വ്യാജ തൊഴിൽ പരസ്യങ്ങൾ വ്യാപകം; ജാ​ഗ്രത പാലിക്കണമെന്ന് ഒമാൻ തൊഴിൽ മന്ത്രാലയം

തൊഴില്‍ മന്ത്രാലയത്തിന് കീഴില്‍ വരുന്ന ജോലി ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ മറ്റ് ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.

വ്യാജ തൊഴിൽ പരസ്യങ്ങൾ വ്യാപകം; ജാ​ഗ്രത പാലിക്കണമെന്ന് ഒമാൻ തൊഴിൽ മന്ത്രാലയം
dot image

ഒമാനില്‍ വ്യാജ തൊഴില്‍ പരസ്യങ്ങള്‍ വ്യാപകമാകുന്നു. സമൂഹമാധ്യമങ്ങളിലും മറ്റ് ഓണ്‍ലൈന്‍ പ്ലാറ്റ് ഫോമുകളിലും പ്രത്യക്ഷപ്പെടുന്ന വ്യാജ പരസ്യങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് തൊഴില്‍ മന്ത്രാലയം പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി. സമൂഹമാധ്യമങ്ങളില്‍ ഉള്‍പ്പെടെ വ്യാജ തൊഴില്‍ പരസ്യങ്ങള്‍ വ്യാപകമാകുന്ന പശ്ചാത്തലത്തിലാണ് തൊഴില്‍ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്.

പാര്‍ട്ട് ടൈം ജോലിക്ക് ഉള്‍പ്പെടെ ഒഴിവുകള്‍ ഉണ്ടെന്ന രീതിയിലായണ് പരസ്യങ്ങള്‍. ആകര്‍ഷകമായ ശമ്പളവും പരസ്യങ്ങളിലൂടെ വാഗ്ദാനം ചെയ്യുന്നു. തൊഴില്‍ മന്ത്രാലയത്തിന്റെ പേരില്‍ വരെ വ്യാജ പരസ്യങ്ങള്‍ സജീവമാണ്. എന്നാല്‍ തട്ടിപ്പുകളില്‍ വീഴരുതെന്നും ജോലിക്ക് അപേക്ഷിക്കുന്നതിന് പരസ്യങ്ങളുടെ ആധികാരികത പരിശോധിക്കണമെന്നും തൊഴില്‍ മന്ത്രാലയം പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. തൊഴില്‍ മന്ത്രാലയത്തിന് കീഴില്‍ വരുന്ന ജോലി ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ മറ്റ് ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.

തൊഴില്‍ അവസരങ്ങള്‍ കണ്ടെത്താന്‍ ഔദ്യോഗിക പ്ലാറ്റ്‌ഫോമുകളെ മാത്രം ആശ്രയിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു. തൊഴില്‍ മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ഇതുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ ലഭ്യമാണ്.

സ്വകാര്യ വിവരങ്ങളും പണവും തട്ടിയെടുക്കുകയാണ് തട്ടിപ്പ് സംഘങ്ങളുടെ ലക്ഷ്യം. ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ഉള്‍പ്പെടെ സ്വന്തമാക്കാന്‍ ഇത്തരക്കാര്‍ക്ക് കഴിയും. ഇതിന് പുറമെ തൊഴിലന്വേഷകര്‍ നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഇരയാകാനുളള സാധ്യതയുണ്ടെന്നും മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. അത് പിന്നീട് വലിയ നിയമ നടപടികളിലേക്കും നയിച്ചേക്കാം. വ്യാജ തൊഴില്‍ തട്ടിപ്പ് സംഘത്തിന്റെ ശൃംഘല വളരെ വലുതാണെന്നും രാജ്യത്തിന് പുറത്ത് നിന്നാണ് പല വെബ്‌സൈറ്റുകളും പ്രവര്‍ത്തിക്കുന്നതെന്നും അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.

Content Highlights: Fake job advertisements are widespread in Oman

dot image
To advertise here,contact us
dot image