
കൊച്ചി: മോട്ടോർ വാഹന വകുപ്പിന്റെ വ്യാപക പരിശോധനയിൽ പിടികൂടിയ എയർഹോണുകൾ റോഡ് റോളർ ഉപയോഗിച്ച് നശിപ്പിച്ചു. എറണാകുളം ജില്ലയിൽ മാത്രം 500 ഓളം എയർ ഹോണുകളാണ് പിടികൂടിയത്. മന്ത്രി കെ ബി ഗണേഷ് കുമാറിന്റെ നിർദ്ദേശപ്രകാരമാണ് പരിശോധന നടത്തിയത്. ഒക്ടോബർ 13 മുതൽ 19 വരെയാണ് സംസ്ഥാന വ്യാപകമായി എയർ ഹോൺ പരിശോധന നടന്നത്. എയർ ഹോണുകൾ മുഴക്കി അമിതവേഗതയിൽ സഞ്ചരിച്ച 211 വാഹനങ്ങളാണ് പിടികൂടിയത്.
മോട്ടോർ വാഹന വകുപ്പ് പരിശോധനയിൽ പിടിയിലായ വാഹനങ്ങൾക്ക് 4,48,000 രൂപ പിഴയും ചുമത്തി. പിടിച്ചെടുത്ത എയർ ഹോണുകൾ റോഡ് റോളറും ജെസിബിയും ഉപയോഗിച്ച് നശിപ്പിച്ചു. വാഹനങ്ങളിലെ അനധികൃത എയർ ഹോണുകൾ കണ്ടെത്താൻ സ്പെഷ്യൽ ഡ്രൈവിന് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ നിർദേശം നൽകിയിരുന്നു.
മോട്ടോർ വെഹിക്കിൾ എൻഫോഴ്‌സ്‌മെന്റ് വിഭാഗം മാത്രം ഇത്തരത്തിൽ 53 വാഹനങ്ങളാണ് പിടികൂടിയത്. ആർടിഒമാരുടെ നേതൃത്വത്തിൽ 141 വാഹനങ്ങളും പിടികൂടി. മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള വാഹനങ്ങളിലും എയർ ഹോണുകൾ വ്യാപകമാണ്. ശബ്ദ മലിനീകരണത്തിന് കാരണമാകുന്ന എയർ ഹോണുകൾക്കെതിരെ വരും ദിവസങ്ങളിലും ശക്തമായി നടപടികൾ ഉണ്ടാകും.
Content Highlights: Air horns seized by MVD and destroyed using a road roller