'Gen Z'യെ ഭയന്ന് രാജ്യം വിട്ട് മഡഗാസ്‌കര്‍ പ്രസിഡന്റ്; നേപ്പാളിനെയും മൊറോക്കോയെയും മാതൃകയാക്കുന്ന പ്രക്ഷോഭം

നേപ്പാളിലും ഇന്തോനേഷ്യയിലും മൊറോക്കോയിലും കണ്ട അതേ പ്രതിഷേധം ഇപ്പോള്‍ മഡഗാസ്കറിലും. ലോകത്ത് മറ്റൊരു സൈനിക അട്ടിമറിക്കുള്ള സാധ്യതയാണോ കാണുന്നത് ?

'Gen Z'യെ ഭയന്ന് രാജ്യം വിട്ട് മഡഗാസ്‌കര്‍ പ്രസിഡന്റ്; നേപ്പാളിനെയും മൊറോക്കോയെയും മാതൃകയാക്കുന്ന പ്രക്ഷോഭം
ഹർഷ ഉണ്ണികൃഷ്ണൻ
1 min read|14 Oct 2025, 09:52 pm
dot image

ഏകദേശം മൂന്ന് ആഴ്ചയായി പ്രക്ഷുബ്ധമാണ് ഈ ആഫ്രിക്കന്‍ രാജ്യം. ഈ അടുത്തിടെ കണ്ട ഏറ്റവും വലിയ കലാപം അരങ്ങേറുകയാണ് മഡഗാസ്‌കര്‍ എന്ന ഈ രാജ്യത്ത്. വൈദ്യുതി ഇല്ല, കുടിവെള്ളമില്ല, ഉന്നത വിദ്യാഭ്യാസത്തിലേക്കുള്ള പ്രവേശനം ലഭിക്കുന്നില്ല, ഉയര്‍ന്ന ജീവിതച്ചെലവ്, സര്‍ക്കാര്‍ ഉദ്യോഗസ്ഥരും അവരുടെ കുടുംബാംഗങ്ങളും പൊതു ഫണ്ട് ദുരുപയോഗം ചെയ്യുന്നു അഴിമതി നടത്തുന്നു ഉള്‍പ്പെടെയുള്ള നിരവധി വിഷയങ്ങള്‍ ഉന്നയിച്ചാണ് പ്രതിഷേധക്കാര്‍ പ്രസിഡന്റിനെതിരെ തെരുവിലിറങ്ങിയത്. സെപ്റ്റംബര്‍ 25നാണ് മുന്‍ ഫ്രഞ്ച് കോളനിയായ മഡഗാസ്‌കറില്‍ യുവാക്കളുടെയും വിദ്യാര്‍ഥികളുടെയും? നേതൃത്വത്തില്‍ പ്രതിഷേധം ആരംഭിച്ചത്. പ്രതിഷേധത്തില്‍ പെട്ട് നിരവധി പേര്‍ മരിക്കുകയും ഡസന്‍ കണക്കിന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഐക്യരാഷ്ട്രസഭ പറയുന്നു എങ്കിലും ഈ വാദം എതിര്‍ക്കുകയാണ് മഡഗാസ്‌കര്‍ സര്‍ക്കാര്‍. നേപ്പാളിലും കെനിയയിലെ ഇന്തോനേഷ്യയിലും മൊറോക്കോയിലെ ഈ അടുത്തിടെ കണ്ട അതേ പ്രതിഷേധം, ജെൻ സി പ്രതിഷേധം, ഇപ്പോള്‍ മഡഗാസ്‌കറിനെയും പിടിച്ചു കുലുക്കിയെന്നു തന്നെ വേണം പറയാന്‍.

മൂന്നാഴ്ചകള്‍ക്ക് മുന്‍പ് ചെറിയ രീതിയില്‍ ഉള്ള പ്രതിഷേധമായി തുടങ്ങി പിന്നീടത് കത്തി പടരുകയായിരുന്നു. സൈന്യത്തില്‍ ഒരുവിഭാഗം കൂറുമാറുകയും പ്രക്ഷോഭകാരികള്‍ക്കൊപ്പം ചേരുകയും ചെയ്തതിന് പിന്നാലെ പ്രസിഡന്റ് ആന്‍ഡ്രി രജോലിന മഡഗാസ്‌കര്‍ വിട്ടതായി റിപ്പോര്‍ട്ടുകളും വന്നു. പ്രസിഡണ്ട് ഇപ്പോള്‍ എവിടെ ആണെന്ന് ഒരു പിടിയും ഇല്ല എന്നും ഒരു ഫ്രഞ്ച് സൈനിക വിമാനത്തില്‍ ആണ് ഓടി ഒളിച്ചത് എന്നുമൊക്കെയാണ് പുറത്തു വരുന്ന റിപോര്‍ട്ടുകള്‍. എന്നാല്‍ താന്‍ സുരക്ഷിതനാണെന്ന് പ്രസിഡണ്ട് അറിയിച്ചു എന്നാണ് പറയപ്പെടുന്നത്. നിയമവിരുദ്ധമായും ബലപ്രയോഗത്തിലൂടെയും അധികാരം പിടിച്ചെടുക്കാനുള്ള ശ്രമം രാജ്യത്ത് നടന്നതായി നേരത്തെ പുറത്തിറക്കിയ പ്രസ്താവനയില്‍ പ്രസിഡന്റ് പറഞ്ഞിരുന്നതാണ്. അതിനു ശേഷം പ്രക്ഷോഭം ആളിക്കത്തിയതിനെ തുടര്‍ന്ന് പ്രസിഡന്റ് പൊതുവേദികളില്‍ പ്രത്യക്ഷപ്പെട്ടിരുന്നില്ല. പിന്നീട് പെട്ടെന്നു അപ്രത്യക്ഷനാവുകയും ചെയ്തു.

