
തിരുവനന്തപുരം: പൊലീസ് ട്രെയിനി ആനന്ദിന്റെ മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് മനുഷ്യാവകാശ കമ്മീഷന്‍. ആനന്ദിന്റെ അമ്മ ചന്ദ്രിക നല്‍കിയ പരാതിയെ തുടര്‍ന്നാണ് മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടല്‍. സംഭവത്തില്‍ അന്വേഷണം നടത്തി നാലാഴ്ച്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കമ്മീഷന്‍ ഡിജിപിക്ക് നിര്‍ദേശം നല്‍കി. ആനന്ദിന്റെ മരണത്തിലെ ദുരൂഹത ചൂണ്ടിക്കാണിച്ചാണ് അമ്മ മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കിയത്.
സെപ്റ്റംബർ 18നാണ് പേരൂര്‍ക്കട എസ്എപി ക്യാമ്പില്‍ ആനന്ദിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആനന്ദിന്റെ മരണത്തില്‍ ദുരൂഹത ആരോപിച്ച് അന്ന് തന്നെ കുടുംബം രംഗത്തെത്തിയിരുന്നു. പേരൂര്‍ക്കട ക്യാമ്പില്‍ വച്ച് ആനന്ദ് മാനസിക- ശാരീരിക പീഡനത്തിന് ഇരയായിട്ടുണ്ടെന്ന് കുടുംബം ആരോപിച്ചിരുന്നു. മരണ ശേഷം ആനന്ദിന്റെ ശരീരത്തില്‍ കണ്ടെത്തിയ മുറിവുകളില്‍ സംശയമുണ്ടെന്നും ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും ആനന്ദിന്റെ അമ്മ ആവശ്യപ്പെട്ടിരുന്നു.
പേരൂര്‍ക്കട എസ്എപി ക്യാമ്പില്‍ മരിച്ച നിലയില്‍ കണ്ടെത്തുന്നതിന് രണ്ട് ദിവസങ്ങള്‍ക്ക് മുന്‍പ് ആനന്ദ് കൈ ഞരമ്പ് മുറിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ചിരുന്നു. തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ആരോഗ്യനില പുരോഗമിച്ചപ്പോള്‍ ക്യാമ്പിലേക്ക് തിരികെ കൊണ്ടുവന്നു. ഇതിന് പിന്നാലെയാണ് ആനന്ദിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
Content Highlight; Human Rights Commission demands inquiry into police trainee Anand's death