
ആലപ്പുഴ: സംസ്ഥാന സർക്കാരിനെതിരെ പരോക്ഷ വിമർശനവുമായി സിപിഐഎം മുതിർന്ന നേതാവും മുൻ മന്ത്രിയുമായ ജി സുധാകരൻ. കുറവുകളില്ലെന്ന് പറഞ്ഞ് അഹങ്കരിക്കരുത്. കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ ഈഗോയിസം ഒട്ടും പാടില്ലെന്നാണെന്ന് ജി സുധാകരൻ പറഞ്ഞു. ഓൾ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷൻ മേഖല സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സുധാകരൻ.
കേരളം വളരെയേറെ വികാസം പ്രാപിച്ച പുരോഗമിച്ച സംസ്ഥാനമാണ്. അതെല്ലാം ശരിയായ കാര്യങ്ങളാണ്. പക്ഷെ നമുക്ക് കുറവൊന്നുമില്ല എന്ന് നാം അഹങ്കരിക്കരുത്, അതാണ് പ്രശ്‌നം. നമ്മൾ പെർഫെക്ടാണ് എന്ന് പറയുന്നതാണ് പുതിയ രീതി. കുറവുണ്ടെന്ന് പറഞ്ഞാൽ അത് കുഴപ്പമായി. അതിനെ അഹംഭാവം എന്നാണ് പറയുന്നത്. താനെന്ന ഭാവമാണത്. കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ ഈഗോയിസം ഒട്ടും പാടില്ലെന്നാണ്. താനെന്ന ഭാവം ഒട്ടും പാടില്ലെന്ന് പറയുന്ന പ്രസ്ഥാനമാണ് കമ്മ്യൂണിസ്റ്റ് പാർട്ടി. നമ്മുടെ കുറവുകളെ കുറിച്ച്കൂടി മനസിലാക്കണമെന്നും ജി സുധാകരൻ പറഞ്ഞു.
പാർട്ടിയുമായി ഇടഞ്ഞുനിൽക്കുന്ന ജി സുധാകരനെ അനുനയിപ്പിക്കാൻ നേതാക്കൾ ശ്രമിക്കുന്നുണ്ടെങ്കിലും അടുക്കാത്ത മട്ടിലാണ് നേതാവ്. പ്രായത്തിന്റെ പേരിൽ പാർട്ടി ചുമതലകളിൽ നിന്ന് ഒഴിവാക്കപ്പെട്ടത് മുതൽ സിപിഐഎം നേതൃത്വത്തിനെതിരെ ജി സുധാകരൻ പരസ്യ പ്രതികരണം നടത്തിയിരുന്നു. ഏറെ നാളായി സുധാകരനെ പാർട്ടി പരിപാടികളിൽ നിന്ന് ജില്ലാ നേതൃത്വം അകറ്റിനിർത്തിയതുകൂടി ആയപ്പോള്‍ പാർട്ടിയോട് അകലം പാലിക്കുകയാണ് അദ്ദേഹം.
പലപ്പോഴായി സർക്കാരിനെയും പാർട്ടിയെയും പ്രതിസന്ധിയിലാക്കും വിധം പ്രതികരണങ്ങളും അദ്ദേഹം നടത്തി. ജി സുധാകരൻ പാർട്ടിയോട് ചേർന്ന് പോകണമെന്ന സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കൂടിയായ മന്ത്രി സജി ചെറിയാന്റെ പ്രസ്താവനയോട് കടുത്ത ഭാഷയിലാണ് അദ്ദേഹം പ്രതികരിച്ചത്. ക്ഷണം ലഭിച്ചിട്ടും കുട്ടനാട്ടിൽ കഴിഞ്ഞ ദിവസം നടന്ന വി എസ് അച്യുതാനന്ദൻ സ്മാരക പുരസ്‌കാരദാന ചടങ്ങിൽ നിന്ന് പോലും അദ്ദേഹം വിട്ടുനിന്നിരുന്നു.
Content Highlights: G Sudhakaran indirectly criticizes the state government