ഒരു വർഷം മുന്‍പ് ബംഗ്ലാദേശില്‍ നമ്മള്‍ കണ്ടതിൻ്റെ തനിയാവർത്തനം, പ്രതിഷേധക്കാരെ ഭയന്ന് രാജ്യം വിട്ട് ഓടുന്ന ഭരണാധികാരി, അതാണ് ഈ ആഫ്രിക്കന്‍ രാജ്യത്തില്‍ നിന്നും നമുക്ക് കാണാന്‍ സാധിക്കുന്നത്. ഇപ്പോള്‍ നടന്ന ഈ അട്ടിമറി ശ്രമത്തിന് തുടക്കം കുറിച്ചത് ആരാണെന്ന് ഇതുവരെ തെളിഞ്ഞിട്ടില്ല. എന്നാല്‍ ഒരിക്കല്‍ രജോലിനയെ അധികാരത്തില്‍ കൊണ്ടുവന്ന എലൈറ്റ് കാപ്‌സാറ്റ് സൈനിക യൂണിറ്റിലെ അംഗങ്ങള്‍ അവരുടെ പിന്തുണ പിന്‍വലിക്കുകയും പ്രക്ഷോഭകാരികള്‍ക്കൊപ്പം നിലയുറപ്പിക്കുകയും ചെയ്തതോടെയാണ് സ്ഥിതിഗതികള്‍ വഷളായത്. ജെന്‍ സി പ്രതിഷേധങ്ങള്‍ക്ക് അവരുടെ കൂടെ നിലകൊണ്ട സൈന്യം, സായുധ സേനയുടെ നിയന്ത്രണം ഏറ്റെടുത്തതായാണ് റിപ്പോര്‍ട്ട്. അത് പ്രകാരം സൈന്യത്തിന്റെ എല്ലാ വിഭാഗത്തിൻ്റെയും ഉത്തരവുകൾ ഇനി കാപ്‌സാറ്റ് ആസ്ഥാനത്തു നിന്നായിരിക്കും വരുന്നത് എന്ന് അവര്‍ പറയുകയും ചെയ്തു.

ഇനി മഡഗാസ്‌കര്‍ എന്ന ഈ രാജ്യത്തെ കുറിച്ചും പ്രതിഷേധങ്ങള്‍ക്കൊടുവില്‍ നാട് വിട്ട പ്രസിഡന്റിനെ കുറിച്ചും വിശദമായി പറയാം. ആഫ്രിക്കയുടെ കിഴക്കന്‍ തീരത്ത് സ്ഥിതി ചെയ്യുന്ന ഒരു ദ്വീപ് രാഷ്ട്രമാണ് മഡഗാസ്‌കര്‍. ഏകദേശം 31 ദശലക്ഷത്തിലധികം ജനസംഖ്യയുള്ള രാജ്യം 80 ശതമാനവും കടുത്ത ദാരിദ്ര്യത്തില്‍ ആണ്. രാഷ്ട്രീയ പ്രതിസന്ധികളുടെ വലിയൊരു ചരിത്രം തന്നെ ഇവര്‍ക്കുന്നുണ്ട്. 1960-ല്‍ ഫ്രാന്‍സില്‍ നിന്ന് സ്വാതന്ത്ര്യം നേടിയതിനുശേഷം നിരവധി നേതാക്കളെ പ്രക്ഷോഭങ്ങളുടെ ഫലമായി രാജ്യത്തു നിന്ന് പുറത്താക്കിയിട്ടുണ്ട്. വ്യവസ്ഥാപരമായ അഴിമതി, പൊതുഫണ്ടിന്റെ ദുരുപയോഗം, സ്വജനപക്ഷപാതം, അടിസ്ഥാന സേവനങ്ങളും വിദ്യാഭ്യാസവും ലഭ്യമാകുന്നതിലെ പരാജയങ്ങള്‍, ഊര്‍ജ്ജസ്വലമായ ജനാധിപത്യം എന്നിവ വര്‍ഷങ്ങള്‍ ആയി ഉന്നയിക്കപ്പെടുന്ന പ്രശ്‌നങ്ങള്‍ ആണ്. മഡഗാസ്‌കറിന്റെ തലസ്ഥാനമായ അന്റാനനാരിവോയുടെ മേയറായിരിക്കെ സര്‍ക്കാരിനെതിരെ പ്രതിഷേധങ്ങള്‍ക്ക് നേതൃത്വം നല്‍കിയതിന് ശേഷം 2009-ല്‍ ആണ് രജോലിന ആദ്യമായി പ്രശസ്തിയിലേക്ക് ഉയര്‍ന്നത്. അന്ന് വന്‍ സെക പിന്തുണയും രജോലിനക്കുണ്ടായിരുന്നു. പിന്നീട്, 2018-ല്‍, അദ്ദേഹം പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു, തുടര്‍ന്ന് 2023-ല്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ വോട്ടെടുപ്പ് ബഹിഷ്‌കരിച്ചപ്പോള്‍ വീണ്ടും ആ സ്ഥാനത്തെത്തി. ഇതാണ് മഡഗാസ്‌കറിന്റെ ഒരു ചരിത്രം.

