

കൊച്ചി: കൊച്ചി വിമാനത്താവളത്തില്‍ നിന്നും കാണാതായ സൂരജ് ലാമയെ കണ്ടെത്താന്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കാന്‍ ഹൈക്കോടതി നിര്‍ദേശം. കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ക്കാണ് നിര്‍ദേശം. ഡിസിപി റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥന്റെ കീഴിലായിരിക്കണം അന്വേഷണം. സൂരജ് ലാമയെ എത്രയുംവേഗം കണ്ടെത്തിയേ മതിയാകൂ എന്നും കോടതി പറഞ്ഞു. മകന്‍ സന്ദന്‍ ലാമ സമര്‍പ്പിച്ച ഹേബിയസ് കോര്‍പസ് ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഇടപെടല്‍.
കുവൈറ്റിൽ നിന്നും ഡീപോർട്ട് ചെയ്യപ്പെട്ട കർണാടക സ്വദേശിയായ സൂരജ് ലാമ കൊച്ചി വിമാനത്താവളത്തിൽ വന്നതിനുശേഷം കാണാതാവുകയായിരുന്നു. മറവിരോഗമുള്ള സൂരജ് ലാമ കുവൈറ്റിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നുവെന്നും രോഗാധിക്യത്തെ തുടർന്ന് വിസ പുതുക്കാത്ത സാഹചര്യത്തിലാണ് ഡീപോർട് ചെയ്യപ്പെട്ടത് എന്നുമാണ് കരുതപ്പെടുന്നത്.
കുവൈറ്റിൽ അടുത്തിടെയുണ്ടായ വിഷമദ്യ ദുരന്തത്തിനിരയായി ഓര്‍മ നഷ്ടപ്പെട്ടയാളാണ് സൂരജ് ലാമ. കുവൈറ്റിൽ നിന്നും നാടുകടത്തി ഇന്ത്യയിലേക്ക് അയച്ച ലാമ ബെംഗളൂരു വിമാനത്താവളത്തില്‍ ഇറങ്ങേണ്ടതായിരുന്നു. എന്നാല്‍ ലാമയെ വിമാനം കയറ്റി അയച്ചത് കൊച്ചിയിലേക്കായിരുന്നു. ഒക്ടോബര്‍ ആറിന് പുലര്‍ച്ചെ കൊച്ചി വിമാനത്താവളത്തില്‍ ഇറങ്ങിയ ലാമയെ കാണാതാവുകയായിരുന്നു.
മെട്രോ ഫീഡര്‍ ബസില്‍ കയറി ആലുവ മെട്രോ സ്‌റ്റേഷനില്‍ എത്തിയതായി അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. പിന്നീട് ഒക്ടോബര്‍ പത്തിനാണ് സൂരജിനെക്കുറിച്ചുളള വിവരം ലഭിച്ചത്. എറണാകുളം മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടിയിരുന്നു. അസുഖങ്ങളൊന്നും കണ്ടെത്താതിരുന്നതോടെ ഡിസ്ചാര്‍ജ് ചെയ്തു. അപ്പോഴും ആശുപത്രി അധികൃതർക്കോ പൊലീസിനോ സൂരജ് ആരാണെന്നോ എങ്ങനെ കൊച്ചിയിൽ എത്തി എന്നോ അറിയില്ലായിരുന്നു.
സൂരജിനെ വിമാനം കയറ്റി അയച്ച് രണ്ടുദിവസം കഴിഞ്ഞാണ് ബെംഗളൂരുവിലുളള കുടുംബം ഇക്കാര്യം അറിയുന്നത്. തുടര്‍ന്ന് അവര്‍ നെടുമ്പാശേരി പൊലീസില്‍ പരാതി നല്‍കി. ഇതോടെയാണ് വിവരം പുറംലോകം അറിയുന്നത്. ഓര്‍മ നഷ്ടപ്പെട്ട്, കൈവശം പണമില്ലാത്ത, മലയാളം അറിയാത്ത സൂരജ് ലാമയുടെ തിരോധാനം ദുരൂഹമായി തുടരുകയാണ്. സൂരജ് ലാമയുടെ തിരോധാനത്തിൽ അന്വേഷണം ആവശ്യപ്പെട്ട് പ്രവാസി ലീഗൽ സെൽ രംഗത്തെത്തിയിരുന്നു.
മറവിരോഗമുള്ള വ്യക്തിയെ ഡീപോർട് ചെയ്തപ്പോൾ വീട്ടുകാരെ ആരെയും അറിയിച്ചില്ലെന്നും ഏത് സാഹചര്യത്തിലാണ് മറവിരോഗമുളള ആളെ കുടുംബത്തെ അറിയിക്കാതെ ഡീപോർട്ട് ചെയ്തതെന്ന് അന്വേഷിക്കണമെന്നുമാണ് പ്രവാസി ലീഗൽ സെൽ ആവശ്യപ്പെട്ടത്. വിഷയത്തിൽ വിദേശകാര്യ മന്ത്രാലയം അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് പ്രവാസി ലീഗൽ സെൽ ഗ്ലോബൽ പ്രെസിഡന്റ് അഡ്വ. ജോസ് എബ്രഹാം വിദേശകാര്യ മന്ത്രാലയത്തെ സമീപിച്ചിരിക്കുന്നത്.
Content Highlights: Highcourt orders SIT formation to investigate suraj lama's disappearance