
തിരുവനന്തപുരം: ഭഗവാന്റെ ഒരു തരി പൊന്നായാലും സ്വത്തായാലും നഷ്ടപ്പെടുന്നത് വേദനാജനകമാണെന്നും അത് എത്രയും പെട്ടെന്ന് തിരിച്ച് പിടിച്ച് കുറ്റവാളികൾക്ക് പരമാവധി ശിക്ഷ നൽകണമെന്നും തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത്. കോടതിയുടെ നിരീക്ഷണത്തിലുള്ള അന്വേഷണത്തിൽ പൂർണ വിശ്വാസമുണ്ട്. നഷ്ടപ്പെട്ട സ്വത്തുക്കൾ വീണ്ടെടുക്കാനും കുറ്റക്കാർക്ക് ശിക്ഷ വാങ്ങിക്കൊടുക്കാനും അന്വേഷണ സംഘത്തിന് കഴിയുമെന്നും പ്രശാന്ത് പറഞ്ഞു.
തിരുവിതാംകൂർ ദേവസ്വം ബോർഡിന് എതിരായും ബോർഡിന് കീഴിലെ ക്ഷേത്രങ്ങളെ കേന്ദ്രീകരിച്ചും ചില സമര പരമ്പരകൾ അരങ്ങേറുന്നതും ജീവനക്കാരെ ആക്രമിക്കുന്നതും ദൗർഭാഗ്യകരമാണ്. അന്വേഷണത്തിനായി പ്രത്യേക അന്വേഷണ സംഘത്തിന് നൽകിയിട്ടുള്ള ആറ് ആഴ്ച ക്ഷമിച്ച്, അന്വേഷണ ഏജൻസിയോടും ദേവസ്വം ബോർഡിനോടും സഹകരിക്കാൻ കേരളത്തിലെ പ്രതിപക്ഷ നേതാവ് ഉൾപ്പടെയുള്ളവർ തയ്യാറാകണം. കോടതിയുടെ നിരീക്ഷണത്തിലുള്ള അന്വേഷണത്തിൽ വിശ്വാസമില്ലെന്നാണെങ്കിൽ പ്രതിപക്ഷ നേതാവ് അത് വ്യക്തമാക്കണം. അതല്ല സിബിഐ വരണമെന്നാണെങ്കിൽ അത് പറയണമെന്നും പ്രശാന്ത് മാധ്യമങ്ങളോട് പറഞ്ഞു.
നഷ്ടപ്പെട്ട സ്വത്ത് തിരിച്ചുപിടിക്കണമെന്നാണ് സർക്കാരിന്‍റെയും ബോർഡിന്‍റെയും നിലപാട്. പ്രതിപട്ടികയിൽ ഉൾപ്പെട്ട വിരമിച്ച ഉദ്യോഗസ്ഥർക്ക് വിശദീകരണ നോട്ടീസ് നൽകും. 10 ദിവസത്തിനകം ഇവർ വിശദീകരണം നൽകണം. വിശദീകരണം ലഭിച്ചതിന് ശേഷം ചട്ടപ്രകാരം ഇവർക്കെതിരെ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
1998 ൽ പൂശിയ സ്വർണമാണത്. അവിടന്ന് ഇങ്ങോട്ട് എല്ലാവരും പെർഫെക്ട് ആയിരുന്നോ? അങ്ങനെ ആയിരുന്നെങ്കിൽ ഇങ്ങനെ നടക്കില്ലായിരുന്നു. 1998 മുതൽ ഞങ്ങളുടെ കാലം വരെയുള്ള കാര്യങ്ങൾ അന്വേഷിക്കണം. എന്തെല്ലാം ചെയ്തിട്ടുണ്ടോ അതെല്ലാം പുറത്തുവരണം. 2019ന് ശേഷം മാത്രം അന്വേഷിച്ചാൽ മതിയോ? 2000ത്തിലും 2007ലും 2011ലും 2016ലും നടന്ന കാര്യങ്ങളെ കുറിച്ച് അന്വേഷിക്കണ്ടേ. എന്തൊക്കെയാണ് ഇവിടെ നടന്നിട്ടുള്ളത്. അന്ന് ഉള്ളവരെല്ലാം വിശുദ്ധരാണ് ഞങ്ങളെല്ലാം കൊള്ളക്കാരാണ് എന്ന മട്ടിൽ പ്രചാരണം നടത്തുന്നത് ആടിനെ പട്ടിയാക്കുന്നതിന് തുല്യമാണെന്നും പ്രശാന്ത് പറഞ്ഞു.
Content Highlights: Devaswom Board President P S Prashanth reacts in special investigation on Sabarimala gold theft