
പത്തനംതിട്ട: ശബരിമലയിലെ സ്വര്‍ണക്കൊള്ള കേസില്‍ ഹൈക്കോടതിയിലെ നടപടികള്‍ ഇനി അടച്ചിട്ട കോടതി മുറിയിൽ. ഹൈക്കോടതി രജിസ്ട്രാർ ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കി.. നാളെ രാവിലെ ദേവസ്വം ബെഞ്ചില്‍ ആദ്യ കേസായി ശബരിമല സ്വര്‍ണക്കൊള്ള കേസ് പരിഗണിക്കും.
ശബരിമലയിലെ സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് രണ്ട് കേസുകളായിരുന്നു പ്രത്യേക അന്വേഷണ സംഘം രജിസ്റ്റര്‍ ചെയ്തിരുന്നത്. ദ്വാരപാലക ശില്‍പത്തിലെ സ്വര്‍ണമോഷണവും കട്ടിളപ്പാളിയിലെ സ്വര്‍ണമോഷണവും രണ്ട് കേസുകളായാണ് രജിസ്റ്റര്‍ ചെയ്തത്. രണ്ട് കേസിലും ഉണ്ണികൃഷ്ണന്‍ പോറ്റിയായിരുന്നു ഒന്നാം പ്രതി. ദ്വാരപാലക ശില്‍പത്തിലെ സ്വര്‍ണമോഷണത്തില്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് പുറമേ ഒന്‍പത് പേരെയാണ് പ്രതിചേര്‍ത്തത്. ശബരിമല മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബു, മുന്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍ സുനില്‍ കുമാര്‍, മുന്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഡി സുധീഷ് കുമാര്‍, മുന്‍ ദേവസ്വം സെക്രട്ടറി ആര്‍ ജയശ്രീ, മുന്‍ തിരുവാഭരണ കമ്മീഷണര്‍ കെ എസ് ബൈജു , മുന്‍ തിരുവാഭരണ കമ്മീഷണര്‍ ആര്‍ ജി രാധാകൃഷ്ണന്‍, മുന്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ രാജേന്ദ്ര പ്രസാദ്, മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ രാജേന്ദ്രന്‍ നായര്‍, മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ശ്രീകുമാര്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. കട്ടിളപ്പാളിയിലെ സ്വര്‍ണമോഷണത്തില്‍ എട്ട് പേരാണ് പ്രതികള്‍. ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ സുഹൃത്ത് കല്‍പേഷ്, 2019 ലെ ദേവസ്വം കമ്മീഷണര്‍, എ പത്മകുമാര്‍ പ്രസിഡന്റായിരുന്ന 2019ലെ തിരുവിതാംകൂര്‍ ദേവസ്വം ഭരണസമിതി എന്നിങ്ങനെയായിരുന്നു പ്രതികള്‍.
കേസിൽ ഉണ്ണികൃഷ്ണൻ പോറ്റി ഇപ്പോൾ പ്രത്യേക അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയിലാണ്. കേസിൽ ഒക്ടോബര്‍ 17നായിരുന്നു ഉണ്ണികൃഷ്ണന്‍ പോറ്റിയെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. പത്ത് മണിക്കൂറോളം നീണ്ട വിശദമായ ചോദ്യം ചെയ്യലിന് ശേഷമാണ് ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഉണ്ണികൃഷ്ണൻ പോറ്റിക്കെതിരെ കൃത്യമായ തെളിവുകളുണ്ടെന്നാണ് അന്വേഷണ സംഘം പറഞ്ഞത്. സ്വർണമോഷണവുമായി ബന്ധപ്പെട്ട ഗൂഢാലോചന നടന്നത് കൽപേഷ് അടക്കമുള്ള കർണാടക സംഘത്തിന്റെ നേതൃത്വത്തിൽ ബെംഗളൂരുവിലാണെന്നും അതിൽ മലയാളികളായ ചിലർക്ക് പങ്കുണ്ടെന്നും ഉണ്ണികൃഷ്ണൻ പോറ്റി എസ്ഐടിക്ക് മൊഴി നൽകിയിരുന്നു.
സ്വര്‍ണക്കൊള്ളയില്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ സുഹൃത്ത് അനന്ത സുബ്രഹ്‌മണ്യനെ പ്രത്യേക അന്വേഷണ സംഘം ഇന്ന് ചോദ്യം ചെയ്തിരുന്നു. 2019ല്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് വേണ്ടി സന്നിധാനത്ത് നിന്നും സ്വര്‍ണപ്പാളികള്‍ എറ്റുവാങ്ങിയതും ഇത് ബെംഗളൂരുവിലേക്ക് കൊണ്ടുപോയതും ഇയാളായിരുന്നു. ദേവസ്വം വിജിലന്‍സിന്റെ റിപ്പോര്‍ട്ടിലും അനന്ത സുബ്രഹ്‌മണ്യന്റെ പങ്കിനെ കുറിച്ച് വ്യക്തമാക്കുന്നുണ്ട്.
Content Highlight; Sabarimala gold theft: High Court proceedings now held in closed courtroom