ബിഹാറിൽ 'ബിഹാറിയൻ സ്റ്റൈൽ'; സീറ്റ് വിഭജനത്തിൽ രാഹുൽ ഗാന്ധിയുടെ ഇടപെടലുണ്ടായില്ലെന്ന ആക്ഷേപമില്ല: എം എ ബേബി

'കൂടുതൽ സീറ്റുകൾ ആവശ്യപ്പെടാൻ ഇടത് പക്ഷത്തിന് അവകാശമുണ്ട്. എന്നാൽ നിലവിലെ തങ്ങളുടെ സീറ്റ് കണക്കിൽ തൃപ്തരാണ്'

ബിഹാറിൽ 'ബിഹാറിയൻ സ്റ്റൈൽ'; സീറ്റ് വിഭജനത്തിൽ രാഹുൽ ഗാന്ധിയുടെ ഇടപെടലുണ്ടായില്ലെന്ന ആക്ഷേപമില്ല: എം എ ബേബി
dot image

ന്യൂഡൽഹി: ബിഹാർ തെരഞ്ഞെടുപ്പിൽ സംഭവിക്കുന്നത് ബിഹാറിയൻ സ്റ്റൈൽ എന്ന് സിപിഐഎം ജനറൽ സെക്രട്ടറി എം എ ബേബി. ബിഹാറിന് ബിഹാറിന്റേതായ പ്രത്യേകതകളുണ്ട്. എല്ലാ കാര്യങ്ങളും ഒരു ബിഹാറിയൻ സ്റ്റൈലിലാണ് അവിടെ നടക്കുന്നത്. അതിന്റെ ചില പ്രയാസങ്ങൾ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് അടക്കം ഉണ്ടായിട്ടുണ്ട്. കൂടുതൽ സീറ്റുകൾ ആവശ്യപ്പെടാൻ ഇടത് പക്ഷത്തിന് അവകാശമുണ്ട്. എന്നാൽ നിലവിലെ തങ്ങളുടെ സീറ്റ് കണക്കിൽ തൃപ്തരാണ്. കൂടുതൽ അവകാശവാദം ഉന്നയിക്കാനില്ലെന്നും എം എ ബേബി പറഞ്ഞു.

സീറ്റ് വിഷയത്തിലെ ചില ചെറിയ പ്രശ്‌നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ മുന്നണിയിലെ പാർട്ടികളുമായി സംസാരിക്കും. ആർജെഡി നയിക്കുന്ന ഈ സഖ്യകൂട്ടുകെട്ടിന് വലിയ സ്വീകാര്യത ബിഹാറിലുണ്ട്, അഭിമാനകരമായ ഭൂരിപക്ഷം ഈ സഖ്യം നേടുമെന്നും അദ്ദേഹം പറഞ്ഞു.

കോൺഗ്രസിന്റെയോ രാഹുൽ ഗാന്ധിയുടെയോ ഭാഗത്തുനിന്നും വേണ്ടത്ര ശ്രദ്ധയോ ഇടപെടലോ ഉണ്ടായില്ലെന്ന ആക്ഷേപം തങ്ങൾക്കില്ല. തെരഞ്ഞെടുപ്പ് ഫലം വരുമ്പോൾ നിങ്ങൾക്കെല്ലാം ആഹ്ളാദിക്കാൻ കഴിയും. ബിജെപിയുടേയും കൂട്ടുശക്തികളുടെയും പതനത്തിന്റെ തുടക്കം ബിഹാറിൽ നിന്നായിരിക്കുമെന്നും എം എ ബേബി പറഞ്ഞു.

പിഎം ശ്രീ വിവാദത്തിലും എം എ ബേബി പ്രതികരിച്ചു. കേന്ദ്രം മുന്നോട്ടുവെക്കുന്ന ദേശീയ വിദ്യാഭ്യാസ നയം കേരളം അംഗീകരിക്കില്ലെന്നും ഇടതുപക്ഷം അതിനെ തള്ളിക്കളയുകയാണെന്നും എം എ ബേബി പറഞ്ഞു. എൻഇപിയിൽ സംസ്ഥാനത്തിന് ആവശ്യമായ മാറ്റങ്ങൾ വരുത്തിയായിരിക്കും പിഎം ശ്രീ പദ്ധതി നടപ്പാക്കുക. പിഎം ശ്രീ പദ്ധതിയിൽ ചേരുന്നതുമായി ബന്ധപ്പെട്ട് സിപിഐ വിമർശനമുന്നയിച്ച സാഹചര്യത്തിൽ എൽഡിഎഫ് വിഷയം ചർച്ച ചെയ്ത് ഉചിതമായ തീരുമാനമെടുക്കും. സിപിഐഎമ്മിനൊപ്പം പ്രവർത്തിച്ചുപോരുന്ന പാർട്ടിയാണ് സിപിഐ. ആ പാർട്ടിയെ അവഗണിക്കുന്ന നിലപാട് ഉണ്ടാകില്ല. സംസ്ഥാനങ്ങളെ മുഴുവൻ തങ്ങളെ ചൊൽപ്പടിയിൽ കൊണ്ടുവരാനായുള്ള നീക്കമാണ് കേന്ദ്രം നടത്തുന്നത്. എന്നാൽ കേന്ദ്രത്തെ പൂർണമായി അവഗണിച്ച് മുന്നോട്ടുപോകാൻ സംസ്ഥാനങ്ങൾക്ക് പരിമിതിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ജി സുധാകരനുമായി ഉറ്റബന്ധമാണ് ഉള്ളതെന്നും സിപിഐഎമ്മിനോ ഇടതുപക്ഷത്തിനോ എതിരായ ഒരു നിലപാടും അദ്ദേഹത്തിൽനിന്നുണ്ടാകില്ലെന്നും എം എ ബേബി പറഞ്ഞു. കഴിഞ്ഞ ദിവസവും അദ്ദേഹത്തോട് സംസാരിച്ചിരുന്നു ആശയവിനിമയം നടത്തി. അദ്ദേഹം പാർട്ടിയും പ്രസ്ഥാനവവുമായി ഉറച്ചുനിൽക്കുമെന്നും എം എ ബേബി പറഞ്ഞു.

Content Highlights: what is happening in Bihar elections is Bihari style says CPIM General Secretary MA Baby

dot image
To advertise here,contact us
dot image