കണ്ണൂരില്‍ വൃക്ക വാഗ്ദാനം ചെയ്ത് രോഗിയില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടി; തട്ടിയത് നാട്ടുകാര്‍ പിരിച്ചെടുത്ത തുക

വൃക്കരോഗിയായ ഷാനിഫിന് വൃക്ക നല്‍കാനുളള ഡോണറെ നല്‍കാമെന്ന് വിശ്വസിപ്പിച്ച് ആറ് ലക്ഷം രൂപയാണ് തട്ടിയെടുത്തത്

കണ്ണൂരില്‍ വൃക്ക വാഗ്ദാനം ചെയ്ത് രോഗിയില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടി; തട്ടിയത് നാട്ടുകാര്‍ പിരിച്ചെടുത്ത തുക
dot image

കണ്ണൂര്‍: കണ്ണൂരില്‍ വൃക്ക വാഗ്ദാനം ചെയ്ത് രോഗിയില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയതായി പരാതി. ഇരിട്ടിയിലാണ് സംഭവം. പട്ടാന്നൂര്‍ സ്വദേശി ഷാനിഫാണ് തട്ടിപ്പിനിരയായത്. വൃക്കരോഗിയായ ഷാനിഫിന് വൃക്ക നല്‍കാനുളള ഡോണറെ നല്‍കാമെന്ന് വിശ്വസിപ്പിച്ച് ആറ് ലക്ഷം രൂപയാണ് തട്ടിയെടുത്തത്. വീര്‍പാട് സ്വദേശി നൗഫല്‍, നിബിന്‍, ഗഫൂര്‍ എന്നിവര്‍ക്കെതിരെ ആറളം പൊലീസിനാണ് ഷാനിഫ് പരാതി നല്‍കിയത്.

2024 ഡിസംബര്‍ മുതല്‍ ഒക്ടോബര്‍ വരെയുളള കാലയളവിലായിരുന്നു തട്ടിപ്പ്. മൂന്നുലക്ഷം രൂപ പണമായും ബാക്കി മൂന്നുലക്ഷം രൂപ ബാങ്കുവഴിയുമാണ് നല്‍കിയതെന്നാണ് ഷാനിഫ് പറയുന്നത്. നിബിനെ ഡോണറായി പരിചയപ്പെടുത്തിയായിരുന്നു സംഘം തട്ടിപ്പ് നടത്തിയത്. നൗഫല്‍ നിലവില്‍ ഒളിവിലാണ്. ഷാനിഫിന്റെ പരാതിയില്‍ അന്വേഷണം നടക്കുകയാണെന്നും നൗഫലിനായി തിരച്ചില്‍ തുടരുകയാണെന്നും ആറളം എസ്‌ഐ കെ ഷുഹൈബ് അറിയിച്ചു.

കേരളത്തില്‍ പല ഭാഗങ്ങളിലും നൗഫല്‍ സമാനമായ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്നാണ് വിവരം. വൃക്ക തകരാറിലായ ഷാനിഫിന് ആദ്യം നടത്തിയ വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ പരാജയപ്പെട്ടിരുന്നു. മാതാവിന്റെ വൃക്കയായിരുന്നു ഷാനിഫിന് നല്‍കിയത്. വീണ്ടും അസുഖബാധിതനായതോടെ നാട്ടുകാര്‍ ചേര്‍ന്ന് ചികിത്സാ സഹായ നിധി രൂപീകരിച്ചാണ് പണം കണ്ടെത്തിയത്. ഈ പണമാണ് തട്ടിപ്പുസംഘം തട്ടിയെടുത്തത്.

Content Highlights: Complaint of cheating lakhs from patient by promising kidney in Kannur

dot image
To advertise here,contact us
dot image