme to provide houses to deserving gold medal winners in Kerala School Olympics