
കാലങ്ങളായി ലോകത്തിലെ ഏറ്റവും ശക്തമായ വ്യോമസേനകൾ എന്ന് വിളിക്കുന്ന, ഏറ്റവും മുൻനിരയിൽ ഉണ്ടായിരുന്ന രാജ്യങ്ങൾ… യുഎസ്, റഷ്യ, ചൈന എന്നിങ്ങനെ ആയിരുന്നു. പക്ഷേ ഇനി ഈ ക്രമത്തിൽ രാജ്യങ്ങളെ നിരത്താനാകില്ല. കാരണം, ഏറ്റവും ശക്തമായ വ്യോമസേനയുള്ള ആദ്യ മൂന്ന് രാജ്യങ്ങളുടെ പട്ടികയിൽ നിന്ന് ചൈന പുറത്തായിരിക്കുകയാണ്. അതിശയകരമായി ആ സ്ഥാനം നേടിയതോ…നമ്മുടെ ഇന്ത്യ തന്നെ…
ഒരു രാജ്യത്തിൻറെ പ്രാപ്തി ആഗോളതലത്തിൽ എടുത്തു കാണിക്കുന്നതിൽ മുഖ്യ പങ്കുവഹിക്കുന്നത് അവരുടെ വ്യോമ പ്രതിരോധ സേനയാണ്. ഇന്ത്യയുടെ കാര്യം എടുക്കുകയാണെങ്കിൽ കൂടുതൽ വികസിതമായ ഒരു വ്യോമസേനയ്ക്ക് ഒരു യുദ്ധത്തിന്റെ ഫലം നിർണ്ണയിക്കാൻ കഴിയുമെന്ന് ഓപ്പറേഷൻ സിന്ദൂറിലൂടെ ഇന്ത്യ തെളിയിച്ചതുമാണ്. നാളുകളായി വ്യോമസേനയുടെ കരുത്ത് കൂട്ടാൻ ശ്രമിച്ചുകൊണ്ടിരുന്നു ഇന്ത്യ അതിന്റെ ഫലം കണ്ടെന്ന് വേണം പറയാൻ. അതേ…വ്യോമസേനാ ശേഷി റാങ്കിങ്ങിൽ ചൈനയെ മറികടന്ന് ഇന്ത്യ എത്തിയിരിക്കുന്നു. വേൾഡ് ഡയറക്ടറി ഓഫ് മോഡേൺ മിലിട്ടറി എയർക്രാഫ്റ്റിന്റെ പുതിയ റാങ്കിങ്ങിൽ അമേരിക്കയ്ക്കും റഷ്യയ്ക്കും ശേഷം മൂന്നാം സ്ഥാനത്ത് ഇന്ന് ചൈനയല്ല, ചൈനക്കും മുകളിലൂടെ പറന്ന് ആ സ്ഥാനം കരസ്ഥമാക്കിയിരിക്കുകയാണ് ഇന്ത്യ. ഇതോടെ ദക്ഷിണേഷ്യയിലെ അധികാര ശക്തിയായി ഇന്ത്യ മാറിക്കൊണ്ടിരിക്കുകയാണ് എന്ന് വേണം മനസിലാക്കാൻ.
ലോകത്തെ 103 രാജ്യങ്ങളെയും കരസേന, നാവികസേന, മറൈൻ ഏവിയേഷൻ ശാഖകൾ ഉൾപ്പെടെ 129 വ്യോമ സേവനങ്ങളെയുമാണ് റാങ്കിങ്ങിന് പരിഗണിച്ചത്. യുദ്ധവിമാനങ്ങളുടെ എണ്ണം മാത്രമല്ല , ആധുനികവൽക്കരണം, ലോജിസ്റ്റിക്കൽ പിന്തുണ, ആക്രമണം, പ്രതിരോധശേഷി എന്നിവ അടിസ്ഥാനമാക്കി TruVal Rating ഫോർമുലയിലൂടെയാണ് വ്യോമശേഷി നിർണയിക്കുന്നത്. 'വേൾഡ് ഡയറക്ടറി ഓഫ് മോഡേൺ മിലിട്ടറി എയർക്രാഫ്റ്റ്' പ്രകാരം, 242.9 എന്ന ട്രൂവൽ റേറ്റിംഗ് (TVR) ഉള്ള ഏറ്റവും പ്രബലമായ വ്യോമസേന അമേരിക്കയ്ക്കാണ്. 114.2 എന്ന ടിവിആർ നേടിയ റഷ്യയാണ് അമേരിക്കയ്ക്ക് തൊട്ടുപിന്നിൽ. 69.4 എന്ന ടിവിആർ നേടിയ ഇന്ത്യ മൂന്നാം സ്ഥാനത്തും 63.8 എന്ന റേറ്റിംഗോടെ ചൈന നാലാം സ്ഥാനത്തുമാണ്. ജപ്പാൻ , ഇസ്രായേൽ , ഫ്രാൻസ് എന്നിവയാണ് ഏറ്റവും കൂടുതൽ വ്യോമ മേധാവിത്വം പുലർത്തുന്ന മറ്റ് രാജ്യങ്ങൾ.
