
ബോളിവുഡിലെ സൂപ്പർഹിറ്റ് യൂണിവേഴ്‌സുകളിൽ ഒന്നാണ് യഷ് രാജ് ഫിലിംസിന്റെ സ്പൈ യൂണിവേഴ്‌സ്. ഈ യൂണിവേഴ്സിലെ ഏറ്റവും പുതിയ സിനിമ ആണ് വാർ 2. മോശം പ്രതികരണം നേടിയ സിനിമ വലിയ പരാജയമാണ് ബോക്സ് ഓഫീസിൽ കാഴ്ചവെച്ചത്. ചിത്രത്തിന്റെ തെലുങ്ക് പതിപ്പും മോശം പ്രതികരണമാണ് നേടിയത്. ഇപ്പോഴിതാ സിനിമയുടെ പരാജയത്തിൽ മനസുതുറക്കുകയാണ് നിർമാതാവ് നാഗ വംശി.
നിർമാതാവ് ആദിത്യ ചോപ്രയെ തങ്ങൾ കണ്ണടച്ച് വിശ്വസിച്ചെന്നും എന്നാൽ ആ തീരുമാനം തെറ്റിയെന്നും നാഗ വംശി പറഞ്ഞു. 'തെറ്റുകൾ ചെയ്യാത്ത മനുഷ്യർ ഉണ്ടോ. ഞങ്ങൾക്ക് തെറ്റുപറ്റി. ഞാനും എൻടിആറും ആദിത്യ ചോപ്ര പോലെ ഒരു വലിയ നിർമാതാവിനെ കണ്ണടച്ച് വിശ്വസിച്ചു. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ നിർമാതാക്കളിൽ ഒരാളാണ് അദ്ദേഹം. അദ്ദേഹത്തെ ഞങ്ങൾ വിശ്വസിച്ചു പക്ഷെ സിനിമ വർക്ക് ആയില്ല', നാഗ വംശിയുടെ വാക്കുകൾ.
വലിയ പരാജയമാണ് വാർ 2 ബോക്സ് ഓഫീസിൽ ഏറ്റുവാങ്ങിയത്. 80 കോടി നൽകിയാണ് സിനിമയുടെ തെലുങ്ക് പതിപ്പ് നാഗ വംശി സ്വന്തമാക്കിയിരുന്നത്. എന്നാൽ 50.8 കോടി മാത്രമാണ് സിനിമയ്ക്ക് അവിടെ നിന്നും നേടാനായത്. ബോക്സ് ഓഫീസിലെ സിനിമയുടെ തകർച്ച കണക്കിലെടുത്ത് യഷ് രാജ് ഫിലിംസ് നാഗ വംശിയ്ക്ക് നഷ്ടപരിഹാരം നൽകിയിരുന്നു. 22 കോടി രൂപയാണ് യഷ് രാജ് ഫിലിംസ് നാഗ വംശിക്ക് മടക്കിനൽകിയത്. തെലുങ്ക് സംസ്ഥാനങ്ങളിൽ നിന്ന് മാത്രം വാർ 2 100 കോടിയിലധികം നേടുമെന്ന് നിർമ്മാതാവ് ഉറപ്പിച്ചിരുന്നു, എന്നാൽ ഈ പ്രതീക്ഷകൾ അസ്ഥാനത്താക്കിയായിരുന്നു സിനിമയുടെ പ്രകടനം.
Producer Naga Vamsi admits He and NTR trusted Aditya Chopra and and Yashraj films blindly about #War2 and it Misfired Badly! pic.twitter.com/7K4zmwVHPq
— AndhraBoxOffice.Com (@AndhraBoxOffice) October 21, 2025
400 കോടി ബജറ്റിൽ എത്തിയ ചിത്രം മുടക്കു മുതൽ പോലും നേടാനാകാതെ തിയേറ്ററിൽ വീണു. സിനിമയുടെ വി എഫ് എക്സ് നിരാശയാണെന്നും എന്നാൽ സിനിമയുടെ ക്ലൈമാക്സ് മികച്ചു നിൽക്കുന്നുണ്ടെന്നും ആരാധകർ പറഞ്ഞിരുന്നു. സിനിമയിലെ ചില സീനുകൾക്ക് ട്രോളും ലഭിച്ചിരുന്നു. സ്പൈ യൂണിവേഴ്സിന്റെതായി നേരത്തെ പുറത്തിറങ്ങിയ സിനിമകളെ ഓർമിപ്പിക്കുന്ന തരത്തിലുള്ള മേക്കിങ് ആണ് വാറിന്റേതെന്നും ഔട്ട്ഡേറ്റഡ് ആയി തോന്നുന്നു എന്നുമാണ് ആരാധകർ അഭിപ്രായപ്പെട്ടിരുന്നത്.
Content Highlights: Producer naga vamsi about War 2 failure