
മോഹൻലാലിനെക്കുറിച്ച് പരദേശി സിനിമയുടെ സംവിധായകൻ പി ടി കുഞ്ഞുമുഹമ്മദ് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വീണ്ടും ചർച്ചയാകുന്നത്. സിനിമയെ അസാമാന്യമായ നിലയിൽ ശ്രദ്ധിക്കുന്ന ഒരാളാണ് മോഹൻലാൽ എന്നും അങ്ങനെ ഒരു നടനെ ഇതുവരെ താൻ കണ്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. പരദേശി സിനിമയുടെ ക്ലൈമാക്സ് രംഗത്തിൽ മോഹൻലാൽ ചെയ്ത മനോഹര പ്രകടനത്തെക്കുറിച്ച് പറയുകയാണ് കുഞ്ഞുമുഹമ്മദ്. മോഹൻലാൽ കൈകാര്യം ചെയ്യാൻ ബുദ്ധിമുട്ടുള്ള നടനാണോ എന്ന ചോദ്യത്തിനാണ് പി ടി കുഞ്ഞുമുഹമ്മദ് ഇക്കാര്യം പറഞ്ഞത്.
'അയാൾ സിനിമയെ അസാമാന്യമായ നിലയിൽ ശ്രദ്ധിക്കുന്ന ഒരാളാണ്. ഓരോ മൂവ്മെന്റ്സും, ഞാൻ അങ്ങനെ ഒരു നടനെ കണ്ടിട്ടില്ല. എല്ലാവരും നല്ല നടന്മാരാണ് യാതൊരു സംശയവുമില്ല. പക്ഷെ പരദേശിയിൽ മോഹൻലാലിന്റെ അവസാനത്തെ ഒരു ഷോട്ട് ഉണ്ടായിരുന്നു വിജനമായ മരുഭൂമിയിലൂടെ നടന്ന് പോകുന്നത്. അവസാനത്തെ ഷോട്ട് ആണ്. വൃദ്ധന്റെ 80 വയസായ വേഷമാണ്. പുള്ളി അപ്പോൾ നമ്മുടെ അടുത്ത് വന്നാൽ മോഹൻലാൽ ആണെന്ന് നമുക്ക് ഫീൽ ചെയ്യില്ല. തോളിൽ കയ്യിട്ടിട്ട് എന്നോട് ചോദിച്ചു 'നമ്മുടെ കഥാപാത്രം…അയാൾ രക്ഷപ്പെടുമോ സാർ എന്ന്' ഞാൻ പറഞ്ഞു എനിക്ക് അറിയില്ല. അയാൾ രക്ഷപ്പെടും എന്ന് പറഞ്ഞുകൊണ്ട് എന്റെ ഷോൾഡറിൽ ഒരു തട്ട് തട്ടി അയാൾ പോയി. പക്ഷെ ആ പോക്കിൽ ഷോട്ടിൽ വളരെ ശകതമായ സ്റ്റെപ്പ് വെച്ചാണ് അയാൾ നടന്നത്. ഞാൻ തിരിച്ച് വരുമെന്ന രീതിയിൽ ശക്തമായ സ്റ്റെപ് വെക്കാൻ വേണ്ടിയാണ് അയാൾ എന്നോട് ചോദിച്ചിരുന്നത്. അതാണ് നടൻ. സിനിമ ഷൂട്ട് ചെയുമ്പോൾ ഒരുതരത്തിലുള്ള ബുദ്ധിമുട്ടും അയാൾ ഉണ്ടാക്കാറില്ല', പി ടി കുഞ്ഞുമുഹമ്മദ് പറഞ്ഞു.
പി.ടി. കുഞ്ഞുമുഹമ്മദിന്റെ സംവിധാനത്തിൽ മോഹൻലാൽ കേന്ദ്ര കഥാപാത്രത്തെ അഭിനയിച്ച് 2007ൽ പുറത്തിറങ്ങിയ ചിത്രമാണ് പരദേശി. മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരം മോഹൻലാൽ സ്വന്തമാക്കിയത് ഈ ചിത്രത്തിന് ആയിരുന്നു. കൂടാതെ മികച്ച മേക്ക് അപ്പിന് ദേശീയ പുരസ്കാരവും പരദേശി സ്വന്തമാക്കി. മികച്ച കഥയ്ക്കുള്ള സംസ്ഥാന പുരസ്കാരവും ലഭിച്ചിരുന്നു. മോഹൻലാലിനെ കൂടാതെ ലക്ഷ്മി ഗോപാലസ്വാമി, ശ്വേതാ മേനോൻ, പത്മപ്രിയ, ജഗതി ശ്രീകുമാർ, സിദ്ദിഖ് എന്നിവരാണ് മറ്റ് കഥാപാത്രങ്ങളായി എത്തിയത്. പരദേശിയിലെ ഗാനങ്ങൾക്ക് മികച്ച സ്വീകാര്യതയാണ് ലഭിച്ചിരുന്നത്.
Content Highlights: P T Kunjumuhammed talks about mohanlal acting and paradeshi experience