കാലങ്ങളായി മൂന്നാം സ്ഥാനത്തുണ്ടായിരുന്ന ചൈനയെ ഇന്ത്യ എങ്ങനെ മറികടന്നു? എന്തായിരുന്നു ഇന്ത്യയുടെ നീക്കം? റിപ്പോർട്ടുകൾ പ്രകാരം ചൈനയേക്കാൾ നേരിയ വ്യത്യാസത്തിൽ ആണ് ഇന്ത്യ മുന്നിൽ എത്തിയത്. ചൈനാക്കില്ലാത്ത പല സന്നാഹങ്ങളും ഇന്ത്യക്ക് ഇന്നുണ്ട്. WDMMA അനുസരിച്ച്, ഇന്ത്യൻ വ്യോമസേനയ്ക്ക് 1,716 വിമാനങ്ങളുണ്ടെന്നാണ് കണക്ക്. 31.6 ശതമാനം യുദ്ധവിമാനങ്ങൾ, 29 ശതമാനം ഹെലികോപ്റ്ററുകൾ 21.8 ശതമാനം പരിശീലകർ എന്നിങ്ങനെ ഒരു ബാലൻസ്ഡ് യൂണിറ്റ് തന്നെ ഇന്ത്യൻ വ്യോമസേനയ്ക്ക് ഇന്നുണ്ട്. ചൈന പീപ്പിൾസ് ലിബറേഷൻ ആർമിക്ക് ആണെങ്കിൽ 52.9 ശതമാനവും യുദ്ധവിമാനങ്ങളും 28.4 ശതമാനം പരിശീലകരുമാണുള്ളത്.
കൂടാതെ, ഫ്രഞ്ച് നിർമ്മിത റാഫേൽ വിമാനങ്ങൾ, മിറാഷ് 2000, റഷ്യൻ എസ്‌യു 30, മിഗ് -29, തേജസ് എന്നിവയുൾപ്പെടെയുള്ളവയുടെ ഒരു കൂട്ടം ഇന്ത്യക്കുവേണ്ടി പ്രവർത്തിപ്പിക്കുന്നുന്നുണ്ട്.
സോവിയറ്റ് കാലഘട്ടത്തിലെ അവസാനത്തെ മിഗ് -21 യുദ്ധവിമാനങ്ങൾ ആറ് പതിറ്റാണ്ടുകളായി സേവനമനുഷ്ഠിച്ച ശേഷം, അടുത്തിടെ വിരമിക്കുകയും ചെയ്തിരുന്നു. യഥാർഥത്തിൽ പാകിസ്ഥാൻ, ചൈന എന്നിവയുമായുള്ള യുദ്ധങ്ങളിലും ബാലകോട്ട് വ്യോമാക്രമണങ്ങളിലും സജീവമായി നിന്ന് ഇന്ത്യൻ വ്യോമസേനയുടെ നട്ടെല്ലായി മാറിയതും മിഗ് -21 യുദ്ധവിമാനങ്ങൾ തന്നെയായിരുന്നു. ഓപ്പറേഷൻ സിന്ദൂറിൽ ഇന്ത്യൻ വ്യോമസേനയുടെ പ്രകടനം ആണ് എടുത്തു പറയേണ്ട മറ്റൊരു കാര്യം.ഉന്നം വെച്ച എല്ലാ ലക്ഷ്യങ്ങളും തകർത്തു. ശത്രുവിന് ഒരു ഐഎഎഫ് വിമാനത്തിനും കേടുപാടുകൾ വരുത്താൻ കഴിഞ്ഞില്ല. എന്നാൽ മറുവശത്ത്, ചൈനീസ് വ്യോമസേന വളരെക്കാലമായി ഒരു വലിയ യുദ്ധത്തിലോ സംഘർഷത്തിലോ പങ്കെടുത്തിട്ടില്ല. ശക്തി പ്രത്യക്ഷത്തിൽ തെളിയിക്കാനും ആയില്ല. അതുകൊണ്ടാണ് ഐഎഎഫ് ചൈനയേക്കാൾ ഉയർന്ന റാങ്കിൽ നിൽക്കുന്നത്.
തങ്ങളുടെ വ്യോമസേനയുടെ നവീകരണത്തിനും നൂതന സാങ്കേതികവിദ്യ വികസിപ്പിക്കുന്നതിനുമായി കോടിക്കണക്കിന് രൂപ ചൈന ചിലവഴിക്കുന്നുണ്ട് എങ്കിലും, ലുക്കിൽ അല്ല, വർക്കിൽ ആണ് കാര്യമെന്ന രീതിയാണ് ഇന്ത്യ പിന്തുടരുന്നത്. പൈലറ്റ് വൈദഗ്ദ്ധ്യം, പരസ്പര പ്രവർത്തനക്ഷമത എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ചത് ഇന്ത്യക്ക് നേട്ടം കൈവരിച്ചു എന്ന് തന്നെ വേണം പറയാൻ. ആധുനിക യുദ്ധത്തിലെ ഏറ്റവും നിർണായക ഘടകങ്ങളിലൊന്നാണ് വ്യോമശക്തി. യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ്, ദക്ഷിണേഷ്യ വരെ, യുദ്ധങ്ങളുടെ ഫലം പലപ്പോഴും നിർണ്ണയിക്കുന്നത് ആകാശത്തിന്റെ ഈ നിയന്ത്രണം തന്നെയാണ്. അതിൽ ശക്തമായ ഒരു ചുവടുവെപ്പ് നടത്താൻ ഇന്ത്യക്ക് സാധിച്ചു എന്നത് എടുത്തു പറയേണ്ടത് തന്നെയാണ്.
Content Highlights : How India overtook China in Air Force rankings ?