
തിരുവനന്തപുരം: കഴക്കൂട്ടത്ത് യുവതിയെ പീഡിപ്പിച്ച കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പീഡനത്തിന് ശേഷം പ്രതി ബെഞ്ചമിന്‍ തലസ്ഥാനത്ത് മണിക്കൂറുകളോളം തുടര്‍ന്നു. രാവിലെ 10 മണിക്കും പ്രതി കടന്നുപോകുന്ന ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു. പീഡനത്തിന് ശേഷം ലോറിയില്‍ കിടന്നുറങ്ങിയ ശേഷമാണ് തിരികെപ്പോയതെന്ന് പ്രതി പൊലീസിന് മൊഴി നല്‍കി.
പീഡനത്തിനിടെ യുവതിയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും ഇയാള്‍ സമ്മതിച്ചിട്ടുണ്ട്. സംഭവ സമയം മദ്യപിച്ചിരുന്നെന്നും ബെഞ്ചമിന്‍ പൊലീസിനോട് പറഞ്ഞു. മഥുരയില്‍ നിന്ന് പിടികൂടിയപ്പോള്‍ പ്രതിക്കൊപ്പം ഒരു സ്ത്രീയുമുണ്ടായിരുന്നുവെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. അമ്പതോളം സിസിടിവികള്‍ പരിശോധിച്ച ശേഷമാണ് പ്രതിയെ തിരിച്ചറിഞ്ഞത്.
അതേസമയം ബെഞ്ചമിന്‍ ഹോസ്റ്റലില്‍ കയറും മുന്‍പ് സമീപത്തെ മൂന്ന് വീടുകളില്‍ മോഷണശ്രമം നടത്തിയെന്നും പൊലീസ് പറഞ്ഞു. സിസിടിവിയില്‍ വരാതിരിക്കാന്‍ ഒരു വീട്ടില്‍ നിന്ന് കുട എടുത്ത് മുഖം മറച്ച് ഹോസ്റ്റലില്‍ കയറുകയായിരുന്നു. ഒരിടത്ത് നിന്ന് തൊപ്പിയും മറ്റൊരു വീട്ടില്‍ നിന്ന് ഹെഡ് ഫോണും എടുത്തു. പൊലീസ് പിന്തുടര്‍ന്നെത്തിയപ്പോള്‍ ഇയാള്‍ കുറ്റിക്കാട്ടില്‍ക്കയറി ഇരിക്കുകയായിരുന്നു. ഡാന്‍സാഫ് സംഘം സാഹസികമായാണ് ബെഞ്ചമിനെ കീഴ്പ്പെടുത്തിയത്. തെരുവില്‍ ഉറങ്ങുന്ന സ്ത്രീകളെ ഉപദ്രവിക്കുന്നത് ഇയാളുടെ സ്ഥിരം രീതിയാണെന്നും പൊലീസ് പറഞ്ഞു.
ഒക്ടോബര്‍ പതിനേഴിനാണ് ഐടി ജീവനക്കാരിയായ യുവതിയെ ഹോസ്റ്റല്‍ മുറിയില്‍ കയറി പ്രതി പീഡിപ്പിച്ചത്. മുറിയില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന യുവതിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. പെണ്‍കുട്ടി ബഹളം വെച്ചപ്പോള്‍ പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു. യുവതിയുടെ പരാതിയിലാണ് കഴക്കൂട്ടം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.
Content Highlights: More details emerge in the case of the attack of a woman in Kazhakoottam