ശബരിമല സ്വർണക്കൊള്ള; ഉണ്ണികൃഷ്ണൻ പോറ്റിയെ തെളിവെടുപ്പിന് ശേഷം തിരിച്ചെത്തിച്ചു

ക്രൈംബ്രാഞ്ച് ഓഫീസിലാണ് എത്തിച്ചത്

ശബരിമല സ്വർണക്കൊള്ള; ഉണ്ണികൃഷ്ണൻ പോറ്റിയെ തെളിവെടുപ്പിന് ശേഷം തിരിച്ചെത്തിച്ചു
dot image

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ ഉണ്ണികൃഷ്ണൻ പോറ്റിയെ തെളിവെടുപ്പിന് ശേഷം തിരുവനന്തപുരത്ത് തിരിച്ചെത്തിച്ചു. ക്രൈംബ്രാഞ്ച് ഓഫീസിലാണ് എത്തിച്ചത്. ബെംഗളൂരുവിലും ചെന്നൈയിലും തെളിവെടുപ്പ് പൂർത്തിയാക്കിയ ശേഷമാണ് തിരിച്ചെത്തിച്ചത്. കേരളത്തിലെ തെളിവെടുപ്പും ഉടൻ നടത്താനാണ് നീക്കം. ഉണ്ണികൃഷ്ണൻ പോറ്റിയുടെ ബെംഗളൂരുവിലെ റിയൽ എസ്റ്റേറ്റ് ഇടപാടുകൾ എസ്ഐടി പരിശോധിച്ചു. ഫ്ലാറ്റിൽ നിന്ന് കണ്ടെടുത്ത ഭൂമിയിടപാട് രേഖകൾ വിശദമായി പരിശോധിക്കാനാണ് തീരുമാനം.

കേരളത്തിൽ മാത്രമല്ല, ബെംഗളൂരുവിലും ഉണ്ണികൃഷ്ണൻ പോറ്റി കോടികളുടെ ഭൂമിയിടപാടുകൾ നടത്തിയെന്നാണ് എസ്ഐടിയുടെ കണ്ടെത്തൽ. ബെംഗളൂരുവിൽ വാങ്ങിക്കൂട്ടിയ ഭൂമിയും കെട്ടിടങ്ങളും സ്വന്തം പേരിലും കുടുംബാംഗങ്ങളുടെ പേരിലുമാണ് രജിസ്റ്റർ ചെയ്തത്. സുഹൃത്തായ രമേശ്‌ റാവുവിനെ മറയാക്കി ബെംഗളൂരുവിൽ പണം പലിശയ്ക്ക് കൊടുക്കുന്ന ഏർപ്പാടും പോറ്റിക്കുണ്ടായിരുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്. ബെല്ലാരിയിലെ ജ്വല്ലറി ഉടമ ഗോവർധന്റെ ശബരിമലയിലെ ഇടപാടുകള്ളും അന്വേഷിക്കും.

ഗോവർധന്റെ മൊഴിയിലെ കൂടുതൽ വിവരങ്ങളും പുറത്തുവന്നിരുന്നു. ശബരിമലയിലെ വാതിൽപ്പാളികളിലും കട്ടിളയിലും സ്വർണം പൂശിയത് താനാണെന്നും ദേവസ്വം ബോർഡിന് സ്പോൺസർഷിപ്പിന്റെ രേഖകൾ നൽകിയിരുന്നുവെന്നുമായിരുന്നു ഗോവർധൻ പറഞ്ഞത്. സന്നിധാനത്തെത്തി ബോർഡ് അംഗങ്ങളെയും കണ്ടു. എന്നാൽ ഔദ്യോഗിക രേഖകൾ വന്നപ്പോൾ സ്പോൺസർ പോറ്റിയായി മാറിയെന്നും ഗോവർധൻ മൊഴി നൽകിയിരുന്നു.

ഗോവർധനെ സാക്ഷിയാക്കുന്നതിൽ നിയമോപദേശം തേടാനാണ് എസ്ഐടിയുടെ നീക്കം. 2019-ലെ ദേവസ്വം ബോർഡ് ജീവനക്കാരുടെ മൊഴിയും എസ്ഐടി രേഖപ്പെടുത്തിക്കഴിഞ്ഞു. പോറ്റിക്ക് സ്വർണപ്പാളികൾ കൈമാറിയ സമയത്ത് സുരക്ഷാച്ചുമതലയുണ്ടായിരുന്ന ജീവനക്കാർ, മരാമത്ത് വകുപ്പിലെ ഉദ്യോഗസ്ഥർ എന്നിവരുടെ മൊഴികളാണ് രേഖപ്പെടുത്തിയത്.

Content Highlights: Unnikrishnan Potty accused in Sabarimala gold scam case back to Thiruvananthapuram

dot image
To advertise here,contact us
dot image