
ബഹ്റൈനിലെ തപാല്‍ സേവനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും വ്യാപിപ്പിക്കുന്നതിനുമായി ബഹ്റൈന്‍ പോസ്റ്റ് മൊബൈല്‍ യൂണിറ്റ് പുതിയ തപാല്‍ സേവനങ്ങള്‍ക്ക് തുടക്കം കുറിച്ചു. രാജ്യത്തെ മുഴുവന്‍ ഗവര്‍ണറേറ്റുകളിലും ഈ നൂതന പദ്ധതി വഴി തപാല്‍ സേവനം ലഭ്യമാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ഗതാഗത, ടെലികമ്യൂണിക്കേഷന്‍ മന്ത്രാലയ അധികൃതര്‍ വ്യക്തമാക്കി.
തപാല്‍ സേവനങ്ങള്‍ ലഭ്യമാക്കാന്‍ പ്രത്യേക വാഹനങ്ങള്‍ സജ്ജമാക്കിയിട്ടുണ്ട്. ഡിജിറ്റല്‍ പരിവര്‍ത്തനത്തെ പിന്തുണക്കുന്നതിനും സേവന നിലവാരം മെച്ചപ്പെടുത്തുന്നതിനും ഉപഭോക്തൃ സംതൃപ്തി വര്‍ധിപ്പിക്കുന്നതിനും വേണ്ടിയുള്ള മന്ത്രാലയത്തിന്റെ ശ്രമങ്ങളുടെ ഭാഗമായാണ് പുതിയ സംവിധാനമെന്ന് അധികൃതര്‍ അറിയിച്ചു.
തപാല്‍ ഓഫിസുകള്‍ സന്ദര്‍ശിക്കാതെതന്നെ പൗരന്മാര്‍ക്കും താമസക്കാര്‍ക്കും സേവനങ്ങള്‍ എളുപ്പത്തില്‍ ലഭ്യമാക്കുന്നതിനുള്ള സംവിധാനമാണ് ഇതിലൂടെ ലഭ്യമാക്കുന്നത്. അവധി ദിവസങ്ങള്‍ ഒഴികെ എല്ലാ ദിവസവും രാവിലെ ഏഴു മുതല്‍ വൈകീട്ട് ഏഴു വരെ മൊബൈല്‍ സേവനം ലഭ്യമാകും. ഉപഭോക്താക്കള്‍ക്ക് സൗകര്യപ്രദമായ സ്ഥലങ്ങളില്‍ വെച്ച് തപാല്‍ സേവനങ്ങള്‍ പ്രയോജനപ്പെടുത്താന്‍ സാധിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.
Content Highlights: Bahrain Post launches mobile postal services project