കുട്ടിയെ കിണറ്റിൽ എറിഞ്ഞ് കൊന്ന കേസ്: ഹരികുമാർ ഒന്നാം പ്രതി; ശ്രീതു രണ്ടാം പ്രതി; കുറ്റപത്രം സമർപ്പിച്ചു

കുഞ്ഞിനെ കിണറ്റിലെറിയുന്നത് കണ്ടിട്ടും ശ്രീതു തടഞ്ഞില്ലെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു

കുട്ടിയെ കിണറ്റിൽ എറിഞ്ഞ് കൊന്ന കേസ്: ഹരികുമാർ ഒന്നാം പ്രതി; ശ്രീതു രണ്ടാം പ്രതി; കുറ്റപത്രം സമർപ്പിച്ചു
dot image

തിരുവനന്തപുരം: ബാലരാമപുരത്ത് കുട്ടിയെ കിണറ്റിൽ എറിഞ്ഞ് കൊലപ്പെടുത്തിയ കേസിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. കുട്ടിയുടെ അമ്മാവനായ ഹരികുമാറാണ് ഒന്നാം പ്രതി. അമ്മ ശ്രീതു രണ്ടാം പ്രതിയാണ്. നെയ്യാറ്റിൻകര കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്.

ഇക്കഴിഞ്ഞ ജനുവരി 30ന് പുലർച്ചെയായിരുന്നു അതിക്രൂര കൊലപാതകം നടന്നത്. കോട്ടുകാൽകോണം വാറുവിളാകത്ത് വീട്ടിലാണ് ശ്രീതുവും മകൾ ദേവേന്ദുവും അമ്മയും സഹോദരൻ ഹരികുമാറും താമസിച്ചിരുന്നത്. സംഭവ ദിവസം പുലർച്ചെ ഹരികുമാർ രണ്ട് വയസുകാരിയായ ദേവേന്ദുവിനെ കിണറ്റിലെറിയുകയായിരുന്നു. ഇത് കണ്ടിട്ടും ശ്രീതു തടഞ്ഞില്ലെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.

സംഭവം നടന്ന് പിറ്റേന്ന് തന്നെ ഹരികുമാറിനെ അറസ്റ്റ് ചെയ്തെങ്കിലും എട്ട് മാസത്തിന് ശേഷമാണ് ഫോൺ സന്ദേശമടക്കമുള്ള തെളിവുകളുടെ അടിസ്ഥാനത്തിൽ ശ്രീതുവിനെ കേസിൽ പൊലീസ് പ്രതി ചേർത്തത്. ഫൊറൻസിക് പരിശോധന, നുണപരിശോധനാഫലം എന്നിവയുടെകൂടി അടിസ്ഥാനത്തിലായിരുന്നു പ്രതിചേർക്കൽ. ശ്രീതുവും സഹോദരൻ ഹരികുമാറും തമ്മിലുള്ള വഴിവിട്ട ബന്ധമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് കണ്ടെത്തൽ. സംഭവ ദിവസം ഹരികുമാർ സഹോദരി ശ്രീതുവിനോട് മുറിയിലേക്ക് വരാനായി ശബ്ദസന്ദേശമയച്ചു. മകൾ അടുത്തുണ്ടെന്ന ശ്രീതു തിരികെ സന്ദേശമയച്ചു. ഇതിന് പിന്നാലെ ശ്രീതു വീടിന് പുറത്തുള്ള ശുചിമുറിയിലേക്ക് പോകുന്നതിനിടെ ഹരികുമാർ ഉറങ്ങിക്കിടക്കുകയായിരുന്ന കുഞ്ഞിനെ എടുത്ത് കിണറിനരികെ എത്തി. ഇതു കണ്ട ശ്രീതു കുഞ്ഞിനെ എടുത്ത് എങ്ങോട്ടാണ് പോകുന്നതെന്ന് ചോദിച്ചപ്പോൾ ഇന്നത്തോടെ ഇതിന്റെ ശല്യം തീരും എന്നാണ് ഹരികുമാർ മറുപടി നൽകിയതെന്ന് റിമാൻഡ് റിപ്പോർട്ടിൽ പറഞ്ഞിരുന്നു. കേസിനെ വഴിതിരിച്ചുവിടാനായി കുട്ടിയെ കിണറ്റിലെറിഞ്ഞതിന് പിന്നാലെ വീടിനകത്ത് എത്തി ഹരികുമാർ പെട്രോളൊഴിച്ച് കിടക്ക കത്തിക്കുകയും ചെയ്തിരുന്നു. കുഞ്ഞിനെ കാണാനില്ല എന്ന് പറഞ്ഞതിനെ തുടര്‍ന്ന് നാട്ടുകാരും ബന്ധുക്കളും ചേര്‍ന്ന് നടത്തിയ തിരച്ചിലിലാണ് കുട്ടിയുടെ മൃതദേഹം കിണറ്റില്‍ നിന്ന് കണ്ടെത്തിയത്. ഇരുവരും കുറ്റം സമ്മതിച്ചിരുന്നു. ശ്രീതുവിനെതിരെ സാമ്പത്തിക തട്ടിപ്പ് കേസുകളുമുണ്ട്.

Content Highlights: balaramapuram devendu case; Police filed a chargesheet

dot image
To advertise here,contact us
dot image