Madagascar president

ഇപ്പോള്‍ നടക്കുന്ന ഈ ജെന്‍ സി പ്രതിഷേധത്തില്‍ എടുത്തു കാണിക്കുന്നത് മറ്റൊരു കാര്യമാണ്. പ്രതിഷേധത്തിന്റെ പതാകയില്‍ കാണുന്ന കടല്‍ക്കൊള്ളക്കാരുടെ തലയോട്ടിയും ക്രോസ്സ്ബോണുകളും ഉള്ള ചിഹ്നം. ജാപ്പനീസ് കോമിക് പരമ്പരയായ വണ്‍ പീസില്‍ നിന്നുള്ള ചിത്രം ആഗോളതലത്തില്‍ ജെന്‍ സി പ്രതിഷേധങ്ങളുടെ കേന്ദ്രബിന്ദുവായി ഇന്ന് മാറിയിരിക്കുകയാണ്. നേപ്പാളിലെയും കെനിയയിലെയും മറ്റു രാജ്യങ്ങളിലെയും ജെന്‍ സി പ്രതിഷേധത്തിലും പൊതുവേ കാണപ്പെട്ടതാണീ ചിഹ്നം.ഇത്തരം ഗ്രൂപ്പിന് സ്വന്തമായി ഒരു വെബ്സൈറ്റും, സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ സാന്നിധ്യവും, പണം സ്വരൂപിക്കുന്നതിനായി ഒരു പേജും ഉണ്ട്. 'മഡഗാസ്‌കറിനായി, യുവാക്കള്‍ നടത്തുന്ന രാഷ്ട്രീയ പ്രസ്ഥാനം' അവരുടെ വെബ്സൈറ്റ് തലക്കെട്ട് തന്നെ ഇങ്ങനെയാണ്.

ആഫ്രിക്കയില്‍ നിന്ന് ഏഷ്യയിലേക്കും ലാറ്റിന്‍ അമേരിക്കയിലേക്കും എല്ലാം വ്യാപിച്ചുകൊണ്ടിരിക്കുന്ന ഈ ജെന്‍ സി പ്രതിഷേധം അഴിമതി, സാമ്പത്തിക ബുദ്ധിമുട്ടുകള്‍, സാമൂഹിക അസമത്വം എന്നിവയ്ക്കെതിരെ നടത്തുന്ന പ്രകടനം തന്നെയാണ് എന്നത് വ്യക്തമാണ്. ഒരു രാജ്യത്തെ മുഴുവന്‍ അട്ടിമറിച്ച് നടത്തുന്ന പ്രതിഷേധത്തില്‍ തീരുമാനം എടുക്കാനാകാതെ നട്ടം തിരിയുന്ന നേതാക്കളെയും നാം കാണുന്നതാണ്. നിലവില്‍ മഡഗാസ്‌കറിന്റെ നിയമം അനുസരിച്ച് രാജ്യത്തിന്റെ നിയന്ത്രണം താല്‍ക്കാലികമായി സെനറ്റ് പ്രസിഡന്റിന്റെ കൈകളില്‍ ആയിരിയ്ക്കും ഉണ്ടാവുക. എന്നാല്‍ സൈന്യവും പ്രതിപക്ഷവും രാജ്യത്ത് സജീവമായ പങ്കുവഹിക്കുന്നതിനാല്‍, രാഷ്ട്രീയ സ്ഥിതി അനിശ്ചിതത്വത്തിലാണ്.മഡഗാസ്‌കര്‍ തിരഞ്ഞെടുപ്പിലേക്ക് നീങ്ങുമോ അതോ നീണ്ടുനില്‍ക്കുന്ന അധികാര പോരാട്ടത്തിലേക്കോ നീങ്ങുമോ എന്ന് വരും ദിവസങ്ങള്‍ നിര്‍ണ്ണയിക്കും.

Content Highlights: President of Madagascar flees to ‘safe location’ amid deadly protests

dot image
To advertise here,contact us
dot image